കണ്ണൂർ: മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ കഴിഞ്ഞ പത്തു വർഷങ്ങൾക്കിടയിൽ നടന്ന സ്ഥിര നിയമനങ്ങൾ സംബന്ധിച്ച് വിജിലൻസ് അന്വേഷണത്തിന് വകുപ്പ് മന്ത്രി ഉത്തരവിട്ടു. ചട്ടങ്ങൾക്ക് വിരുദ്ധമായുള്ള നിയമനങ്ങൾ നടന്നിട്ടുണ്ടെന്ന് കാണിച്ച് യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് വിജിൽ മോഹൻ ദേവസ്വം മന്ത്രി കെ. മുരളീധരന് നൽകിയ പരാതിയെ തുടർന്നാണ് നടപടി.
ഹൈക്കോടതി വിധികളും മലബാർ ദേവസ്വം ബോർഡ് കമ്മീഷണറുടെ 2010 ഒക്ടോബർ 15ലെ സർക്കുലറും കാറ്റിൽപ്പറത്തിയാണ് നിയമനങ്ങൾ നടത്തിയതെന്നാണ് പരാതി. കൂടാതെ നിയമനങ്ങൾ നടത്തുന്നത് സംബന്ധിച്ച് അപേക്ഷ ക്ഷണിച്ചില്ലെന്നും പത്രങ്ങളിൽ പരസ്യം നൽകുകയോ ചെയ്യാതെ പ്രസിദ്ധമായ ശ്രീ രാജരാജേശ്വര ക്ഷേത്രത്തിലടക്കം രാഷ്ട്രീയപ്രേരിതമായി നിരവധി പേർക്ക് സ്ഥിരനിയമനം നൽകുകയും ഭരണസ്വാധീനം ഉപയോഗിച്ച് ബോർഡിന്റെ അംഗീകാരം നേടിയെടുക്കുകയും ചെയ്തിട്ടുണ്ടെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
ഇത്തരത്തിൽ എ ഗ്രേഡ്, സൂപ്പർ ഗ്രേഡ്, ഗ്രേഡ്-ഒന്ന്, രണ്ട് വിഭാഗങ്ങളിൽ പെടുന്ന പ്രമുഖ ക്ഷേത്രങ്ങളിൽ രാഷ്ട്രീയപ്രേരിതമായി പിൻവാതിൽ നിയമനം നടത്തിയെന്നും വിജിൽ മോഹനൻ പറഞ്ഞു. നിയമവിരുദ്ധമായി നടപ്പിലാക്കിയ മുഴുവൻ പിൻവാതിൽ നിയമനങ്ങളും റദ്ദാക്കണമെന്നും, പത്രപ്പരസ്യം നൽകി യോഗ്യതയുടെ അടിസ്ഥാനത്തിൽ പുതിയ നിയമനങ്ങൾ നടത്തണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്.