പ്രതീകാത്മക ചിത്രം
പേരൂർക്കട: പൂജപ്പുര സ്റ്റേഷൻ പരിധിയിലെ ഒരു ബാറിനെതിരേ വ്യാപകമായ പരാതി നിലനിൽക്കെ കഴിഞ്ഞ ഒരു മാസത്തിനിടെ ബാറുമായി ബന്ധപ്പെട്ടു രജിസ്റ്റർ ചെയ്തത് അഞ്ചു കേസുകൾ. തിരുമലയിൽ പ്രവർത്തിച്ചുവരുന്ന ബാറിനെതിരേയാണ് പരാതികൾ ഉയരുന്നത്. രാത്രി 11 നു ശേഷം ബാറുകൾ പ്രവർത്തിപ്പിക്കാൻ അനുമതിയില്ലെന്നിരിക്കെ 12 മണി കഴിഞ്ഞാലും ബാർ അടയ്ക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്.
അതേസമയം തങ്ങൾ നിസ്സഹായരാണെന്നും ബാറിൽ എത്തുന്നവർ തിരികെ പോകുന്നതു വൈകുന്നതുകൊണ്ടാണ് ബാർ അടയ്ക്കാൻ കാലതാമസം നേരിടുന്നത് എന്നുമാണ് ബാർ മാനേജർ പറയുന്നത്. കൃത്യസമയത്ത് ബാർ അടക്കുകയാണെങ്കിൽ മദ്യപാനികളുടെ ശല്യവും ആക്രമണവും നേരിടേണ്ടി വരുമെന്ന് ഇവർ ഭയപ്പെടുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ അഞ്ച് കേസുകളാണ് പൂജപ്പുര പോലീസ് രജിസ്റ്റർ ചെയ്തത്.
മദ്യപിച്ച് ലക്കുകെട്ട് അസമയത്ത് പരസ്പരം അസഭ്യം പറയുകയും കുപ്പികൾ എടുത്ത് തലയ്ക്കടിക്കുകയും ചെയ്ത സംഭവങ്ങളാണ് ഇവ. പൂജപ്പുര പോലീസ് നിരന്തരം ബാർ അധികൃതർക്ക് മുന്നറിയിപ്പ് നൽകുന്നുണ്ടെങ്കിലും തങ്ങൾ നിസ്സഹായരാണ് എന്നുള്ള നിലപാടിലാണ് ഇവർ. വിഷയം സിറ്റി പോലീസ് കമ്മീഷണറുടെ ശ്രദ്ധയിൽ അടിയന്തരമായി പതിയേണ്ടതുണ്ട്..
Tags : Nattuvisesham DistrictNews DeepikaNews case