പ്രതീകാത്മക ചിത്രം
എടക്കര: നാടുകാണി ചുരം പാതയോരങ്ങള്‍ കൂടുതല്‍ ഹരിതാഭമാക്കാന്‍ പുതിയ പദ്ധതിയുമായി വഴിക്കടവ് വനം റേഞ്ച് അധികൃതര്‍. ചുരം പാതിയിലെ ആകര്‍ഷകരമായ കാഴ്ചകളിലെന്നായിരുന്നതും പാതയോരത്ത് തിങ്ങി നിറഞ്ഞിരുന്നതുമായ മുളങ്കൂട്ടങ്ങള്‍ പുന:ഃസൃഷ്ടക്കാനുള്ള പദ്ധതിയാണ് നെല്ലിക്കുത്ത് ഫോറസ്റ്റ് സ്റ്റേഷന് ഉദ്യോഗസ്ഥര്‍ നടപ്പാക്കുന്നത്.
2024ല്‍ നാടുകാണി വനമേഖലയിലെ മുളകള്‍ മുഴുവന്‍ പൂത്ത് ഉണങ്ങിപ്പോയിരുന്നു. പുല്ല് വര്‍ഗത്തില്‍പ്പെട്ട മുളകള്‍ പൂത്ത് മുളയരിയാകുന്നതോടെ പൂര്‍ണമായി നശിച്ചുപോകുകയാണ് പതിവ്. ആനകളുടെ പ്രധാന ആഹാരമാണ് മുളകള്‍.
വനത്തില്‍ മുളകള്‍ ഇല്ലാതായതോടെയാണ് വഴിക്കടവ് പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ കാട്ടാനകളുടെ ശല്യം രൂക്ഷമായത്. ഇതിന് പരിഹാരമായി നെല്ലിക്കുത്ത് ഫോറസ്റ്റ് സ്റ്റേഷനിലെ വെള്ളക്കട്ട വനസംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് മുളകള്‍ വച്ച് പിടിപ്പിക്കുന്ന പ്രവൃത്തിക്ക് തുടക്കമായത്.
വഴിക്കടവ് ഗ്രാമപഞ്ചായത്ത് വിബിജി റാംജി പദ്ധതിയുമായി ചേര്‍ന്നാണ് പ്രവൃത്തി ആരംഭിച്ചിട്ടുള്ളത്.
വനംവകുപ്പിന്റെ വള്ളുവശേരി സെന്‍ട്രല്‍ നഴ്സറിയില്‍ ശാസ്ത്രീയമായി വികസിപ്പിച്ചെടുത്ത രണ്ടുവര്‍ഷം പ്രായമായ ആയിരത്തോളം മുളത്തൈകളാണ് ചുരത്തിലെ തകരപ്പാടി മുതലുള്ള വനത്തില്‍ വച്ചുപിടിപ്പിക്കുന്നത്.
പ്രവൃത്തി ഉദ്ഘാടനം ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ വി. രാജേഷ് വഴിക്കടവ് ഗ്രാമപഞ്ചായത്ത് അംഗം ഗോപിനാഥന് തൈകള്‍ കൈമാറി നിര്‍വഹിച്ചു.
വെള്ളക്കട്ട വനസംരക്ഷണ സമിതി സെക്രട്ടറി പി.എം. അയ്യൂബ്, വനപാലകരായ കെ. സലാഹുദ്ദീന്, കെ. ജയരാജന്, എന്‍.പി. പ്രദീപ്കുമാര്‍, ടി. ദൃശ്യ, പി. മനോജ് എന്നിവര്‍ നേതൃത്വം നല്കി.
Tags : Nattuvisesham DistrictNews DeepikaNews Elephant