ചാലിയാറിന്റെ ശാന്തിതീരം കടവിൽ നടന്ന കർക്കടക വാവുബലി.
മലപ്പുറം: കർക്കടകവാവ് ദിനത്തിൽ പതിനായിരങ്ങൾ ബലിതർപ്പണം നടത്തി. പിതൃപുണ്യവുമായി ജില്ലയിലെ വിവിധ ക്ഷേത്രക്കടവുകളിലാണ് ഭക്തർ ബലിയിട്ടത്. ത്രിമൂർത്തി സംഗമ സ്ഥാനമായ തിരുനാവായ നവാമുകുന്ദ ക്ഷേത്രത്തിൽ വൻതിരക്കാണ് ഇന്നലെ അനുഭവപ്പെട്ടത്. പുലർച്ചെ രണ്ടിന് 15 കർമികളുടെ നേതൃത്വത്തിലാണ് ബലിതർപ്പണ ചടങ്ങുകൾ ആരംഭിച്ചത്.
കഴിഞ്ഞയാഴ്ച പെയ്ത കനത്ത മഴയിൽ ഭാരതപ്പുഴയിൽ ജലനിരപ്പ് ഉയർന്നിരുന്നെങ്കിലും കഴിഞ്ഞ ദിവസങ്ങളിലെ അന്തരീക്ഷം ശാന്തമായിരുന്നതിനാൽ കടവുകളിൽ തന്നെ ബലിതർപ്പണ ചടങ്ങ് നടന്നു.
ദേവസ്വം വൻ സുരക്ഷയാണ് ബലിയിടാൻ കടവിലേക്കിറങ്ങുന്ന ഭക്തർക്ക് ഒരുക്കിയിരുന്നത്. തിരൂർ ഡിവൈഎസ്പി എ.എം. സിദ്ദീഖ്, എസ്എച്ച്ഒ അനിൽ ടി. മേപ്പള്ളി എന്നിവരുടെ നേത്യത്വത്തിൽ മുന്നൂറോളം പൊലിസുകാർ, അഗ്നിരക്ഷാ സേനാവിഭാഗം, ദേവസ്വം വോളണ്ടിയർമാർ, ആരോഗ്യ പ്രവർത്തകർ, കെഎസ്ഇബി ജീവനക്കാർ, മുങ്ങൽ വിദഗ്ധർ, സേവാഭാരതി പ്രവർത്തകർ, പൊലിസ് വോളണ്ടിയർമാർ എന്നിവർ അണിനിരന്നിരുന്നു.
തിരയ്ക്ക് കുറയ്ക്കാൻ ക്ഷേത്രകൗണ്ടറിന് പുറമേ ഗാന്ധി സ്മാരകത്തിന് സമീപത്തും ക്ഷേത്രത്തിന്റെ പടിഞ്ഞാറ് വശത്തും കൗണ്ടറുകൾ പ്രവർത്തിച്ചു. ഗതാഗത നിയന്ത്രണവും കാര്യക്ഷമമായി.
എടക്കര: ചുങ്കത്തറ അന്പലപ്പൊയിൽ മണ്ണാത്തി ക്ഷേത്രത്തിന്റെ നേതൃത്വത്തിൽ കർക്കടക വാവുബലി ശാന്തിതീരം കടവിൽ ഭക്തിനിർഭരമായ ചടങ്ങുകളോടെ നടന്നു. ചാലിയാറിന്റെ തീരത്ത് നടന്ന ബലിതർപ്പണത്തിൽ നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു.
കുന്നത്ത് വിഷ്ണുവും മണ്ണാത്തിയിൽ ശിവനും വള്ളുവശേരിയിൽ ബ്രഹ്മവും സംഗമിക്കുന്ന പുണ്യഭൂമിയെന്ന വിശ്വാസമുള്ള ശാന്തിതീരം കടവിലാണ് പിതൃസ്മരണയ്ക്കായി ബലിതർപ്പണം നടന്നത്. സി.വി. സുബ്രഹ്മണ്യൻ കർമികത്വം വഹിച്ചു. പുലർച്ചെ മുതൽ നിരവധി ഭക്തജനങ്ങൾ ബലിതർപ്പണത്തിനായി ശാന്തിതീരം കടവിൽ എത്തിച്ചേർന്നു.
ചടങ്ങുകൾക്ക് എം.പി. അഭിലാഷ്, മോഹനൻ, വിജയൻ വയക്കര, എം.പി. സുന്ദരൻ, പി. ശിവദാസൻ, അയ്യപ്പൻ എന്നിവർ നേതൃത്വം നൽകി.
Tags : Nattuvisesham DistrictNews DeepikaNews ancestors.