പൊന്‍കുഴിയില്‍ പിതൃതര്‍പ്പണം നടത്താനെത്തിയവര്‍.
മാനന്തവാടി: പിതൃമോക്ഷത്തിന് തര്‍പ്പണം നടത്താന്‍ കര്‍ക്കടക വാവുദിനത്തില്‍ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തില്‍ ആയിരങ്ങളെത്തി. ദര്ഭയ്ക്കൊപ്പം കൂവ ഇലയില്‍ പൊതിഞ്ഞ എള്ളും ഇലയും അരിയും ചന്ദനവും തുളസിയുമായി പാപനാശിനിയില്‍ മുങ്ങി ഈറനായെത്തിയ വിശ്വാസികള്‍ വാധ്യാന്മാര് ചൊല്ലിക്കൊടുത്ത മന്ത്രം ഏറ്റുചൊല്ലി. ഏഴ് തലമുറകള്‍ക്ക് ബലിയിട്ട് പിതൃമോക്ഷത്തിന് പ്രാര്‍ഥിച്ചു.
പുലര്‍ച്ചെ മൂന്നിനു പാപനാശിനിക്കരയില്‍ തുടങ്ങിയ ബലിതര്‍പ്പണം ഉച്ചവരെ നീണ്ടു.
തിരുനെല്ലി ക്ഷേത്രം കീഴ്ശാന്തി മേച്ചിലോട്ട് ബപ്പിലേരിയില്ലം സുബ്രഹ്മണ്യന് എമ്പ്രാന്തിരി, ഡി.കെ. അച്യുതശര്മ, അരിങ്ങോട്ടില്ലം രാമചന്ദ്രന് നമ്പൂതിരി, കൊല്ലപ്പള്ളി മഠം, ദാമോദരന്‍ പോറ്റി, കൊല്ലപ്പള്ളി മഠം ശ്രീധരന് പോറ്റി, കൊല്ലപ്പള്ളി മഠം ശംഭു പോറ്റി, താഴെയില്ലം രാമചന്ദ്രശര്‍മ, താഴെയില്ലം ജനാര്ദനശര്മ, ഉല്ലാസ് നമ്പൂതിരി, അരിങ്ങോട്ടില്ലം രഞ്ജിത്ത് നമ്പൂതിരി എന്നിവര്‍ ബലിതര്‍പ്പണത്തിനു കാര്‍മികത്വം വഹിച്ചു. ക്ഷേത്രത്തില്‍ പൂജകളില്‍ മേല്‍ശാന്തി ഇ.എന്‍. കൃഷ്ണന് നമ്പൂതിരി മുഖ്യകാര്‍മികനായി.
ദേവസ്വം പാരമ്പര്യ ട്രസ്റ്റി പി.ബി. കേശവദാസ്, എക്സിക്യുട്ടീവ് ഓഫിസര്‍ കാനത്തില്‍ സജീവന്, മാനേജര്‍ പി.കെ. പ്രേമചന്ദ്രന് എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. ഉഷ വിജയന് എംഎല്‍എ, മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഒ.കെ. വാസു എന്നിവര്‍ രാവിലെ ക്ഷേത്രത്തിലെത്തി ഒരുക്കം വിലയിരുത്തി.
ക്ഷേത്രത്തിലെത്തിയവര്‍ക്ക് ദേവസ്വം ലഘുഭക്ഷണം നല്കി. ടൗണില്‍നിന്നു കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകള്‍ തിരുനെല്ലിയിലേക്കും തിരിച്ചും സര്‍വീസ് നടത്തി. വിദൂരദിക്കുകളില്നിന്നുള്ള വിശ്വാസികളില്‍ ഏറയും സ്വകാര്യ വാഹനങ്ങളിലാണ് ബലിയിടാന്‍ എത്തിയത്. തലേന്ന് തിരുനെല്ലിയില്‍ എത്തിയവരും നിരവധിയാണ്. മഴ മാറിനിന്നതിനാല്‍ വിശ്വാസികള്‍ പ്രയാസമില്ലാതെ ബലിതര്‍പ്പണം നടത്തി മടങ്ങി.
സുല്‍ത്താന്‍ ബത്തേരി: പൊന്‍കുഴി ശ്രീരാമക്ഷേത്രത്തില്‍ കര്‍ക്കടക വാവുബലി ദിനത്തില്‍ പിതൃതര്‍പ്പണം നടത്തിയത് ആയിരങ്ങള്‍. പുലര്‍ച്ചെ മൂന്നര മുതലാണ് പൊന്‍കുഴി ശ്രീരാമക്ഷേത്രത്തില്‍ ബലിതര്‍പ്പണ ചടങ്ങുകള്‍ ആരംഭിച്ചത്.
തുടക്കം മുതല്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ഒരേ സമയം 500പേര്‍ക്ക് ഇരിക്കാവുന്ന ബലിത്തറ ക്ഷേത്രാങ്കണത്തില്‍ ഒരുക്കിയിരുന്നു. ശക്തമായ സുരക്ഷ സംവിധനവും ക്ഷേത്ര പരിസരത്ത് ഒരുക്കിയിരുന്നു. പുഴയിലടക്കം അഗ്നിരക്ഷാസേനയുടെ നേതൃത്വത്തില്‍ വടം കെട്ടിതിരിച്ചാണ് സുരക്ഷയും ഒരുക്കിയത്.
ബത്തേരി തഹസില്‍ദാരുടെ നേതൃത്വത്തില്‍ പഞ്ചായത്ത്, പോലീസ്, അഗ്നിരക്ഷാ സേന, വനം, ആരോഗ്യം തുടങ്ങി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. കെഎസ്ആര്‍ടിസിയും സ്വകാര്യബസുകളും രാവിലെ മൂന്ന് മുതല്‍ ബത്തേരിയില്‍ നിന്നും പൊന്‍കുഴിയിലേക്ക് സ്പെഷല്‍ സര്‍വീസ് നടത്തി.
അതിര്‍ത്തി സംസ്ഥാനങ്ങളായ കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നടക്കം നൂറുകണക്കിനാളുകളാണ് പിതൃതര്‍പ്പണത്തിനായി പൊന്കുഴിയിലെത്തിയത്. ക്ഷേത്രം മേല്‍ശാന്തി ശ്രീരംഗനാഥ് ബയലായുടെ നേതൃത്വത്തില്‍ നടത്തിയ ബലികര്‍മ്മങ്ങള്‍ ഉച്ചയ്ക്ക് ഒന്നോടെയാണ് പൂര്‍ത്തിയായത്.
പുല്‍പ്പള്ളി: ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തില്‍ കര്‍ക്കടകവാവുദിനത്തില്‍ ബലിതര്‍പ്പണത്തിന് എത്തിയത് നൂറുകണക്കിനാളുകള്‍.
ഷാജി ശാന്തി ആലമറ്റത്തില്, രാജു ശാന്തി പാലാ എന്നിവര്‍ ചടങ്ങില്‍ മുഖ്യകാര്‍മികരായി. ക്ഷേത്രത്തില്‍ മഹാഗണപതിഹോമം, തിലഹവനം, വിശേഷങ്ങള്‍ ഗുരുപൂജ, വഴിപാടുകള്‍ എന്നിവ നടന്നു. ബലിതര്‍പ്പണത്തിന് എത്തിയ ഭക്തര്‍ക്ക് ലഘുഭക്ഷണം നല്കി. എസ്എന്‍ഡിപി യൂണിയന് ചെയര്മാന് എന്‍.കെ. ഷാജി, കണ്‍വീനര്‍ സജി കോടിക്കുളത്ത്, എ.ആര്. കരുണാകരന്, പി.എന്‍. സുന്ദരന്‍ ഏരിയപ്പള്ളി, സി.എസ്. ജനാര്ദനന്, സി.എസ്. സുരേഷ്, രാംജിത്ത് മണല്‍വയല്‍, മോഹനന് വാരിശേരി, രാജ്മോഹന്‍ കോട്ടിലിങ്കല്‍, ടി.കെ. ജയന്, ബിന്ദു ഷിബു പൂഴിക്കൊല്ലി, മിനി ശിവരാജന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
മീനങ്ങാടി: മലക്കാട് മഹാദേവക്ഷേത്രത്തില്‍ കര്‍ക്കടകവാവ് ദിനത്തില്‍ ബലിതര്പ്പണംനടത്തി. പുലര്‍ച്ചെ അഞ്ചിന് ആരംഭിച്ച ചടങ്ങിന് പുല്‍പ്പള്ളി കരിയാത്തുംപാറ സുധീഷ് ശാന്തി നേതൃത്വം നല്കി.
നിരവധിയാളുകളാണ് ബലിതര്‍പ്പണത്തിന് എത്തിയത്. ക്ഷേത്ര സമിതി പ്രസിഡന്റ് പി.ടി. ഗോപാലക്കുറുപ്പ്, സെക്രട്ടറി രവി ചേനാല്‍ എന്നിവര്‍ നേതൃത്വം നല്കി.
Tags : Nattuvisesham DistrictNews DeepikaNews Pitru Tarpanam