കോട്ടയം തിരുനക്കര പ്രൈവറ്റ് ബസ് സ്റ്റാഡിലെ ബസ് ബേയുടെ കോണ്‍ക്രീറ്റ് തകര്‍ന്ന നിലയില്‍.
കോട്ടയം: തിരുനക്കര ബസ് സ്റ്റാന്‍ഡിനുള്ളിലെ കോണ്‍ക്രീറ്റ് പൊളിഞ്ഞു നിരവധി കുഴികള്‍ രൂപപ്പെട്ടതോടെ യാത്രക്കാര്‍ക്കു ദുരിതം. കഴിഞ്ഞയാഴ്ചകളില്‍ പെയ്ത കനത്ത മഴയിലാണ് സ്റ്റാന്‍ഡിനുള്ളില്‍ ബസുകള്‍ കടന്നുപോകുന്ന ഭാഗത്തെ കോണ്‍ക്രീറ്റ് ചെയ്തിരിക്കുന്ന ഭാഗങ്ങളില്‍ കൂടുതല്‍ കുഴികളുണ്ടായത്.
കുഴികളില്‍ ചെളിവെള്ളം നിറഞ്ഞു കെട്ടിക്കിടക്കുകയാണ്. ചില ഭാഗത്തെ കോണ്ക്രീറ്റുകള് പൊളിഞ്ഞു കമ്പികള്‍ പുറത്തു കാണപ്പെടുന്ന വിധത്തിലാണ്. ഈ കമ്പികള്‍ കാല്‍നടയാത്രക്കാരും ഇതുവഴി കടന്നു പോകുന്ന ബസുകള്‍ക്കും വലിയ ഭീഷണിയാണ്. ഉയര്ന്നുനില്ക്കുന്ന കമ്പികള്‍ പലപ്പോഴും ബസുകളുടെ ടയറില്‍ കൊള്ളുന്നുണ്ടെന്ന് ബസ് ജീവനക്കാര്‍ പറഞ്ഞു.
കുഴികളില്‍ മലിനജലം കെട്ടിക്കിടക്കുന്നതിനാല്‍ കാല്‍നടയാത്ര സാധിക്കാത്ത സ്ഥിതിയാണ്. ദിവസവും നൂറുകണക്കിനു ബസുകള്‍ കടന്നുപോകുന്ന പ്രധാന ബസ് സ്റ്റാന്‍ഡിനാണ് ഈ ദുരവസ്ഥ. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നിരവധിയാളുകളാണ് ദിവസവും ബസ് സ്റ്റാന്‍ഡില്‍ വന്നുപോകുന്നത്.
സ്റ്റാൻഡിൽ കുഴികൾ രൂപപ്പെട്ട് ഗർത്തങ്ങളായിട്ടും ഇത് അടയ്ക്കാന്‍ നഗരസഭാ അധികൃതര്‍ തയാറായിട്ടില്ല. അടിയന്തരമായി സ്റ്റാന്‍ഡിനുള്ളില്‍ രൂപപ്പെട്ടിരിക്കുന്ന കുഴികള്‍ അടയ്ക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
Tags : Nattuvisesham DistrictNews DeepikaNews