പ്രതീകാത്മക ചിത്രം
വടശേരിക്കര: കേരള സർക്കാരിന്റെ 100 ദിന കർമപരിപാടിയുടെ ഭാഗമായി വനം വന്യജീവി വകുപ്പ് നടത്തുന്ന ഡിവിഷൻ തല അദാലത്തുകളുടെ ഭാഗമായി റാന്നി വനം ഡിവിഷൻ അദാലത്ത് ഇന്നു രാവിലെ 10.30ന് വടശേരിക്കര വനം റേഞ്ച് ഓഫീസ് കോൺഫറൻസ് ഹാളിൽ നടത്തും.
വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട നഷ്ടപരിഹാര അപേക്ഷകൾ, എൻഒസി ലഭിക്കുന്നതിനുള്ള അപേക്ഷകൾ, വനം വകുപ്പിൽ നിന്നും ലഭിക്കേണ്ട മറ്റു സേവനങ്ങളുമായി ബന്ധപ്പെട്ട പരാതികൾ എന്നിവ അദാലത്തിൽ സ്വീകരിക്കുകയും അദാലത്തിലൂടെ ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുകയും ചെയ്യും.
അദാലത്തിന്റെ ഉദ്ഘാടനം പഴകുളം മധു എംഎൽഎ നിർവഹിക്കും. കെ.യു. ജനീഷ് കുമാർ എംഎൽഎ അധ്യക്ഷത വഹിക്കും. പത്തനംതിട്ട, ജില്ല ലീഗൽ സർവീസ് അഥോറിറ്റി സെക്രട്ടറി, സിവിൽ ജഡ്ജ് ആനി വർഗീസ് വനം വകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നിയമ സഹായം സംബന്ധിച്ച് ക്ലാസ് നയിക്കും. ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളിലെ പ്രസിഡന്റുമാരും ജനപ്രതിനിധികളും വിവിധ വകുപ്പ് ഉദ്യോഗസ്ഥന്മാരും അദാലത്തിൽ പങ്കെടുക്കും. അർഹരായവർ തങ്ങളുടെ പരാതികളും അപേക്ഷകളും ബന്ധപ്പെട്ട രേഖകളും സഹിതം അദാലത്തിൽ പങ്കെടുക്കണമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു.