പ്രതീകാത്മക ചിത്രം
പത്തനംതിട്ട: മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ വിദ്യാർഥികളുടെ പേരിൽ ഗുണ്ടകൾ നടത്തുന്ന വിളയാട്ടവുമായി ബന്ധപ്പെട്ടു പോലീസ് നടപടികൾ ശക്തമാക്കും. പകൽ സമയത്ത് പോലീസ് പട്രോളിംഗ് ശക്തമാക്കാനും ഡ്യൂട്ടിക്ക് ആളെ നിയോഗിക്കാനും നിർദേശം. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ തുടർച്ചയായ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് പോലീസ് സ്വീകരിച്ച നിഷ്ക്രിയത്വത്തിനെതിരേ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. വ്യാപാരികളടക്കം പ്രതിഷേധവുമായി രംഗത്തെത്തിയതിനു പിന്നാലെയാണ് ഇടപെടൽ നടത്താൻ പോലീസ് തീരുമാനിച്ചത്.
വിദ്യാർഥികളുടെ പേരിൽ ഗുണ്ടകൾ ബസ് സ്റ്റാൻഡിൽ വിളയാടുകയാണെന്ന് വ്യാപാരികൾ ആരോപിച്ചു. മദ്യം, മയക്കുമരുന്ന് മാഫിയ ബസ് സ്റ്റാൻഡ് പരിസരം കൈയടക്കിയിരിക്കുകയാണെന്നും ആരോപണമുണ്ട്. കഴിഞ്ഞദിവസം വൈകുന്നേരം യൂണിഫോം ധരിച്ചെത്തിയ കുട്ടികളും ധരിക്കാത്തവരും തമ്മിലാണ് സംഘർഷമുണ്ടായത്. ചേരിതിരിഞ്ഞുള്ള ഏറ്റുമുട്ടലിൽ വ്യാപാരികൾക്ക് വൻ നഷ്ടം നേരിട്ടു. കടകളിലെ സാധനങ്ങൾ എടുത്തെറിഞ്ഞും തല്ലിയുടച്ചുമായിരുന്നു പോർവിളി. ബേക്കറിയിലെ കുപ്പികളും ഗ്ലാസുകളും വലിച്ചെറിഞ്ഞു. സംഘർഷം രൂക്ഷമായിട്ടും പോലീസ് എത്തിയില്ലെന്ന് ആക്ഷേപമുണ്ട്. ബസ് സ്റ്റാൻഡിലെ പോലീസ് എയ്ഡ് പോസ്റ്റിൽ മിക്കദിവസങ്ങളിലും ഡ്യൂട്ടിക്ക് ആളുണ്ടാകാറില്ല.
മുൻപും ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് വൈകുന്നേരങ്ങളിൽ വിദ്യാർഥികൾ ചേരിതിരിഞ്ഞ് ആക്രമണം നടത്തിയിട്ടുണ്ട്. ഇതേത്തുടർന്ന് സിസിടിവി സ്ഥാപിക്കുകയും പിങ്ക് പോലീസിനെ അടക്കം നിയോഗിക്കുകയും ചെയ്തതാണ്. കൺട്രോൾ റൂം ഉദ്യോഗസ്ഥർ ഇന്നലെ മുതൽ ബസ് സ്റ്റാൻഡ് പരിസരത്ത് നിരീക്ഷണം ശക്തമാക്കി. പിങ്ക് പോലീസിനെയും നിയോഗിച്ചിട്ടുണ്ട്.
പത്തനംതിട്ട മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ തുടർച്ചയായുണ്ടാകുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കാൻ നടപടിയുണ്ടാകണമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി ആവശ്യപ്പെട്ടു. നഗരത്തിന്റെ പലഭാഗങ്ങളിലും വ്യാപാര സ്ഥാപനങ്ങൾക്ക്നേരേ ആക്രമണം വർധിച്ചുവരികയാണ്. പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്നും വ്യാപാരികൾക്കു സംരക്ഷണം നൽകണമെന്നും സംഘടന ആവശ്യപ്പെട്ടു.