സിജിൻ പീറ്റർ ഡിക്സൺ പീറ്റർ
ഉള്ളൂർ: മെഡിക്കൽ കോള ജ് അത്യാഹിത വിഭാഗത്തിൽ അതിക്രമിച്ചു കയറി കുത്തിവയ്പിനുള്ള സൂചികൾ മോഷ്ടിച്ച പ്രതികൾ പിടിയിൽ. കൊല്ലം മുളങ്കാടകം മല്യകുളങ്ങര എം സി ആർഎ 36-ൽ സിജിൻ പീറ്റർ (37), കൊല്ലം മുണ്ടയ്ക്കൽ എൽ പി സ്കൂളിനു സമീപം പീറ്റർ കോട്ടേജിൽ ഡിക്സൺ പീറ്റർ (47) എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾ അത്യാഹിത വിഭാഗത്തിലെ യെല്ലോ സോണിലെ നഴ്സിംഗ് ഡ്യൂട്ടി റൂമിൽ സൂക്ഷിച്ചിരുന്ന കുത്തിവയ്പിനുള്ള സൂചി അടങ്ങുന്ന ബോക്സ് ഉൾപ്പെടെ മോഷ്ടിക്കുകയായിരുന്നു.
പ്രതികളെ കണ്ടു സംശയം തോന്നിയ സുരക്ഷാ ജീവനക്കാർ ചോദ്യം ചെയ്തപ്പോൾ ചികിത്സ തേടിയെത്തിയതാണെന്ന് മറുപടി നൽകി. തുടർന്ന് ഒപി ടിക്കറ്റ് ചോദിച്ചപ്പോൾ ഇപ്പോൾ കൈവശമില്ലെന്ന് പറഞ്ഞു. ആശുപത്രി ജീവനക്കാർ ഉടൻതന്നെ മെഡിക്കൽ കോളജ് പോലീസിൽ അറിയിക്കുകയായിരുന്നു. ഇതിനിടെ സംഭവസ്ഥലത്തുനിന്നു രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ പോലീസ് പിടികൂടി. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.