തുറവൂർ: അടയ്ക്ക വാങ്ങിയതിൽ 31 ലക്ഷത്തിന്റെ കണക്കിൽ ഉരുണ്ടുകളി. ചേർത്തല തെക്ക് പഞ്ചായത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് കൃഷിയാവശ്യത്തിനായി അടയ്ക്ക വാങ്ങിയതിൽ അഴിമതിയാരോപണം ശക്തമാകുന്നു. പഞ്ചായത്തിനോ ഭരണസമിതിക്കോ ബന്ധമില്ലാത്ത വിഷയത്തിൽ അടയ്ക്ക വാങ്ങാൻ ഇടനില നിന്ന ചിലർക്കെതിരേയാണ് ആരോപണം.
അടയ്ക്ക ഒന്നിന് ഒമ്പത് രൂപ നിരക്കിലാണ് തൊഴിലാളികൾക്ക് ഇവർ വാങ്ങി നൽകിയത്. 3.50 ലക്ഷം അടയ്ക്കയാണ് ഇത്തരത്തിൽ വാങ്ങി വാർഡുകളിൽ തൊഴിലാളികൾക്ക് കൃഷി ചെയ്യാനായി നൽകിയത്. ഇത് 31.50 ലക്ഷം രൂപയുടെ അടയ്ക്ക വരും.
സമീപ പഞ്ചായത്തുകളിൽ ആറ് രൂപയ്ക്കും ചേർത്തല തെക്ക് പഞ്ചായത്തിലെതന്നെ ഒരു വാർഡിൽ തൊഴിലാളികൾ സ്വന്തം നിരക്കിൽ ആറു രൂപയ്ക്കും അടയ്ക്ക വാങ്ങിയിട്ടുണ്ട്. ഇതോടെയാണ് അഴിമതിയാരോപണവുമായി ചിലർ രംഗത്തെത്തിയത്.
അതേസമയം നാടൻ അടയ്ക്കയാണ് ആറു രൂപയ്ക്ക് ചിലർ വാങ്ങിച്ചതെന്നും തങ്ങൾ കൊടുത്ത അടയ്ക്ക മംഗള ഇനത്തിൽ പെട്ടതാണെന്നും അതിന് ഒമ്പതു രൂപ നിരക്ക് ഉണ്ടെന്നും ബില്ല് കൈവശമുണ്ടെന്നുമാണ് ആരോപണ വിധേയർ വിശദീകരിക്കുന്നത്.