അൽഫോൻസാ തീർഥാടനത്തിൽ പങ്കെടുത്ത തീർഥാടകർ കുടമാളൂർ അൽഫോൻസാ ജന്മഗൃഹത്തിൽ പ്രാർഥനയിൽ.
കുടമാളൂർ: ചങ്ങനാശേരി അതിരൂപതാ ചെറുപുഷ്പ മിഷൻ ലീഗിന്റെ നേതൃത്വത്തിൽ നടന്ന 38 -ാമത് അൽഫോൻസാ തീർഥാടനം ഭക്തിസാന്ദ്രമായി. കനത്ത മഴയെ അവഗണിച്ചും കുടമാളൂരിലെ അൽഫോൻസാ ജന്മഗൃഹത്തിലേക്ക് തീർഥാടക പ്രവാഹമായിരുന്നു.പുലർച്ചെ 5.30ന് തീർഥാടന പദയാത്രകൾ ആരംഭിച്ചു. കുടമാളൂർ മേഖല തീർഥാടനമാണ് ആദ്യം ജന്മഗൃഹത്തിൽ എത്തിയത്. തുടർന്ന് കുടമാളൂർപള്ളി ആർച്ച്പ്രീസ്റ്റ് ഫാ.ഡോ. ജോയി ജോർജ് മംഗലത്തിലിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു.
മാർ ജോസഫ് പെരുന്തോട്ടം സന്ദേശം നൽകി.അതിരമ്പുഴ മേഖല തീർഥാടനം ജന്മഗൃഹത്തിലെത്തിയ ശേഷം നടന്ന വിശുദ്ധ കുർബാനയ്ക്ക് ഫൊറോന വികാരി ഫാ. മാത്യു പടിഞ്ഞാറേക്കുറ്റ് മുഖ്യകാർമികത്വം വഹിച്ചു. ഫാ. ഡോ. മാണി പുതിയിടം സന്ദേശം നൽകി.കോട്ടയം, നെടുംകുന്നം, മണിമല, തൃക്കൊടിത്താനം, ചെങ്ങന്നൂർ മേഖലകളിലെ തീർഥാടകരുടെ പദയാത്ര കുടമാളൂർ പള്ളിയിലെത്തി വിശുദ്ധ കുർബാന അർപ്പിച്ചു.
മണിമല മേഖല ഡയറക്ടർ ഫാ. തോമസ് മണിയഞ്ചിറ മുഖ്യകാർമികത്വം വഹിച്ചു.എടത്വ, ആലപ്പുഴ, ചമ്പക്കുളം, പുളിങ്കുന്ന്, മുഹമ്മ മേഖലകളിലെ തീർഥാടകർ മാന്നാനം ആശ്രമ ദേവാലയത്തിൽ സംഗമിച്ച് വിശുദ്ധ ചാവറയച്ചന്റെ കബറിടത്തിൽ പ്രാർഥിച്ചു. പ്രിയോർ ഫാ. ജോസഫ് വട്ടപ്പറമ്പിൽ പ്രാർഥന നയിച്ചു. തീർഥയാത്ര അൽഫോൻസാ ജന്മഗൃഹത്തിലെത്തി നടത്തിയ വിശുദ്ധ കുർബാനയ്ക്ക് ആലപ്പുഴ മേഖല ഡയറക്ടർ ഫാ. ജോസഫ് നടുവിലേക്കളത്തിൽ മുഖ്യകാർമികനായി. പ്രോട്ടോസിഞ്ചെല്ലൂസ് മോൺ. ആന്റണി എത്തയ്ക്കാട്ട് സന്ദേശം നൽകി.
കുറുമ്പനാടം മേഖലയിലെ തീർഥാടകർ പദയാത്രയായി കുടമാളൂർ പള്ളിയിലെത്തി നടത്തിയ വിശുദ്ധ കുർബാനയ്ക്ക് മേഖല ഡയറക്ടർ ഫാ. ജോസഫ് കഴുന്നുകണ്ടത്തിൽ മുഖ്യകാർമികത്വം വഹിച്ചു. പാറേൽ മരിയൻ തീർഥാടന കേന്ദ്രത്തിൽ നിന്ന് ആരംഭിച്ച ചങ്ങനാശേരി, തുരുത്തി മേഖലകളുടെ തീർഥാടന പദയാത്ര ഉച്ചകഴിഞ്ഞ് രണ്ടിന് അൽഫോൻസാ ജന്മഗൃഹത്തിലെത്തി. അതിരൂപതാധ്യക്ഷൻ മാർ തോമസ് തറയിൽ സന്ദേശം നൽകി.
മേഖല ഡയറക്ടർ ഫാ. ജോൺസൺ മുണ്ടുവേലിലിന്റെ മുഖ്യകാർമികത്വത്തിൽ കുടമാളൂർ പള്ളിയിൽ വിശുദ്ധ കുർബാന അർപ്പിച്ചു. ജന്മഗൃഹത്തിൽ അതിരൂപത ഡയറക്ടർ ഫാ.ഡോ. വർഗീസ് പുത്തൻപുരയ്ക്കലിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു.
അസി. ഡയറക്ടർമാരായ ഫാ. സെബാസ്റ്റ്യൻ മാമ്പറ, ഫാ. ആന്റണി കിഴക്കേത്തലയ്ക്കൽ എന്നിവർ സഹകാർമികരായി. അതിരൂപതാ സിഞ്ചെല്ലൂസ് ഡോ. സ്കറിയ കന്യാകോണിൽ സന്ദേശം നൽകി. അമ്പൂരി, തിരുവനന്തപുരം, കൊല്ലം-ആയൂർ മേഖലകളിൽ നിന്നുള്ള തീർഥാടകർ വിവിധ സമയങ്ങളിൽ ജന്മഗൃഹത്തിൽ എത്തിച്ചേർന്നു.
Tags : Nattuvishesham DistrictNews DeepikaNews Alphonsa Pilgrimage