കെഎൻജി റോഡിൽ നിലന്പൂർ വെളിയംതോട് ഭാഗത്ത് വെള്ളം കയറിയപ്പോൾ.
നിലന്പൂർ: നിലന്പൂർ മേഖലയിൽ മൂന്നാംദിവസവും കനത്ത മഴ തുടരുന്നു. പലയിടത്തും മഴയിൽ മണ്ണിടിഞ്ഞും വെള്ളം കയറിയും ജീവനും സ്വത്തിനും ഭീഷണി നിലനിൽക്കുന്നുണ്ട്. നിലന്പൂരിൽ 133.5 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്.
ശക്തമായ മഴ തുടരുന്നതിനാൽ നിലന്പൂർ ടൗണിൽ ജ്യോതിപ്പടിയിൽ റോഡിലേക്ക് വെള്ളം കയറിയത് ഗതാഗത തടസമുണ്ടാക്കി. ചന്തക്കുന്ന് വെളിയന്തോടിലും റോഡിൽ വെള്ളം കയറി.
നിലന്പൂർ ഗുഡ് ഹോപ് സ്കൂളിന്റെ മതിൽ പൊളിഞ്ഞ് വീണു എബി തോമസ് എട്ടുപങ്കിലിന്റെ നിർമാണത്തിലിരിക്കുന്ന വീടിനോട് ചേർന്നുള്ള മതിലിന് നാശം സംഭവിച്ചു. ചക്കാലക്കുത്ത് രാധ കുന്നുമ്മലിന്റെ വീടിന് ഭാഗികമായി നാശം നേരിട്ടു.
പുള്ളിപ്പാടം വില്ലേജിൽ കണ്ണിയൻ ബഷീറിന്റെ വീടിന്റെ ശുചിമുറിയോട് ചേർന്ന് മണ്ണിടിഞ്ഞെങ്കിലും നാശനഷ്ടമില്ല. തിരുവാലി അങ്കണവാടിക്ക് സമീപം സ്രാന്പിക്കൽ നിഷാദ്, ചങ്ങരായി അബ്ദുൾ കബീർ എന്നിവരുടെ വീടിന് പിറകിൽ മണ്ണിടിഞ്ഞ് അപകടാവസ്ഥയിലാണ്. ഇവരോട് മാറിത്താമസിക്കാൻ റവന്യു അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. പുന്നപ്പാല കെ.ടി. സത്യനാഥിന്റെ വീടിനോടു ചേർന്നുള്ള കിണർ ഇടിഞ്ഞു തകർന്നു.
ചാലിയാർ, കുതിരപ്പുഴ, കരിന്പുഴ, ചെറുപുഴ, മരുതപ്പുഴ, കാരക്കോടൻപുഴ, പുന്നപ്പുഴ തുടങ്ങിയ പ്രധാന പുഴകളിലെല്ലാം വെള്ളമുയർന്നു. ഇവിട ങ്ങളിൽ മഴ തുടരുകയാണ്.
നാടുകാണി ചുരത്തിലും മറ്റും യാത്രക്കാർക്ക് ജാഗ്രതാ നിർദേശം നൽകുന്നുണ്ട്. ശനിയാഴ്ച ഉച്ചവരെ ചാലിയാറിന്റെ പൂക്കോട്ടുമണ്ണ റഗുലേറ്ററിൽ 3.4 മീറ്ററും ഓടായിക്കലിൽ 2.8 മീറ്ററും മീറ്റർ ജലനിരപ്പുയർന്നു. ചാലിയാർ പഞ്ചായത്തിലെ മൈലാടി, മണ്ണുപ്പാടം, കോരംകോട് ഭാഗങ്ങളിലും നാശനഷ്ടമുണ്ട്.
കോരംകോട് പാലിയേറ്റീവ് സെന്ററിന് സമീപമുള്ള ജിബി കുര്യാക്കോസിന്റെ വീടിന്റെ പിൻഭാഗത്തെ സംരക്ഷണഭിത്തി തകർന്നു. മൈലാടി സ്വദേശികളായ ആബുക്കാടൻ സുഹൈൽ, അമൽകുമാർ എന്നിവരുടെ വീടുകളുടെ മതിലുകൾ തകർന്നിട്ടുണ്ട്. മണ്ണുപ്പാടം സ്വദേശി അത്തിമണ്ണിൽ സുനിയുടെ കിണർ മഴയിൽ ഇടിഞ്ഞു താഴ്ന്നു.