പരിയാപുരം മുട്ടത്ത് തോമസിന്റെ വീട്ടിലേക്ക് മണ്ണടിഞ്ഞ് വീണ നിലയിൽ.
അങ്ങാടിപ്പുറം: കനത്ത മഴയെ തുടർന്ന് അങ്ങാടിപ്പുറത്ത് രണ്ടിടങ്ങളിലായി മതിൽ ഇടിഞ്ഞു. അങ്ങാടിപ്പുറം പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ അൽഷിഫ നഴ്സിംഗ് കോളജ് റോഡിലാണ് അപകടം ഉണ്ടായത്. ജൂബിലി റോഡിൽനിന്ന് സർക്കാർ റസ്റ്റ് ഹൗസിലേക്കുള്ള റോഡ് കൂടിയാണിത്. നിർമാണത്തിലിരിക്കുന്ന ഫ്ളാറ്റ് സമുച്ചയത്തിന്റെ ചുറ്റുമതിലാണ് ഇടിഞ്ഞത്. വാർഡ് മെംബർ യു. രവി, വില്ലേജ് ഓഫീസർ എന്നിവർ സ്ഥലം സന്ദർശിച്ചു.
കൂടുതൽ അപകടങ്ങൾ സംഭവിക്കാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ഫ്ളാറ്റ് ഉടമയോട് ആവശ്യപ്പെട്ടു. അങ്ങാടിപ്പുറം പഞ്ചായത്തിലെ പതിനേഴാം വാർഡായ പരിയാപുരത്ത് കിഴക്കേമുക്ക് മുട്ടത്ത് തോമസിന്റെ വീടിന് പിറകുവശത്തെ കുന്നിടിഞ്ഞ് മണ്ണും വെള്ളവും വീടിനകത്തെത്തി. വെള്ളിയാഴ്ച രാത്രിയാണ് സംഭവം ഉണ്ടായത്. ലൈഫ് പദ്ധതിയിൽ നിർമിച്ച വീടുകൾ ഉൾപ്പെടുന്ന പ്രദേശമാണിത്.
ഗ്രാമപഞ്ചായത്ത് അംഗം ഏലിയാമ്മ തോമസും വില്ലേജ് അധികൃതരും സ്ഥലം സന്ദർശിച്ചു. കുടുംബത്തോട് താമസം മാറാൻ നിർദേശിച്ചു.
Tags : Nattuvishesham DistrictNews DeepikaNews Angadippuram.