കുഴികൾ നിറഞ്ഞ ആലുവ പറവൂർ കവല.
ആലുവ: ഗതാഗതക്കുരുക്ക് അതിരൂക്ഷമായ ആലുവ ദേശീയ പാതയിലെ പറവൂർ കവല ചെളിക്കുളമായി. രണ്ട് വർഷമായി പറവൂർ കവലയിലെ ഫ്രീ ലെഫ്റ്റ് സംവിധാനം ഒരുക്കാൻ കേരള റോഡ്സ് സേഫ്റ്റി ഫണ്ടിൽ നിന്ന് 48.60 ലക്ഷം രൂപ അനുവദിച്ചിട്ടും അത് പൂർത്തിയാക്കാൻ പൊതുമരാമത്തിന് സാധിച്ചിട്ടില്ല.
ദേശീയ പാതയിൽ നിന്ന് പറവൂരിലേക്ക് തിരിയാൻ വിശാലമായ സർവീസ് റോഡ് ഉണ്ടെങ്കിലും അത് ടാർ ചെയ്യാൻ ദേശീയപാത അഥോറിറ്റി തയാറല്ല. അഞ്ച് വരിയിലായി ഒരേ ദിശയിലേക്ക് കണ്ടെയ്നർ ലോറികളടക്കം വരുന്നതിനാൽ നിരവധി ഇരുചക്ര യാത്രക്കാർക്ക് ഇവിടെ ജീവൻ നഷ്ടമായിട്ടുണ്ട്. അപകടമേഖലയായിട്ടും ദേശീയ പാത അഥോറിറ്റിയും ഗതാഗത വകുപ്പും നിസംഗരാണ്. മഴ തുടങ്ങമ്പോൾ ഈ മേഖല കുണ്ടും കുഴിയും കൊണ്ട് നിറയും. വാഹനങ്ങൾ കുഴിയിൽ വീണ് തകരാറിലാകുന്നതും പതിവാണ്.
2024ൽ അന്നത്തെ ഗതാഗത മന്ത്രി ഗണേശ് കുമാർ സ്ഥലം സന്ദർശിച്ചിരുന്നു .മാർത്താണ്ഡ വർമ്മ പാലത്തിലെ ഗതാഗതക്കുരുക്ക് മറികടന്ന് അങ്കമാലി, പറവൂർ മേഖലയിലേക്ക് പോകുന്ന വാഹനങ്ങളാണ് പറവൂർ കവല ട്രാഫിക് സിഗ്നലിൽ കുടുങ്ങിക്കിടക്കുന്നത്. റോഡിലെ കുഴികൾ കാരണം വാഹനങ്ങൾ പതിയെ മുന്നോട്ട് നീങ്ങുമ്പോഴേക്കും സിഗ്നൽ സമയം കഴിഞ്ഞിട്ടുണ്ടാകും.
തോട്ടക്കാട്ടുകരയിൽ നിന്ന് പറവൂർകവല വരെയുളള സർവീസ് റോഡ് സജ്ജമാക്കിയാൽ വാഹനങ്ങൾക്ക് ഫ്രീ ലെഫ്റ്റ് ആയി പറവൂരിലേക്ക് ട്രാഫിക് ലൈറ്റിന് കാത്തുനിൽക്കാതെ കടന്ന് പോകാനാകും.
Tags : Nattuvishesham LocalNews