അക്സെഞ്ചര്‍ അഡ്വാന്‍സ്ഡ് ടെക്നോളജി സെന്റേഴ്സ് ഇന്ത്യാ ലീഡ് അദിതി കുല്ക്കര്ണിക്കുള്ള സ്നേഹ സമ്മാനം ബ്രഹ്മചാരി വിശ്വനാഥാമൃത ചൈതന്യ കൈമാറുന്നു.
അമൃതപുരി (കൊല്ലം): കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിന്റെ സഹകരണത്തോടെ അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാന്പസിലെ സ്കൂള്‍ ഓഫ് കംപ്യൂട്ടിംഗ് സംഘടിപ്പിച്ച അമൃത ഏജന്റിക് ലീപ്, ഏജന്റിക് എഐ ബൂട്ട് ക്യാന്പ് 2026 വിജയകരമായി സമാപിച്ചു.
അഞ്ചു ദിവസങ്ങളിലായി നടന്ന തീവ്ര പരിശീലന പരിപാടിയില്‍ പ്രമുഖ ഐടി കമ്പനികളിലെ വിദഗ്ധരും അധ്യാപകരും ഗവേഷകരും വിദ്യാര്‍ഥികളും ഉള്‍പ്പെടെ നാന്നൂറോളം പേര് പങ്കെടുത്തു.
അക്സെഞ്ചര്‍ അഡ്വാന്‍സ്ഡ് ടെക്നോളജി സെന്റേഴ്സ് ഇന്‍ഡ്യാ ലീഡ് അദിതി കുല്‍ക്കര്‍ണി മുഖ്യപ്രഭാഷണം നടത്തി. സര്‍വീസ് നൗവില്‍ നിന്നുള്ള സ്വപ്നില്‍ സൗരവ് പ്രായോഗിക പരിശീലനം നല്കി. ഐബിഎം, നോക്കിയ, ഓറിയോണ്‍ ഇന്നൊവേഷന്, പബ്ലിസിസ് സാപ്പിയന്റ് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളില്‍ നിന്നുള്ള ടെക്നിക്കല്‍ ലീഡര്‍മാരും എഐ വിദഗ്ധരും ക്ലാസുകള്‍ക്ക് നേതൃത്വം നല്കി.