പി.പി. മൊയ്തു തലശേരി ജനറൽ ആശുപത്രി മോർച്ചറിക്കു മുന്നിൽ.
തലശേരി: തലശേരി ഗവ. ആശുപത്രി മോർച്ചറി പരിസരത്ത് മരിച്ചവരുടെ ബന്ധുക്കൾക്ക് ആശ്വാസം പകർന്ന് നാലര പതിറ്റാണ്ടായി വടക്കുന്പാട്ടെ അൽമസ്നയിൽ പി.പി. മൊയ്തുവുണ്ട്. നാലര പതിറ്റാണ്ടിനിടെ മോർച്ചറിയിലെ നടപടിക്രമങ്ങൾക്കു ശേഷം മൊയ്തുവിന്റെ കരങ്ങളുടെ പരിപാലനത്തിലൂടെ നിത്യശാന്തിയിലേക്ക് നീങ്ങിയത് 8500 മൃതദേഹങ്ങളാണ്. നിസ്വാർഥസേവനവഴിയിൽ ഒന്നും പ്രതീക്ഷിക്കാതെയുള്ള ഈ അറുപത്തിയഞ്ചുകാരന്റെ യാത്ര സമാനതകളില്ലാത്തതാണ്.
തെരുവിൽ മരിച്ചു കിടക്കുന്നവന്റെ കീശയിലെ ഒരു രൂപ നാണയത്തുട്ടിനു പോലും തപ്പുന്നവരുടെ ലോകത്ത് ആളുകൾ മനസറിഞ്ഞു നൽകുന്നതു പോലും പുഞ്ചിരിയോടെ നിരസിക്കുന്ന മൊയ്തുവിന്റെ പെരുമാറ്റം തന്നെ അദ്ഭുതമാണ്.
ദുരന്തമുഖത്തുനിന്നും ഒരു ഫോൺ കോളെത്തിയാൽ രാവെന്നോ പകലെന്നോ നോക്കാതെ വിളിപ്പുറത്ത് ഓടിയെത്തുന്നതാണ് മൊയ്തുവിന്റ ശീലം. രക്തബന്ധുക്കൾ പോലും അടുക്കാനറയ്ക്കുന്ന പഴകി ജീർണിച്ച ജഡങ്ങളെയും ആദരവോടെ നോക്കിക്കണ്ട് വേണ്ടതെല്ലാം ചെയ്ത് പരലോകത്തേക്ക് യാത്രയാക്കുന്ന മൊയ്തു പലപ്പോഴും ധരിച്ച വസ്ത്രങ്ങൾ മോർച്ചറിയിൽനിന്ന് മടങ്ങി വീട്ടിലെത്തിയാൽ കത്തിക്കാറാണ് പതിവ്.
ഈ സേവനവഴിയിൽ പിന്തുണയുമായി മനസുകൊണ്ട് മൊയ്തുവിന്റെ ജീവിത പങ്കാളിയുമുണ്ട്. പതിനാറാം വയസു മുതൽ തുടങ്ങിയതാണ് ഈ വഴിയിലൂടെയുള്ള മൊയ്തുവിന്റെ യാത്ര. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മോർച്ചറിയിലെത്തുമ്പോഴെല്ലാം ആരും വിളിച്ചില്ലെങ്കിലും ഡോക്ടർമാർക്കും ജീവനക്കാർക്കും മൃതദേഹത്തിന്റെ അവകാശികൾക്കും പൊലിസിനും കൂട്ടായും സഹായിയായും മൊയ്തു ഉണ്ടാകും. മരിച്ചവരുടെ ഉറ്റബന്ധുക്കളുടെ സങ്കടമുഖങ്ങൾ നിത്യവും കണ്ടുകണ്ട് ഇപ്പോൾ മനസ് മരവിച്ച നിലയിലായിരിക്കുകയാണെന്നും മൊയ്തു പറഞ്ഞു.
Tags : NattuVishesham DistrictNews