ചിറ്റൂർ പുഴപ്പാലത്തിൽ നവീകരണ പ്രവൃത്തികൾ തുടങ്ങിയപ്പോൾ.
ചിറ്റൂർ: പൊതുമരാമത്ത് വകുപ്പ് അധികൃതരുടെ നേതൃത്വത്തിൽ ചിറ്റൂർ പുഴപ്പാലം നവീകരണ ജോലികൾക്കു ഇന്നലെ രാവിലെ തുടക്കമായി.
ആദ്യ നടപടിയെന്ന നിലയിൽ കോളജ് റോഡിന്റെ ഭാഗത്തുനിന്നുള്ള സ്ലാബ് ജോയിന്റിലെ തകരാറിലായ ബെയറിംഗ് നീക്കംചെയ്യൽ തുടങ്ങി. പാലം അടച്ചിട്ട പ്രവൃത്തികളായതിനാൽ ഗതാഗതനിയന്ത്രണവും ഇന്നലെ തുടങ്ങി. പാലത്തിലൂടെ യാത്ര കാൽനടക്കാർക്കു മാത്രമായി ചുരുക്കി.
പാലത്തിനിരുവശത്തും സ്വകാര്യബസുകൾ മുൻനിശ്ചയപ്രകാരമെത്തി യാത്രക്കാരെ ഇറക്കി മടങ്ങി. യാത്രികർ പാലത്തിലൂടെ നടന്ന് മറുവശത്ത് നിർത്തിയിരുന്ന ബസിൽ കയറി യാത്ര തുടർന്നു.
അന്തർസംസ്ഥാന കെഎസ്ആർടിസി ഉൾപ്പെടെ ബസുകൾ മേട്ടുപ്പാളയം, വണ്ടിത്താവളം, അണിക്കോട് വഴിയാണ് സർവീസ് നടത്തിയത്. ഇതുകൂടാതെ പാലത്തുള്ളി അത്തിക്കോട് വഴിയും ചെറിയ വാഹനങ്ങൾക്കു ഗതാഗതം ക്രമീകരിച്ചിട്ടുണ്ട്.
അമ്പാട്ടുപാളയത്തുനിന്ന് നിലമ്പതി ആറ്റാംചേരി വഴിയിലും ഗതാഗതം ക്രമീകരിച്ചിരുന്നു. ബദൽ റോഡുകളിൽ എവിടെയും കാര്യമായ ഗതാഗതക്കുരുക്ക് ഉണ്ടായില്ല.
ഗതാഗത നിയന്ത്രണത്തിന്റെ ആദ്യദിനമായതിനാൽ തമിഴ്നാട്ടിൽനിന്ന് കാറിലും ഇരുചക്രവാഹനങ്ങളിലും എത്തിയവർ വഴിയറിയാതെ കുഴങ്ങി.
Tags : NattuVishesham DistrictNews