കളക്ടറേറ്റ് പടിക്കൽ കത്തോലിക്ക കോണ്‍ഗ്രസ് പ്രതിഷേധ സദസ് രൂപത പ്രസിഡന്റ് ജോണ്സണ് തൊഴുത്തുങ്കൽ ഉദ്ഘാടനം ചെയ്യുന്നു.
കൽപ്പറ്റ: കത്തോലിക്ക കോണ്‍ഗ്രസ് മാനന്തവാടി രൂപത സമിതിയുടെ ആഭിമുഖ്യത്തിൽ കളക്ടറേറ്റ് പടിക്കൽ പ്രതിഷേധ സദസ് നടത്തി. ഇഎസ്എ ഏഴാമത് കരട് വിജ്ഞാപനത്തിൽനിന്ന് ജനവാസകേന്ദ്രങ്ങളും കൃഷിയിടങ്ങളും ഒഴിവാക്കുക, വനത്തിനകത്തുള്ള പ്രദേശങ്ങൾ മാത്രം പരിസ്ഥിതി ലോലമായി വിജ്ഞാപനം ചെയ്യുക, ഇഎസ്എ അന്തിമ വിജ്ഞാപനം ജനസൗഹൃദമാക്കുന്നതിന് ജില്ലയിൽനിന്നുള്ള എംപിയും മന്ത്രിയും എംഎൽഎമാരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും അടിയന്തര പ്രാധാന്യത്തോടെ ഇടപെടുക, ജനപ്രതിനിധികൾ മനുഷ്യർക്കൊപ്പമാണെന്ന് തെളിയിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പരിപാടി.
കത്തോലിക്ക കോണ്‍ഗ്രസ് രൂപത പ്രസിഡന്റ് ജോണ്സണ് തൊഴുത്തുങ്കൽ ഉദ്ഘാടനം ചെയ്തു. ജില്ലയിൽ പരിസ്ഥിതി സംരക്ഷണത്തിൽ മുൻപന്തിയിലുള്ള കർഷകർ ഇഎസ്എയുടെ പേരിൽ വീടുകളും കൃഷിഭൂമികളും വന്യജീവികൾക്ക് അടിയറവച്ച് ഇറങ്ങിപ്പോരാൻ തയാറല്ലെന്ന് അദ്ദേഹം പറഞ്ഞു. ഇഎസ്എ കരട് വിജ്ഞാപന പരിധിയിലുള്ള ജനം ഉണർന്നുപ്രവർത്തിക്കണം. തങ്ങളുടെ വീടും കൃഷി ഭൂമിയും ഇഎസ്എയിൽനിന്ന് ഒഴിവാക്കുന്നതിന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് പരാതികൾ അയയ്ക്കണം.
തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ ഉടൻ ഗ്രാമസഭകൾ ചേർന്ന് ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും ഇഎസ്എയിൽ നിന്ന് ഒഴിവാക്കണമെന്ന പ്രമേയം പാസാക്കി കേന്ദ്ര മന്ത്രാലയത്തിന് ലഭ്യമാക്കണം. വയനാട് എംപി എത്രയും വേഗം വിഷയത്തിൽ ഇടപെടണം. ജനങ്ങളുടെ ആശങ്ക കേന്ദ്ര മന്ത്രിയെ ബോധ്യപ്പെടുത്തണം. ഇഎസ്എ വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ കർഷക അനൂകൂല നിലപാട് കേന്ദ്ര സർക്കാരിനെ അറിയിക്കാൻ ജില്ലയിൽനിന്നുള്ള മന്ത്രിയും എംഎൽഎമാരും നടപടി സ്വീകരിക്കണം. വികസിത രാജ്യങ്ങളിലെ കോർപറേറ്റ് ഭീമൻമാരിൽനിന്ന് കാർബണ്‍ ന്യൂട്രൽ പദ്ധതി പ്രകാരം കൈപ്പറ്റിയ തുക തിരികേ നൽകി കേന്ദ്ര സർക്കാരും പരിസ്ഥിതി സ്ംഘടനകളും ജനങ്ങളോടുള്ള പ്രതിബദ്ധത നിറവേറ്റണമെന്നും ജോണ്സണ് ആവശ്യപ്പെട്ടു.
വൈസ് പ്രസിഡന്റ് സാജു പുലിക്കോട്ടിൽ അധ്യക്ഷത വഹിച്ചു. രൂപത പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി ജോസ് മാത്യു പുഞ്ചയിൽ മുഖ്യപ്രഭാഷണം നടത്തി. സജി ഇരട്ടമുണ്ടയ്ക്കൽ, ജോണ്സണ് കുറ്റിക്കാട്ടിൽ, മോളി മാമൂട്ടിൽ, വിൻസന്റ് ചേരവേലിൽ, ഷിന്റൊ ജോസ്, ഷിബിൻ കാഞ്ഞിരത്തിങ്കൽ, ഷിജു കാരുണ്യമാതാ, ചാൾസ് വടശേരി, ബെന്നി തരിയോട്, മാത്യു ചോന്പാല, ജോസ് ചുണ്ടാട്ട്, ബീന സണ്ണി മൂലക്കര, കത്തോലിക്ക കോണ്‍ഗ്രസ് രൂപത ട്രഷറർ സജി ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.
Tags : District News Nattuvishesham ESA Catholic Congress Collectorate entrance