പ്രതീകാത്മക ചിത്രം
കണ്ണൂര്‍: സൂപ്പര്‍ ലീഗ് ജേതാക്കളായ കണ്ണൂര്‍ വാരിയേഴ്സിന്റെ മുഖ്യപരിശീലകനായി റഷ്യക്കാരനായ ആന്‍ഡ്രേ ചെര്നിഷോവിനെ നിയമിച്ചു. 2002 ല്‍ റഷ്യന്‍ അണ്ടര്‍ 18 ദേശീയ ടീമിന്റെ പരിശീലകനായി ഈ മേഖലയിൽ പ്രവർത്തനമാരംഭിച്ച ആന്‍ഡ്രേ ചെര്‍നിഷോവ് റഷ്യ, ജോര്‍ജിയ, ബെലാറസ്, കസാക്കിസ്ഥാന്‍, സൗദി അറേബ്യ, കുവൈത്ത്, സെര്‍ബിയ, ഗ്രീസ്, ഉത്തര മസിഡോണിയ, ഇന്ത്യ എന്നീ രാജ്യങ്ങളില്‍ വിവിധ ലീഗുകളില്‍ ടീമുകളെ പരിശീലിപ്പിച്ചുണ്ട്. ഇന്ത്യയില്‍ മൊഹമ്മദന്‍ എഫ്സിയെ 2023-24 ഐ-ലീഗ് കിരീടത്തിലേക്ക് നയിച്ച പരിശീലകനാണ്. മൂന്ന് തവണ കൊല്‍ക്കത്ത ഫുട്ബോള്‍ ലീഗ് കിരീടവും നേടിയിട്ടുണ്ട്. 2023-24 ഐ-ലീഗ് സീസണിലെ മികച്ച പരിശീലകനുള്ള പുരസ്കാര ജേതാവാണ്.ഇന്ത്യന്‍ സൂപ്പര്‍ ലീഗിലും മൊഹമ്മദന്സിന്റെ പരിശീലകനായിരുന്നു. സൂപ്പര്‍ ലീഗ് കേരളയില്‍ കഴിഞ്ഞ സീസണില്‍ തൃശൂര്‍ മാജിക് എഫ്സിയുടെ പരിശീലകനായിരുന്നു.
കളിക്കാരനായി റഷ്യന്‍ ദേശീയ ടീമിനായി 29 മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്. റഷ്യയിലെ പ്രശസ്ത ഫുട്ബോള്‍ ക്ലബ് ഡിനമോ മോസ്കോ, സ്പാര്‍ട്ടക് മോസ്കോ എന്നീ ടീമുകളുടെ താരമായിരുന്നു. 1992 ല്‍ യുഇഎഫ്എ യൂറോപ്യന്‍ അണ്ടര്‍- 21 ജേതാക്കളായ റഷ്യന്‍ ടീം അംഗവുമായിരുന്നു. ആന്‍ഡ്രേ ചെര്‍ണിഷോവിന്റെ പരിശീലനത്തിൽ കണ്ണൂർ വാരിയേഴ്സ് കൂടുതൽ ഉയരങ്ങളിലെത്തുമെന്ന് ചെയർമാൻ ഡോ. ഹസ്സന് കുഞ്ഞി പറഞ്ഞു.