കണ്ണൂർ: കണ്ണൂർ ജില്ലയിൽ ഒരു ഷിഗെല്ല കേസ് കൂടി റിപ്പോർട്ടു ചെയ്തു. കൂത്തുപറമ്പ് മൂര്യാട്ടെ 62 വയസുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതിനുമുന്പ് പാനൂരിനടുത്ത രണ്ടു കുട്ടികൾക്ക് രോഗം ബാധിച്ചിരുന്നു. ഇതോടെ ജില്ലയിൽ ഷിഗെല്ല ബാധിച്ചവരുടെ എണ്ണം മൂന്നായി.
ആരോഗ്യ മന്ത്രി കെ. മുരളീധരൻ വിളിച്ചുചേർത്ത പകർച്ച വ്യാധി പ്രതിരോധ അവലോകന യോഗത്തിൽ ജില്ലാ കളക്ടർ, ഡിഎംഒ എന്നിവർ ജില്ലയിലെ സ്ഥിതി വിശദീകരിച്ചു.
പനി, ആശുപത്രി സന്ദർശനം എന്നീ വേളകളിൽ മാസ്ക് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ജനങ്ങളിലെത്തിക്കണമെന്നും സ്കൂളുകൾ കേന്ദ്രീകരിച്ച് രോഗപ്രതിരോധ നടപടികൾ ഊർജിതമാക്കണമെന്നും യോഗത്തിൽ മന്ത്രി നിർദേശിച്ചു.
ഉത്സവകാലമായതിനാൽ കൊട്ടിയൂരിൽ ആവശ്യമായ ആരോഗ്യ സുരക്ഷാ മുൻ കരുതലുകൾ സ്വീകരിക്കുന്നുണ്ടെന്ന് ജില്ലാ കളക്ടർ യോഗത്തെ അറിയിച്ചു. ജില്ലയിലെ പകർച്ച വ്യാധി പ്രതിരോധ പ്രവർത്തനങ്ങളുടെ അവലോകനവുമായി ബന്ധപ്പെട്ട് ഡിഎംഒ ഡോ. കെ.സി. സച്ചിന്റെ അധ്യക്ഷതയിൽ ജില്ലാ തല സംയോജിത രോഗ നിരീക്ഷണ സമിതി യോഗം ചേർന്നു. ആരോഗ്യ വകുപ്പിലെ വിവിധ പ്രോഗ്രാം ഓഫീസർമാർ പങ്കെടുത്തു. ജില്ലയിൽ കഴിഞ്ഞ ആഴ്ച റിപ്പോർട്ട് ചെയ്ത രോഗങ്ങളെ കുറിച്ച് വിശദമായ വിലയിരുത്തൽ നടത്തി.
Tags : Shigella Nattuvishesham District News