പാലാ: ലഹരിയുടെ പ്രത്യാഘാതം ഭയാനകമാണെന്നും ഗുരുതരമായ ഈ സാഹചര്യങ്ങളില്‍നിന്നും നമ്മുടെ തലമുറ അകലം പാലിക്കണമെന്നും ജോസ് കെ. മാണി എംപി. ആഗോള ലഹരിവിരുദ്ധ ദിനമായ 26നു മുന്നോടിയായി പാലാ രൂപത കെസിബിസി ടെമ്പറന്‍സ് കമ്മീഷന് സംഘടിപ്പിച്ച ലഹരിവിരുദ്ധ ത്രൈമാസാചരണ പരിപാടികളുടെ ഉദ്ഘാടനം പാലാ ചാവറ സിഎംഐ പബ്ലിക് സ്കൂളില്‍ നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
യുദ്ധത്തേക്കാളും അണുവായുധത്തേക്കാളും ഭയാനകമാണ് മാരക ലഹരിയെന്ന് സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത ജില്ലാ പോലീസ് ചീഫ് കെ.എം. സാബു മാത്യു പറഞ്ഞു.
കെസിബിസി ടെമ്പറന്‍സ് കമ്മീഷന് സംസ്ഥാന സെക്രട്ടറിയും രൂപത പ്രസിഡന്റുമായ പ്രസാദ് കുരുവിള അധ്യക്ഷത വഹിച്ചു. ജില്ലാ പോലീസ് ചീഫ് കെ.എം. സാബു മാത്യു ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വികാരി ജനറാള്‍ മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ദിയ ബിനു പുളിക്കക്കണ്ടം, പ്രിന്‍സിപ്പല്‍ ഫാ. സാബു കൂടപ്പാട്ട് സിഎംഐ, കോട്ടയം റീജണല്‍ ഡയറക്ടര്‍ ഫാ. ജേക്കബ് വെള്ളമരുതുങ്കല്, സാബു ഏബ്രഹാം, ആന്റണി മാത്യു, ജോസ് കവിയില്‍ എന്നിവര്‍ പ്രസംഗിച്ചു.
ഇന്നു മുതല്‍ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കോളനികള്‍, തൊഴില്‍ മേഖലകള്‍ എന്നിവിടങ്ങളിലൂടെ ലഹരിവിരുദ്ധ പ്രതിജ്ഞ, സന്ദേശം, കോര്‍ണര്‍ യോഗങ്ങള്‍, പൊതുയോഗങ്ങള്‍ എന്നിവ സംഘടിപ്പിക്കും. പ്രസംഗം-ഉപന്യാസം-ചിത്രരചന മത്സരങ്ങളും മൂന്നു മാസം നീണ്ടുനിൽക്കുന്ന പരിപാടികളില്‍പ്പെടുന്നു. ഇന്ന് ഭരണങ്ങാനം സെന്റ് മേരീസ് ഹയര്‍ സെക്കൻഡറി സ്കൂളിലും പ്ലാശനാല്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കൻഡറി സ്കൂളിലും ലഹരിവിരുദ്ധ പരിപാടികള്‍ നടക്കും.