തേർത്തല്ലി: തേർത്തല്ലി മേരിഗിരി ഹയർ സെക്കൻഡറി സ്കൂളിൽ ജൂണിയർ റെഡ്ക്രോസിന്റെയും എഡിഎസ്യുവിന്റെയും ലിറ്റിൽ കൈറ്റ്സിന്റെയും സംയുക്താഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ദിന പരിപാടികൾ സംഘടിപ്പിച്ചു.
ജൂണിയർ റെഡ്ക്രോസ് കാഡറ്റുകൾ തയാറാക്കിയ ലഹരി വിരുദ്ധ ലഘുലേഖയുടെയും പോസ്റ്ററിന്റെയും പ്രകാശനം മുഖ്യാധ്യാപകൻ എം.യു. ജോസ്കുട്ടി നിർവഹിച്ചു.
ലഹരിക്കെതിരേ കാഡറ്റുകൾ തയാറാക്കിയ ലഘുലേഖ, ഹൈസ്കൂൾ, ഹയർ സെക്കൻഡറി തലത്തിലും വിദ്യാലയത്തിനു സമീപത്തുള്ള കടകളിലും നൽകി ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തി.
തുടർന്ന്, കവിതാലാപനം, ഫ്ളാഷ് മോബ് , ലഹരി വിരുദ്ധദിന പ്രതിജ്ഞ, ബോധവത്കരണ സന്ദേശം എന്നിവയും നടന്നു. തുടർന്ന് പോസ്റ്റർ രചനാ മത്സരവും നടത്തി. എഡിഎസ്യുവിന്റെ ആഭിമുഖ്യത്തിൽ ഫിംഗർ പ്രിന്റ് ഓഫ് ഹോപ്പ് എന്ന പേരിൽ ലഹരിക്കെതിരെ ഫിംഗർ പ്രിന്റ് ശേഖരണ പരിപാടിയും നടന്നു.
ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ ജീവിതമാണ് ലഹരി എന്ന ആശയം ഉയർത്തിപ്പിടിക്കുന്ന ഫോട്ടോകൾ പകർത്തി ക്ലിക്ക് ടു ലൈഫ് എന്ന പേരിൽ ഓൺലൈൻ ഫോട്ടോഗ്രാഫി മത്സരവും നടന്നു. സ്റ്റാഫ് സെക്രട്ടറി ജെയിസൺ, സീനിയർ അസിസ്റ്റന്റ് ജോമി, ജെആർസി കൗൺസിലർമായ കെ. ജോർജ്, ജെആർസി കാഡറ്റുകളായ ആൻമരിയ സജി, അലോണ ട്രീസ രാജീവ്, ആദിയ പി. പ്രകാശ്, ബെനിറ്റ മരിയ മനോജ് എന്നിവർ പ്രസംഗിച്ചു.
നെല്ലിക്കുറ്റി: അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി വൈഎംസിഎ ചെമ്പേരി യൂണിറ്റ്, നെല്ലിക്കുറ്റി സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി ലഹരിവിരുദ്ധ മൾട്ടിമീഡിയ ക്വിസ് മത്സരം സംഘടിപ്പിച്ചു.
ഹൈസ്കൂൾ മുഖ്യാധ്യാപകൻ സോണി മാത്യു മത്സരം ഉദ്ഘാടനം ചെയ്തു.
കെ.സി. ലിസി മത്സരാർഥികൾക്ക് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കൊളക്കാട് സാന്തോം ഹയർ സെക്കൻഡറി സ്കൂൾ റിട്ട. പ്രിൻസിപ്പൽ വി.ജെ. ഷാജിമോൻ ക്വിസ് മത്സരം നയിച്ചു. സാന്ദ്ര തെരേസ ഡിനിഷ്, എ.എസ്. ആൻഡ്രിയ, സേറ ഫ്രാൻസിസ് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
വൈഎംസിഎ പ്രസിഡന്റ് സാവിയോ ഇടയാടിയിൽ വിജയികൾക്ക് കാഷ് അവാർഡും സമ്മാനങ്ങളും നൽകി. ടോമി ചാമക്കാലായിൽ, റോബി ഇലവുങ്കൽ എന്നിവർ പ്രസംഗിച്ചു.
തേർത്തല്ലി: കെസിബിസി മദ്യ ലഹരി വിരുദ്ധ സമിതി മുക്തിശ്രീ മേരിഗിരി എന്നിവയുടെ ആഭിമുഖ്യത്തിൽ തേർത്തല്ലിയിൽ മദ്യലഹരി വിരുദ്ധ റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു.
മേരിഗിരി ഫൊറോന വികാരി ഫാ. മാത്യു വളവനാലിന്റെ അധ്യക്ഷതയിൽ ഡയറക്ടർ ഫാ. ജോർജ് തൈക്കുന്നുംപുറം ഉദ്ഘാടനം ചെയ്തു. ഫാ. ജെയ്സൺ കോലക്കുന്നേൽ, തങ്കച്ചൻ കൊല്ലക്കൊമ്പിൽ, ജോസ് ചാരേച്ചേരിൽ എന്നിവർ പ്രസംഗിച്ചു.
പെരുമ്പടവ്: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ മാതമംഗലം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ദിനത്തിൽ ലഹരിവിരുദ്ധ സന്ദേശം നൽകുന്ന റീൽസ് പുറത്തിറക്കി.
എരമം കുറ്റൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ റീൽസ് അപ്ലോഡിംഗിന്റെ ഉദ്ഘാടനം എഫ്എച്ച്സിയിലെ ഡോ. പി. കൃഷ്ണമായ നിർവഹിച്ചു. മാതമംഗലം യൂണിറ്റ് പ്രസിഡന്റ് ടി. എം. ജിൻസ് അധ്യക്ഷത വഹിച്ചു.
എകെപിഎ മാടായി മേഖല സെക്രട്ടറി സി. വിനോദ്, വൈസ് പ്രസിഡന്റ് ഷനോജ് മേലേടത്ത്, പിആർഒ നിതീഷ് കല്ലിങ്കൽ, ആശുപത്രി നഴ്സിംഗ് ഓഫീസർമാരായ കെ. സൗമ്യ, അനു സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.