തൊടുപുഴ: അന്താരാഷ്ട്ര ലഹരി വിരുദ്ധദിനാചരണത്തിന്റെ ഭാഗമായി നാളെ ജില്ലയില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കും. തൊടുപുഴ പോലീസ് സബ് ഡിവിഷന്റെ ആഭിമുഖ്യത്തില്‍ നാളെ രണ്ടിന് ന്യൂമാന്‍ കോളജില്‍ സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ ബോധവത്കരണ സദസ് ഗവ. ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് ഉദ്ഘാടനം ചെയ്യും. ഡീന്‍ കുര്യാക്കോസ് എംപി അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടര്‍ ഡോ. ദിനേശന് ചെറുവാട്ട് മുഖ്യപ്രഭാഷണം നടത്തും.
ചലച്ചിത്ര നടന് ആസിഫ് അലി വിശിഷ്ടാതിഥിയാകും. തൊടുപുഴ നഗരസഭാ ചെയര്‍പേഴ്സണ്‍ സാബിറ ജലീല്‍ ലഹരിവിരുദ്ധ സന്ദേശം നല്‍കും. ജില്ലാ പോലീസ് മേധാവി ഡോ. എ. നസീം ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലും.
പരിപാടിയോടനുബന്ധിച്ച് തൊടുപുഴ മങ്ങാട്ടുകവല ബസ് സ്റ്റാന്‍ഡില്‍നിന്ന് ന്യൂമാന്‍ കോളജിലേക്ക് വിദ്യാര്‍ഥികളും സാമൂഹിക പ്രവര്‍ത്തകരും അണിനിരക്കുന്ന ലഹരിവിരുദ്ധ സന്ദേശറാലി നടക്കും. മൂന്നാര്‍ പോലീസ് സബ് ഡിവിഷന്റെ ആഭിമുഖ്യത്തില്‍ ലഹരിവിരുദ്ധ റാലി, ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ്, ലഹരിവിരുദ്ധ അവബോധ ക്ലാസ് എന്നിവ സംഘടിപ്പിക്കും.
പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നടക്കുന്ന പരിപാടി എഫ്. രാജ എംഎല്‍എ ഉദ്ഘാടനം ചെയ്യും. മൂന്നാര്‍ ഡിവൈഎസ്പി എസ്. ചന്ദ്രകുമാര്‍ അധ്യക്ഷത വഹിക്കും. ദേവികുളം സബ് കളക്ടര്‍ വി.എം. ആര്യ മുഖ്യപ്രഭാഷണം നടത്തും. റിട്ട. സബ് ഇന്‍സ്പെക്ടര്‍ കെ.ഡി. മണിയന് ബോധവത്കരണ ക്ലാസ് നയിക്കും. മൂന്നാര്‍ പഞ്ചായത്ത് പ്രസിഡന്റ് എസ്. വിജയകുമാര്‍, എസ്എച്ച്ഒ ജെ. ബിനോദ് കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
പീരുമേട് പോലീസ് സബ് ഡിവിഷന്റെ ആഭിമുഖ്യത്തില്‍ കുട്ടിക്കാനം മരിയന്‍ കോളജില്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ അവബോധ ക്ലാസ് സിറിയക് തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്യും.
പീരുമേട് ഡിവൈഎസ്പി സാജു വര്‍ഗീസ് അധ്യക്ഷത വഹിക്കും. ഷിബു കല്ലറയ്ക്കല്‍ ക്ലാസ് നയിക്കും. മരിയന്‍ കോളജ് അഡ്മിനിസ്ട്രേറ്റര്‍ ഫാ. തോമസ് ഏബ്രഹാം, പീരുമേട് എസ്എച്ച്ഒ. വി. ഗോപീചന്ദ്രന്‍ എന്നിവര്‍ പ്രസംഗിക്കും. കട്ടപ്പന, ഇടുക്കി സബ് ഡിവിഷനുകളുടെ കീഴില്‍ ബൈക്ക് റാലി, എസ്പിസി കേഡറ്റുകളുടെ ഫ്ലാഷ് മോബ്, ലഹരിവിരുദ്ധ പ്രതിജ്ഞ എന്നിവ നടക്കും.
Tags : Anti-Drug Day Nattuvishesham District news