ആറന്മുളയിൽ മത്സ്യബന്ധന ബോട്ടുകളിൽ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നു.
കോഴഞ്ചേരി: മഴയ്ക്കു ശമനമുണ്ടെങ്കിലും ആറന്മുളയിൽ കെടുതികൾ തുടരുന്നു. കരകവിഞ്ഞെത്തിയ പന്പാനദിയിലെ വെള്ളം കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിച്ചതോടെ ദുരിതം രൂക്ഷമായി.
കൂടുതൽ പ്രദേശങ്ങൾ ഇതോടെ വെള്ളത്തിനടിയിലായി. ആറന്മുള, മല്ലപ്പുഴശേരി പഞ്ചായത്തുകളിലായി കൂടുതൽ വീടുകളിലേക്ക് വെള്ളം കയറിയതോടെ ദുരിതാശ്വാസ ക്യാന്പുകളിലേക്കും കൂടുതൽ ആളുകൾ എത്തിത്തുടങ്ങി. വീടുകളുടെ രണ്ടാംനിലയിൽ അഭയം പ്രാപിച്ചവരും ക്യാന്പുകളിലേക്ക് മാറുന്നുണ്ട്. ആദ്യമൊക്കെ മടിച്ചു നിന്ന പലരും പന്പാനദിയിൽ ഇനി ജലം ഉയർന്നേക്കാമെന്ന മുന്നറിയിപ്പുകൾ വന്നതോടെ നിലപാട് മാറ്റി. നീണ്ടകര, കായംകുളം എന്നിവിടങ്ങളിൽ നിന്നായി മത്സ്യത്തൊഴിലാളികള്‍ ബോട്ടുമായെത്തി രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. മൂഴിയാര്‍ ഡാം തുറന്നുവിട്ടതിനാല്‍ ഉച്ചകഴിഞ്ഞ് പമ്പയിലെ ജലനിരപ്പ് പല പ്രദേശങ്ങളിലും ഉയർന്നു.
ആറന്മുള -സത്രക്കടവിലും സമീപത്തും കഴിഞ്ഞ ദിവസത്തേതിനേക്കാള്‍ വെള്ളം കൂടുതലായിട്ടുണ്ട്. ആറന്മുള ഐക്കര ജംഗ്ഷന് സമീപമുള്ള അയ്യന്‍കോയിക്കല്‍ ഭാഗത്തും വെള്ളക്കെട്ട് തുടരുകയാണ്. ആറന്മുള പഞ്ചായത്തിലെ എഴിക്കാട്, നിർവിളാകം തുടങ്ങിയ സ്ഥലങ്ങളിൽ ഒറ്റപ്പെട്ടു പോയവരെ ക്യാന്പുകളിലേക്ക് എത്തിച്ചു. ഇടയാറന്മുള ഭാഗത്തെ തുരുത്തുകളിലും മറ്റും ഇപ്പോഴും പലരും ഒറ്റപ്പെട്ടു കഴിയുന്നതായി പറയുന്നു. ഇന്നലെ വൈകുന്നേരം വരെയും രക്ഷാപ്രവർത്തകർ പല ഭാഗങ്ങളിലായി എത്തി ഇവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ ശ്രമിച്ചു. അബിൻ വർക്കി എംഎൽഎയുടെ നേതൃത്വത്തിൽ മുഴുവൻ സമയ രക്ഷാ പ്രവർത്തനമാണ് ഇന്നലെ നടന്നത്. ആളുകളെ ക്യാന്പുകളിലേക്ക് മാറ്റുന്നതിനൊപ്പം വളർത്തു മൃഗങ്ങളെ സംരക്ഷിക്കാനുള്ള ക്രമീകരണവും ചെയ്തിട്ടുണ്ട്. ഇവയുമായാണ് പലരും വീടൊഴിയുന്നത്.
മല്ലപ്പുഴശേരിയിലെ എട്ട് വാർഡുകൾ വെള്ളത്തിൽ
മല്ലപ്പുഴശേരി പഞ്ചായത്തിലെ 1, 2, 3, 9,11, 12, 13, 14 വാർഡുകൾ പൂർണമായി വെള്ളത്തിനടിയിലാണ്. പഞ്ചായത്തിലെ രണ്ടാം വാര്‍ഡായ പരമൂട്ടില്‍ ഭാഗത്തെ മുഴുവന്‍ വീടുകളിലും ഇന്നലെ ഉച്ചയോടുകൂടി വെള്ളം കയറി. മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ ബോട്ടുകളില്‍ സന്നദ്ധ പ്രവര്‍ത്തകര്‍ ആളുകളെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റി. ആറ് ക്യാമ്പുകളിലായി മുന്നൂറിലധികം ആളുകളാണ് താമസിക്കുന്നത്. പഞ്ചായത്ത് ഭരണ സമിതിയും വില്ലേജ് അധികൃതരും സംയുക്തമായി ക്യാമ്പുകളല്‍ ആഹാരവും മറ്റു സൗകര്യങ്ങളും ചെയ്യുന്നുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ്് ബെന്നി കുഴിക്കാല പറഞ്ഞു. ക്യാമ്പുകളിലേക്കെത്താതെ ഒറ്റപ്പെട്ട് കഴിയുന്നവര്‍ക്ക് പൊതിച്ചോറും നല്‍കുന്നുണ്ട്.
കോയിപ്രത്തും വെള്ളം ഒഴിയുന്നില്ല
കോയിപ്രം പഞ്ചായത്തിലെ 11-ാം വാര്‍ഡില്‍പ്പെട്ട പടിഞ്ഞാറൻഭാഗം ചെറുവള്ളിപ്പടി എന്നീ ഭാഗങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമാണ്. ഏറെ മഴക്കെടുതി ഉണ്ടായതും ഈ പ്രദേശത്താണ്. നെല്ലിക്കൽ, വരയന്നൂര്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടെ 85 ശതമാനവും വെള്ളംകയറിക്കിടക്കുകയാണ്. ഇന്നലെ വൈകുന്നേരത്തോടെ വരയന്നൂര്‍ കല്ലുങ്കല്‍ റോഡില്‍ വെളളം കയറിയതിനാല്‍ ഇരുചക്രവാഹനങ്ങള്‍ പോലും പോകാന്‍ കഴിയാത്ത സ്ഥിതിയാണ് സംജാതമായിരിക്കുന്നത്. പുല്ലാട് -പൂവത്തൂര്‍ റോഡിലും വെള്ളക്കെട്ട് രൂപപ്പെട്ടു. ടികെ റോഡിലെ മാരാമണ്‍ ഭാഗത്തും ഇന്നലെ വൈകുന്നേരത്തോടുകൂടി കൂടുതല്‍ വെള്ളം ഉള്ളതിനാല്‍ ബസ് സർവീസ് അടക്കം നിര്‍ത്തിവച്ചിരിക്കുകയാണ്.
കോയിപ്രം ഭാഗത്തെ വീടുകളില്‍ വെള്ളം കയറിയതിനാല്‍ ക്ഷീരകർഷകർ തങ്ങളുടെ പശുക്കളെ റോഡിലാണ് കെട്ടിയിരിക്കുന്നത്. മഴ പശുക്കള്‍ക്ക് ഭീഷണിയായിരിക്കുകയാണ്. കോയിപ്രം പഞ്ചായത്തുകളിലെ വീടുകളില്‍ ഒറ്റപ്പെട്ടു കഴിയുന്നവരെ സുരക്ഷിതമായി ക്യാമ്പുകളിലെത്തിക്കുന്നതിന് അബിന്‍ വര്‍ക്കി എംഎല്‍എ ഇടപെട്ട് റെസ്ക്യൂ ബോട്ടുകള്‍ ക്രമീകരിച്ചിട്ടുണ്ടെന്നും പഞ്ചായത്ത് പ്രസിഡന്റ്്് വര്‍ഗീസ് ഈപ്പന് പറഞ്ഞു. പുറമറ്റം പഞ്ചായത്തിലെ കോമളം, വെണ്ണിക്കുളം ഭാഗങ്ങളിലെ റോഡുകളിൽ ഇന്നലെ ഉച്ചകഴിഞ്ഞ് വീണ്ടും വെള്ളം കയറി. ഇതുവഴിയുള്ള യാത്രയും തടസപ്പെട്ടു.
നിത്യോപയോഗ സാധനങ്ങൾക്കു ക്ഷാമം
പ്രധാന ടൗണുകളിലെയും ഉള്‍നാടന്‍ പ്രദേശങ്ങളിലെയും വ്യാപാര സ്ഥാപനങ്ങൾ തുറക്കുന്നുണ്ടെങ്കിലും നിത്യോപയോഗ സാധനങ്ങൾ പോലും ലഭ്യമല്ല. പാല്, തൈര് തുടങ്ങിയവ പലയിടത്തും ലഭിക്കുന്നില്ല. വെള്ളം നിറഞ്ഞ റോഡുകളിലൂടെയുള്ള യാത്ര തടസപ്പെട്ടതാണ് പ്രധാന കാരണം. പാലുമായി വാഹനങ്ങൾക്ക് എല്ലായിടത്തും എത്താനാകുന്നില്ല. പെട്രോൾ പന്പുകളിൽ ഇന്ധനക്ഷാമമുണ്ട്.
ക്യാന്പുകളിലെ പരാതികൾ പരിഹരിച്ചു
ഭക്ഷണം, വെള്ളം, വൈദ്യുതി, മരുന്ന് തുടങ്ങിയ വിഷയങ്ങളിൽ ദുരിതാശ്വാസ ക്യാന്പുകളിൽ നിന്നുയർന്ന പരാതികൾക്ക് പരിഹാരം കണ്ടതായി അധികൃതർ. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ സ്ഥലം സന്ദർശിച്ച മന്ത്രിമാരടക്കം ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകി. സന്നദ്ധ സംഘടനകളുടെ കൂടി സഹകരണത്തിലാണ് പല ക്യാന്പുകളുടെയും പ്രവർത്തനം.
അയിരൂര്‍ പഞ്ചായത്തിലെ ക്യാമ്പുകളില്‍ ഭക്ഷണം എത്തിക്കുന്നില്ലെന്ന വിമര്‍ശനം അടിസ്ഥാനരഹിതമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിവേലി പറഞ്ഞു. പഞ്ചായത്തിലാകെ ഒരു ദുരിതാശ്വാസ ക്യാമ്പ് മാത്രമാണുള്ളത്. പഞ്ചായത്തും റവന്യൂ അധികൃതരും കൂടി ഭക്ഷണം ഉള്‍്പ്പെടെ എല്ലാ സാധനങ്ങളും നല്‍കുന്നുണ്ടെന്നും പ്രസിഡന്റു് പറഞ്ഞു.
ജില്ലാ ആശുപത്രിയിൽ വെള്ളമില്ല
കോഴഞ്ചേരിയിലെ പമ്പാനദീതീരത്തുള്ള പമ്പ് ഹൗസില്‍ ചെളിയും വെള്ളവും കയറിയതും വൈദ്യുതി ബന്ധം ഇല്ലാത്തതും കാരണം ജില്ല ആശുപത്രിയില്‍ വെള്ളം ലഭിക്കുന്നില്ലെന്ന് പരാതി. എന്നാല്‍ 65,000 ലിറ്റര്‍ മഴവെള്ള സംഭരണിയും കുടിവെള്ളത്തിന്റെ എടിഎം സംവിധാനവും ക്രമീകരിച്ചിട്ടുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. നിതീഷ് ഐസക് ശാമുവേല്‍ പറഞ്ഞു. വെള്ളം കുറവാണെന്ന പേരിൽ ആരെയും ഡിസ്ചാർജ് ചെയ്തിട്ടില്ല. പ്രളയബാധിത മേഖലകളിൽ നിന്നും കിടപ്പു രോഗികളടക്കമുള്ളവരെ ആശുപത്രിയിലേക്ക് മാറ്റുന്നുണ്ട്.
പുറമറ്റം പഞ്ചായത്തിലെ കോമളം, വെണ്ണിക്കുളം ഭാഗങ്ങളിലെ റോഡുകളിൽ ഇന്നലെ ഉച്ചകഴിഞ്ഞ് വീണ്ടും വെള്ളം കയറി. ഇതുവഴിയുള്ള യാത്രയും സാധ്യമല്ലാത്ത സ്ഥിതിയാണ് ഉണ്ടാരിക്കുന്നത്. വെള്ളപ്പൊക്കം കാരണം കോയിപ്രം പഞ്ചായത്തുകളിലെ വീടുകളില്‍ ഒറ്റപ്പെട്ടു കഴിയുന്നവരെ സുരക്ഷിതമായി ക്യാമ്പുകളിലെത്തിക്കുന്നതിന് അബിന്‍ വര്‍ക്കി എംഎല്‍എ ഇടപെട്ട് റെസ്ക്യൂ ബോട്ടുകള്‍ ക്രമീകരിച്ചിട്ടുണ്ടെന്നും പഞ്ചായത്ത് പ്രസിഡന്റ്് വര്‍ഗീസ് ഈപ്പന് പറഞ്ഞു.