ബസിന്റെ സീറ്റുകൾ തെരുവുനായ കടിച്ചു നശിപ്പിക്കുന്ന തിന്റെ സിസി ടിവി ദൃശ്യം.
കോട്ടയം: നാഗമ്പടം ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ബസിന്റെ സീറ്റുകള്‍ തെരുവുനായ കടിച്ചു കീറി നശിപ്പിച്ചു. കോട്ടയം - ചേര്‍ത്തല റൂട്ടില്‍ സര്‍വീസ് നടത്തുന്ന വേമ്പനാട് ബസിന്റെ സീറ്റുകളാണ് തെരുവുനായ നശിപ്പിച്ചത്.
കഴിഞ്ഞ ദിവസം രാത്രിയില്‍ ട്രിപ്പ് കഴിഞ്ഞു സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്തപ്പോഴാണ് സംഭവം. പിറ്റേന്ന് രാവിലെ ജീവനക്കാരെത്തുമ്പോഴാണ് സംഭവമറിയുന്നത്. സിസിടിവി പരിശോധിച്ചപ്പോഴാണ് തെരുവു നായയാണ് സംഭവത്തിനു പിന്നിലെന്നു കണ്ടെത്തിയത്. ആറു സീറ്റുകളാണ് കടിച്ചുകീറിയത്. 15,000 രൂപയുടെ നഷ്ടമുണ്ടായതായി ബസ് ജീവനക്കാര്‍ പറഞ്ഞു. സീറ്റുകള്‍ പൂര്വസ്ഥിതിയിലാക്കിയശേഷം ബസ് ഇന്നലെമുതല്‍ സര്‍വീസ് നടത്തുകയും ചെയ്തു.
നഗരത്തില്‍ തെരുവുനായ ശല്യം രൂക്ഷമാണ്. റെയില്‍വേ സ്റ്റേഷന്, നാഗമ്പടം ബസ് സ്റ്റാന്‍ഡ്, തിരുനക്കര ബസ് സ്റ്റാന്‍ഡ്, കോടിമത മാര്‍ക്കറ്റ് എന്നിവിടങ്ങളെല്ലാം തെരുവു നായ്ക്കളുടെ വിഹാര കേന്ദ്രമാണ്. നാഗമ്പടം ബസ് സ്റ്റാന്‍ഡില്‍നിന്നു റെയില്‍വേ സ്റ്റേഷനിലേക്കുള്ള മേല്‍പ്പാലമാണ് നായ്ക്കളുടെ പ്രധാന വിശ്രമകേന്ദ്രം.
തിരക്കിട്ട് റെയില്‍വേ സ്റ്റേഷനിലേക്കോ ബസ് സ്റ്റാന്ഡിലേക്കോ മേല്‍പ്പാലത്തിലൂടെ നടക്കുമ്പോള്‍ അബദ്ധത്തില്‍ നായ്ക്കളെ ചവിട്ടാനുള്ള സാധ്യതയുമുണ്ട്. ഭക്ഷണാവശിഷ്ടങ്ങളും മറ്റു മാലിന്യങ്ങളും അലക്ഷ്യമായി വലിച്ചെറിയുന്നതാണ് നായ്ക്കൾ പെരുകാന്‍ കാരണമാകുന്നത്. എബിസി സെന്ററുകള്‍ കൂടുതലായി ആരംഭിക്കുമെന്നു പറഞ്ഞെങ്കിലും നിലവിലുള്ള കേന്ദ്രങ്ങള്‍ പോലും കൃത്യമായി പ്രവര്‍ത്തിക്കുന്നില്ല.
Tags : Nattuvishesham District news