nattu vishesham
കരുവാരകുണ്ട്: തുവൂർ പഞ്ചായത്തിലെ റെയിൽവേ മേൽപ്പാലത്തിന്റെ സുരക്ഷാഭിത്തി തകർന്നതുമായി ബന്ധപ്പെട്ട പുനരുദ്ധാരണ പ്രവൃത്തികൾക്കായി റെയിൽവേ മേൽപ്പാലം വഴിയുള്ള ഗതാഗതം നിയന്ത്രിച്ചിരിക്കുന്നത് ജനങ്ങളെ പ്രയാസത്തിലാക്കുന്നതായി ചൂണ്ടിക്കാട്ടി ജില്ലാ പഞ്ചായത്ത് അംഗം മുസ്തഫ അബ്ദുൾ ലത്തീഫ് ജില്ലാ കളക്ടറുടെ ചുമതല വഹിക്കുന്ന എഡിഎമ്മിന് നിവേദനം നൽകി.
ജില്ലയുടെ മലയോര മേഖലയായ കരുവാരകുണ്ട്, തുവൂർ പഞ്ചായത്തുകളിൽനിന്നുള്ള ആയിരക്കണക്കിന് യാത്രക്കാരെയാണ് ഇതു വലിയ ദുരിതത്തിലാക്കിയിട്ടുള്ളത്. ജൂണ്‍ ആദ്യത്തിൽ വിദ്യാലയങ്ങൾ തുറക്കുന്നതോടെ ദുരിതം ഇരട്ടിയാകും. എത്രയും പെട്ടെന്ന് പുനരുദ്ധാരണ പ്രവൃത്തി പൂർത്തിയാക്കാൻ നടപടി സ്വീകരിക്കണമെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
അതോടൊപ്പം നിലവിൽ വലിയ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി സ്ഥാപിച്ചിട്ടുള്ള ക്രോസ് ബാർ മറ്റൊരു ദുരിതമായി മാറിയിരിക്കുകയാണ്. ക്രോസ് ബാറിന്റെ വീതി കുറഞ്ഞത് കാരണം വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.ഇതിനു പരിഹാരം കാണാൻ ക്രോസ് ബാറിന്റെ വീതി കൂട്ടുകയോ അല്ലെങ്കിൽ മുഴുവൻ സമയം പോലീസ് സേവനം ഉറപ്പ് വരുത്തണമെന്നും നിവേദനത്തിൽ പറയുന്നു.