നാക്കടയിൽ റോഡിൽ വെള്ളം കയറിയപ്പോൾ.
ചെങ്ങന്നൂർ: കിഴക്കൻ വെള്ളത്തിന്റെ വരവ് ശക്തമായതോടെ പമ്പയാർ കരകവിഞ്ഞൊഴുകുകയാണ്. ആർകെവി-നാക്കട റോഡും നാക്കട-ഇല്ലിമല റോഡും പൂർണമായി വെള്ളത്തിനടിയിലായതോടെ നാക്കട നിവാസികൾ ഒറ്റപ്പെട്ട സ്ഥിതിയിലായി. പ്രദേശത്തെ ഏറ്റവും താഴ്ന്ന മേഖലയായ മുട്ടാണി കോളനിയിലാണ് സ്ഥിതിഗതികൾ അതിരൂക്ഷമാണ്. പമ്പ കരകവിഞ്ഞതോടെ കോളനിയിലെ ഇരുപതിലേറെ വീടുകളിൽ വെള്ളം കയറി. അടിയന്തര നദീപുനരുദ്ധാരണ പദ്ധതികൾ കടലാസിലൊതുങ്ങിയതാണ് പാണ്ടനാട് വെസ്റ്റ് നാക്കട പ്രദേശത്തെ വീണ്ടും പ്രളയഭീതിയിലാക്കിയത്. 2018ലെ മഹാപ്രളയത്തെ ഓർമിപ്പിക്കുംവിധമാണ് ഇവിടെ വെള്ളപ്പൊക്കം രൂക്ഷമായിരിക്കുന്നത്.
ആഴം നഷ്ടപ്പെട്ട് പമ്പയും ഇല്ലിമലയാറും
കിഴക്കും വടക്കും പടിഞ്ഞാറും പമ്പയാറാലും തെക്ക് കൈവഴിയായ ഇല്ലിമലയാറാലും ചുറ്റപ്പെട്ടു കിടക്കുന്ന ദ്വീപ് സമാനമായ പ്രദേശമാണ് നാക്കട. പതിറ്റാണ്ടുകൾക്കു മുൻപ് ആലപ്പുഴ-എറണാകുളം ബോട്ട് സർവീസ് വരെ നടന്നിരുന്ന പമ്പാനദി ഇന്ന് അടിത്തട്ടിൽ ചെളിയും മണ്ണും അടിഞ്ഞുകൂടി തീർത്തും ശോഷിച്ച അവസ്ഥയിലാണ്. നദിയുടെ സ്വാഭാവിക ജലസംഭരണശേഷി നഷ്ടപ്പെട്ടതാണ് മഴ പെയ്താൽ ഉടൻ വെള്ളം വീടുകളിലേക്കും വഴികളിലേക്കും ഇരച്ചുകയറാൻ കാരണം.
പമ്പയെയും അച്ചൻകോവിലാറിനെയും ബന്ധിപ്പിക്കുന്ന ഇല്ലിമലയാറിന്റെ അവസ്ഥയും ഭിന്നമല്ല. ആറിന്റെ ഇരുവശങ്ങളിലെയും കാടുകളും മുളകളും ആറ്റിലേക്ക് വീണുകിടക്കുന്നതും പോളയും എക്കലും അടിഞ്ഞുകൂടിയതും നീരൊഴുക്ക് പൂർണമായി തടസപ്പെടുത്തിയിരിക്കുകയാണ്.
3.52 കോടിയുടെ പദ്ധതി ഫയലിൽ ഉറങ്ങുന്നു
കുട്ടമ്പേരൂർ ആറുമായി ചേരുന്ന ഇല്ലിമല മുതൽ നാക്കട വരെയുള്ള 1800 മീറ്റർ ഭാഗത്തെ ചെളിയും മണ്ണും നീക്കി നീരൊഴുക്ക് പുനഃസ്ഥാപിക്കാൻ റീസ്റ്റോറേഷൻ ഓഫ് ഇക്കോസിസ്റ്റം പദ്ധതിയിൽ ഉൾപ്പെടുത്തി 3.52 കോടി രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കിയിരുന്നു. എന്നാൽ 2022 മുതൽ ഈ ഫയൽ സർക്കാരിന്റെ അനുമതി കാത്ത് ചുവപ്പുനാടയിൽ കുടുങ്ങിക്കിടക്കുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.
ചാരുംമൂട് മേഖലയിൽ വ്യാപക നാശം
ചാരുംമൂട്: ശക്തമായ കാറ്റിലും മഴയിലും ചാരുംമൂട് മേഖലയിൽ വ്യാപക നാശം. ചുനക്കര, താമരക്കുളം, നൂറനാട്, പടനിലം, പാലമേൽ, ചാരുംമൂട് ജംഗ്ഷൻ തുടങ്ങിയ പ്രദേശങ്ങളിൽ വൈദ്യുത ലൈനുകളിലേക്ക് മരങ്ങൾ ഒടിഞ്ഞുവീണ് വൈദ്യുതി വിതരണം പൂർണമായും തടസപ്പെട്ടു.
ചാരുംമൂട് ജംഗ്ഷൻ പരിസരത്തും നൂറനാട്, പടനിലം ഭാഗങ്ങളിലും പ്രധാന റോഡുകളിലേക്ക് വൈദ്യുതി ലൈനുകൾ പൊട്ടിവീണത് ഗതാഗത തടസത്തിനും വലിയ ആശങ്കയ്ക്കും ഇടയാക്കി.
താമരക്കുളം, ചുനക്കര, പാലമേൽ പഞ്ചായത്തുകളുടെ വിവിധ ഗ്രാമീണ മേഖലകളിൽ വൈദ്യുതി പോസ്റ്റുകൾ ചരിഞ്ഞും ചിലയിടങ്ങളിൽ ഒടിഞ്ഞും വീണു. വൈദ്യുതിവിതരണം മണിക്കൂറോളം നിലച്ചതിനാൽ ജനങ്ങൾ ദുരിതത്തിലായി.
പൊട്ടിക്കിടക്കുന്നതോ താഴ്ന്നുകിടക്കുന്നതോ ആയ വൈദ്യുതി ലൈനുകളുടെ സമീപത്തേക്ക് ആരും പോകരുതെന്നും ഏതെങ്കിലും തരത്തിലുള്ള അപകടസാധ്യത ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ സെക്ഷൻ ഓഫീസിൽ വിവരം അറിയിക്കണമെന്നും കെഎസ്ഇബി അധികൃതർ കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
തകരുന്ന തീരങ്ങളും നാമാവശേഷമായ പുലിമുട്ടുകളും
ശക്തമായ കുത്തൊഴുക്കിൽ നദീതീരങ്ങൾ പരക്കെ ഇടിയുന്നത് തീരവാസികളുടെ ജീവനും സ്വത്തിനും കടുത്ത ഭീഷണിയാകുന്നുണ്ട്
ദശാബ്ദങ്ങൾക്ക് മുൻപ് തീരസംരക്ഷണത്തിനായി നിർമിച്ച നാല് പുലിമുട്ടുകൾ കാടുപിടിച്ച് നാമാവശേഷമായ നിലയിലാണ്. നദിയുടെ വശങ്ങൾ തിട്ട കെട്ടി സംരക്ഷിക്കുകയും പഴയ പുലിമുട്ടുകൾ പുനരുദ്ധരിക്കുകയും ചെയ്യേണ്ടത് അടിയന്തര ആവശ്യമാണ്.
രക്ഷയാകാൻ പരുമല പാലം വേണം
ഒറ്റപ്പെട്ടുപോകുന്ന നാക്കടക്കാർക്ക് പ്രളയകാലത്ത് സുരക്ഷിതമായി എത്തിച്ചേരാൻ സാധിക്കുന്നത് തൊട്ടടുത്ത ഉയർന്ന പ്രദേശമായ പരുമലയിലാണ്. അതിനാൽ നാക്കടയിൽനിന്നു പത്തനംതിട്ട ജില്ലയിലെ പരുമലയിലേക്ക് പാലം നിർമിക്കണമെന്ന അഞ്ചു വർഷത്തോളമായുള്ള നാട്ടുകാരുടെ ആവശ്യത്തിന് ജനപ്രതിനിധികളും സർക്കാരും അടിയന്തരമായി പരിഹാരം കാണണമെന്നാണ് പ്രകൃതിദുരന്ത ഭീതിയിലായ നാക്കടക്കാരുടെ ആവശ്യം.
Tags : Nattuvishesham Districtnews Around