കൊല്ലം: അഷ്ടമുടി കായൽതണ്ണീർത്തട സംരക്ഷണ കേസിൽ കോടതിയലക്ഷ്യ ഹർജിയിൽ ഇന്നു വിശദീകരണം നൽകണമെന്നു ഹൈക്കോടതി. ഇന്നലെ കേസ് പരിഗണിച്ചപ്പോൾ ഇനി സമയം നൽകാൻ കഴിയില്ലെന്നും ഇന്ന് വിശീദരണം നൽകണമെന്നുമാണ് കോടതി ആവശ്യപ്പെട്ടത്.
അഷ്ടമുടി കായൽ സംരക്ഷണ കേസിൽ ഹൈക്കോടതി പുറപ്പെടുവിച്ച വിധി നടപ്പാക്കാത്തതിനെ തുടർന്നാണ് ഹർജികക്ഷിയായ അഡ്വ. ബോറിസ് പോൾ കോടതിയലക്ഷ്യ കേസ് സമർപ്പിച്ചത്. കേസ് ഗൗരവ സ്വഭാവത്തിലുള്ളതാണെന്നും വിധി നടപ്പാക്കാൻ ബാധ്യസ്ഥരായ പരിസ്ഥിതി വകുപ്പ് സെക്രട്ടറി സീറാം സാംബശിവ റാവു , കേരള സംസ്ഥാന വെറ്റ്ലാൻഡ് അഥോറിറ്റി മെമ്പർ സെക്രട്ടറി സുനിൽ പമീദി എന്നിവരെ കോടതിയിൽ നേരിട്ട് വിളിപ്പിക്കേണ്ടി വരുമെന്നും ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് വി.എം.ശ്യാംകുമാർ എന്നിവരുടെ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
അഷ്ടമുടി കായൽ മലിനീകരണവും കൈയേറ്റവും ഫലപ്രദമായി തടയാൻ വിവിധ സർക്കാർ വകുപ്പുകളും എൻജിഒകളും അടക്കം 30 അംഗ അഷ്ടമുടി വെറ്റ്ലാൻഡ് മാനേജ്മെന്റ് യൂണിറ്റ് രണ്ടു മാസത്തിനകം സ്ഥാപിക്കണമെന്ന ഹൈക്കോടതി വിധി സർക്കാർ നാലു മാസം ആയിട്ടും നടപ്പാക്കിയില്ല.
ജില്ലാ കളക്ടർ ചെയർമാനായി സ്ഥാപിക്കേണ്ട അഷ്ടമുടി വെറ്റ്ലാൻഡ് യൂണിറ്റ് രൂപീകരിക്കാൻ വൈകുന്നതിനാൽ അതു കോടതി വിധിയുടെ ലംഘനം ആണെന്നു കണ്ടു കോടതിയലക്ഷ്യ ഹർജി ബോധിപ്പിക്കുകയായിരുന്നു.
2025 ജൂലൈ 29നാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെടുന്ന ഡിവിഷൻ ബെഞ്ച് വിധി പ്രസ്താവിച്ചത്. വിധി പ്രകാരം രണ്ടു മാസത്തിനകം അഷ്്ടമുടി വെറ്റ്ലാൻഡ് മാനേജ്മന്റ് യൂണിറ്റ് സ്ഥാപിച്ചു നോട്ടിഫിക്കേഷൻ ഇറക്കണമായിരുന്നു.
ആദ്യ മീറ്റിംഗ് നോട്ടിഫിക്കേഷൻ തീയതി മുതൽ രണ്ടു മാസത്തിനകം കൂടണമെന്നും നടപടിക്രമങ്ങൾ ആ യോഗത്തിൽ തീരുമാനിക്കണമെന്നും വിധിയിൽ പറയുന്നു. യൂണിറ്റിന്റെ ഭരണക്രമം തീരുമാനിക്കാനുള്ള സ്റ്റാൻഡേർഡ് ഓപ്പറേഷൻ പ്രോസിജ്യുർ സൃഷ്ടിക്കാനും നിർദേശിച്ചിരുന്നു. ഓഫീസ് സംവിധാനം, ഉദ്യോഗസ്ഥർ, പ്രവർത്തന ഫണ്ട് എന്നിവ സംസ്ഥാന സർക്കാർ നൽകണം.
അഷ്ടമുടി വെറ്റ്ലാൻഡ് മാനേജ്മന്റ് യൂണിറ്റിനു സ്വന്തമായി വെബ്സൈറ്റ് ഉണ്ടാകണമെന്നും അതിലേക്കു പൊതുജനങ്ങൾക്കു പ്രവേശനമുണ്ടാകണമെന്നും പരാതികൾ ഓഡിയോ, വീഡിയോ എന്നിവ അപ്ലോഡ് ചെയ്യാൻ സാധിക്കണമെന്നും വിധിയിൽ പറയുന്നു. അഷ്ടമുടി കായൽ സംരക്ഷണത്തിനു പൊതുജനം അറിഞ്ഞിരിക്കേണ്ട എല്ലാ വിവരങ്ങളും വെബ്സൈറ്റിൽ ഉണ്ടാകണം.
സംയോജിത അഷ്ടമുടി തണ്ണീർത്തട മാനേജ്മന്റ് പ്ലാൻ ആറു മാസത്തിനകം തയാറാക്കി നടപ്പാക്കണമെന്നും അതുവരെ നടപ്പാക്കാൻ താത്കാലിക മാനേജ്മെന്റ് പ്ലാൻ ഉണ്ടാക്കണമെന്നും വിധിയിൽ പറയുന്നു. എല്ലാ സർക്കാർ വകുപ്പുകളും അഷ്ടമുടി തണ്ണീർത്തട മാനേജ്മന്റ് യൂണിറ്റിനു ആവശ്യമായ പിന്തുണ കൃത്യമായി നൽകണമെന്നും വിധിയിൽ പറയുന്നു.
വിധി നടപ്പാക്കുന്നതിൽ അനാവശ്യ കാലതാമസം ഉണ്ടാകുന്നത് അഷ്ടമുടി തണ്ണീർത്തടത്തിന്റെ നാശത്തിനു കാരണമാകുന്നു എന്നും പതിനഞ്ചു ദിവസത്തിനകം വിധി നടപ്പാക്കിയില്ലെങ്കിൽ കോടതിയലക്ഷ്യ കേസ് ഫയൽ ചെയ്യുമെന്നും നോട്ടീസ് അയച്ചിട്ടും നടപടി ഉണ്ടാകാതിരുന്നതിനാൽ കോടതിയലക്ഷ്യ ഹർജി ഫയൽ ചെയ്യുകയായിരുന്നു.
ഹർജികക്ഷിയായ അഡ്വ. ബോറിസ് പോളിന് വേണ്ടി അഡ്വ. അജ്മൽ എ. കരുനാഗപ്പള്ളി, അഡ്വ. എം.ആർ. പ്രിയങ്ക ശർമ്മ, അഡ്വ എം.ജി.അനന്യ എന്നിവർ കോടതിയിൽ ഹാജരായി.
Tags : Ashtamudi Wetland High Court orders