കുടുംബശ്രീ കർഷകസംഘങ്ങളുടെ ബന്ദിപ്പൂ കൃഷി.
പത്തനംതിട്ട: ഇന്ന് അത്തം; നാളെ ചിങ്ങപ്പിറവി. ഇനി ഓണനാളുകൾ. പൂക്കളങ്ങൾ ഇന്നു മുതൽ തയാറാകും. ഓണത്തിന് പൂക്കൾക്ക് ആവശ്യക്കാർ ഏറെയാണ്. തമിഴ്നാട്ടിൽനിന്നുള്ള പൂക്കളാണ് കേരളത്തിലെ അത്തപ്പൂക്കളങ്ങളിൽ നിറഞ്ഞിരുന്നത്. എന്നാൽ കഴിഞ്ഞ രണ്ടു വർഷമായി കുടുംബശ്രീ ഈ രംഗത്തേക്ക് ഇറങ്ങിയതോടെ നാടൻ പൂക്കളുടെ ഉത്പാദനം കാര്യക്ഷമമാണ്. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടായ വെല്ലുവിളികളെ നേരിട്ടാണ് ഇത്തവണത്തെ ഓണത്തിന് പൂക്കളങ്ങളും പച്ചക്കറികളും കുടുംബശ്രീ ഒരുക്കിയിരിക്കുന്നത്.
മുൻവർഷത്തെ അപേക്ഷിച്ച് പൂക്കളുടെ ഉത്പാദനത്തിൽ കുറവുണ്ടാകാമെന്ന ആശങ്കയുണ്ട്. നാടൻ പൂക്കൾകൊണ്ടു മാത്രം പൂക്കളങ്ങൾ നിറയില്ലെന്ന് അറിയാവുന്ന പൂ വ്യാപാരികളും സജീവമാണ്. തമിഴ്നാട്ടിൽനിന്ന് അടുത്ത രണ്ടാഴ്ച കേരളത്തിലേക്ക് പൂക്കളുടെ കുത്തൊഴുക്കായിരിക്കും. വിലയും കൂടുതലാണ്. സാധാരണ പൂക്കളങ്ങളിലേക്ക് ഉപയോഗിക്കുന്ന പൂക്കൾക്കെല്ലാം അടിക്കടി വില ഉയരുന്നുണ്ടെന്ന് വ്യാപാരികൾ പറഞ്ഞു. ജമന്തി, വാടാമുല്ല, അരളി, ബന്ദി എന്നിവയാണ് പ്രധാനമായും തമിഴ്നാട്ടിൽ നിന്നെത്തിക്കുന്നത്. തേനി ജില്ലയിലെ ശീലയംപെട്ടി ഗ്രാമത്തിൽനിന്നുള്ള പൂക്കൾ ഏറെയും കുമളി വഴിയാണ് പത്തനംതിട്ടയിലേക്ക് എത്തുന്നത്.
കേരളത്തിലെ ഓണംനാളുകളിലാണ് തമിഴ്നാട്ടിലെ പൂക്കർഷകർക്ക് കൊയ്ത്ത് തുടങ്ങുന്നത്. പൂക്കളുടെ വിലയും ഇവർ കൂട്ടും. ജമന്തി 80 - 100, വെള്ള ജമന്തി - 300, ചെത്തി - 200, അരളി - 250, വെള്ളഅരളി - 400, വാടാമുല്ല 180 - 200 നിരക്കിലാണ് വില്പന.
കേരളത്തിൽ പൂ ഉത്പാദനം നടന്നാലും പൂക്കളങ്ങൾക്കു പ്രിയപ്പെട്ട വാടാമുല്ലയും ജമന്തിയും അരളിയുമൊക്കെ തമിഴ്നാട്ടിൽനിന്നു വരണമെന്ന് വ്യാപാരികളും പറയുന്നു. കന്യാകുമാരി ജില്ലയിലെ തോവാളയിൽനിന്ന് ഓണക്കാലത്തേക്ക് പൂക്കൾ ധാരാളമായി എത്തുന്നുണ്ട്. കാലാവസ്ഥാമാറ്റം തമിഴ്നാട്ടിലെ പൂക്കൃഷിയെയും ബാധിച്ചിരുന്നു. ഇക്കാരണത്താൽ തന്നെ ഉത്പാദനം കുറവാണെന്ന പേരിൽ വരുംദിവസങ്ങളിൽ വിലയേറും.
നിറപ്പൊലിമ; കുടുംബശ്രീയുടെ പൂക്കൃഷി 89.50 ഏക്കറിൽ
ഓണപ്പൂക്കളത്തിന്റെ നിറമാവാൻ ആവശ്യമായ ബന്ദിയും വാടാമല്ലിയും ഉൾപ്പെടെയുള്ള പൂക്കൾ ഉത്പാദിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 263 കർഷകസംഘങ്ങൾ 89.50 ഏക്കറിലാണ് ഇത്തവണ കൃഷി ചെയ്തിരിക്കുന്നത്. നിറപ്പൊലിമ എന്ന പേരിലുള്ളതാണ് പദ്ധതി. പറക്കോട് ബ്ലോക്കിലാണ് പൂക്കൃഷി കൂടുതലായുള്ളത്. 62 കർഷകസംഘങ്ങൾ 23.7 ഏക്കറിലാണ് കൃഷി നടത്തിയിരിക്കുന്നത്.
നിലമൊരുക്കൽ മുതൽ വിളപരിപാലനവും കീടനിയന്ത്രണവുംവരെ ആവശ്യമായ പരിശീലനങ്ങൾ കുടുംബശ്രീ മിഷനും കാർഷിക മേഖലയിലെ കമ്യൂണിറ്റി റിസോഴ്സ് പേഴ്സൺമാരും കൃഷിവകുപ്പും ചേർന്ന് നൽകിയിട്ടുണ്ട്.
ഉത്പാദിപ്പിക്കുന്ന പൂക്കൾ സ്കൂളുകൾ, കോളജുകൾ, സർക്കാർ ഓഫീസുകൾ, ധനകാര്യ സ്ഥാപനങ്ങൾ, കുടുംബശ്രീ ഓണച്ചന്തകൾ, വിപണനമേളകൾ എന്നിവ വഴി വിപണിയിലെത്തിക്കും. പൂക്കളമൊരുക്കുന്നവർക്ക് ആവശ്യപ്പെട്ടാൽ നൽകാനും കഴിയും.
പദ്ധതിയുടെ ഭാഗമായി അരുവാപ്പുലം, നാറാണംമൂഴി മേഖലകളിലെ 10 ട്രൈബൽ ജെഎൽജികൾ 3.75 ഏക്കറിൽ പൂക്കളും പച്ചക്കറികളും കൃഷി ചെയ്യുന്നത് ശ്രദ്ധേയമാണ്. ആദിവാസി കുടുംബങ്ങളുടെ ഉപജീവനവും കാർഷിക സ്വയംപര്യാപ്തതയും ശക്തിപ്പെടുത്തുന്നതിനും ഈ ഇടപെടൽ സഹായകമാകുന്നുണ്ട്. ഓഗസ്റ്റ് ആദ്യവാരത്തിലെ മഴ പൂക്കൃഷിയെ സാരമായി ബാധിച്ചു. വിളവെടുപ്പിനു പാകമായവ പലയിടത്തും നശിച്ചു. തുടർച്ചയായി പെയ്ത മഴ കാരണം ചെടികൾ നഷ്ടപ്പെട്ടിട്ടുണ്ട്.