എസ്ഐയെ ഗുണ്ടകള്‍ ആക്രമിക്കുന്നു.
വൈപ്പിന്‍: പെട്രോള്‍ പമ്പില്‍ സ്വകാര്യ ബസിലെ ജീവനക്കാരെ ഗുണ്ടാസംഘം ആക്രമിക്കുന്നെന്ന വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഞാറക്കല്‍ പൊലിസ് സബ് ഇന്‍സ്പെക്ടർക്കും സിപിഒയ്ക്കും നേരേ ആക്രമണം. ചൊവ്വാഴ്ച രാത്രി 8.30ന് എളങ്കുന്നപ്പുഴ നടവഴിയിലെ നയാര പെട്രോള്‍ പമ്പിലാണ് സംഭവം.
എസ്ഐ കോട്ടയം കൈപ്പുഴ കിഴക്കേ ഇടനാട് കല്ലായില്‍ ജിതിന് (31), സിപിഒ ചെറായി സ്വദേശി രഗീഷ് (31) എന്നിവര്‍ക്ക് നേരേയാണ് ആക്രമണം ഉണ്ടായത്.
സംഭവത്തില്‍ ഞാറക്കല്‍ വട്ടത്തറ മുന്ന എന്ന് വിളിക്കുന്ന പ്രജിത്ത് (35), സഹോദരന് പ്രജീഷ് (36), സുഹൃത്ത് വരാപ്പുഴ ചരിയംതുരുത്ത് നികത്തിത്തറ രാഗിന് (36) എന്നിവരെ പൊലിസ് അറസ്റ്റ് ചെയ്തു. മറ്റുള്ളവര്‍ ഓടിരക്ഷപെട്ടു. വധശ്രമം, ആയുധം കൊണ്ട് മുറിവേല്‍പ്പിക്കല്‍, വധ ഭീഷണി, ഔദ്യോഗികൃത്യം നിര്‍വഹണം തടസപ്പെടുത്തല്‍, സംഘം ചേര്‍ന്നുള്ള ആക്രമണം, അസഭ്യം പറയൽ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസ് എടുത്തിട്ടുള്ളത്. മൂവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
കൈകള്‍ക്കും തലക്കും മുഖത്തും പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥരെ ആദ്യം ഞാറക്കലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സക്കായി എസ്ഐയെ എറണാകുളത്തെയും പൊലിസുകാരനെ പറവൂരിലെയും സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
പെട്രോള്‍ പമ്പിൽ പാര്‍ക്ക് ചെയ്തിരുന്ന ചീനിക്കാസ് എന്ന സ്വകാര്യ ബസിലെ ഡ്രൈവറെയും മറ്റു ജീവനക്കാരെയും സംഘം ചേര്‍ന്ന് മര്‍ദിക്കുന്നുവെന്ന വിവരമറിഞ്ഞാണ് എസ്ഐയും പൊലിസുകാരനും എത്തിയത്. ഈ സമയം ജീപ്പില്‍ നിന്നിറങ്ങിയാല്‍ കൊന്നു കളയുമെന്നു സംഘം കത്തി കാട്ടി ഭീഷണിപ്പെടുത്തി. ഇത് ഗൗനിക്കാതെ മര്‍ദനം തടയാന്‍ ചെന്ന എസ്ഐയെ ആണ് പ്രതികള്‍ ആദ്യം ആക്രമിച്ചത്.
അക്രമികളില്‍ ഒരാള്‍ മുഖം ഭാഗികമായി മറച്ചിരുന്നു. ഒരാള്‍ കൈയിലിരുന്ന കത്തി കൊണ്ട് വയറില്‍ കുത്താന്‍ ശ്രമിച്ചപ്പോള്‍ എസ്ഐ ഒഴിഞ്ഞുമാറി. ശേഷം മറ്റൊരാള്‍ വന്ന് എസ്ഐയെ ബലമായി പിടിച്ചുനിർത്തുകയായിരുന്നു. വീണ്ടും കുത്താന്‍ ശ്രമിക്കുന്നതിനിടെ കൈവിരലിലാണ് കുത്തേറ്റത്. പിന്നീടാണ് മുഖത്തും തലയ്ക്കും ഇടിച്ചത്.
ഇതിനിടെ തടയാന്‍ ചെന്ന പൊലിസുകാരനെയും വടിയും കത്തിയും കൊണ്ട് ആക്രമിച്ചു. അടിയേറ്റ് തല പൊട്ടി രണ്ടുപേര്‍ക്കും തലയില്‍ തുന്നലിട്ടിട്ടുണ്ട്. കൂടാതെ കത്തി കൊണ്ടുള്ള ആക്രമണത്തില്‍ മുഖത്തും കൈവിരലുകള്‍ക്കും പരിക്കുണ്ട്. വിവരമറിഞ്ഞ് കൂടുതല്‍ പൊലിസുകാര്‍ എത്തി നാട്ടുകാരുടെ സഹായത്തോടെ പ്രതികളില്‍ മൂന്ന് പേരെ ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ബാക്കിയുണ്ടായിരുന്നവര്‍ ഓടിരക്ഷപ്പെട്ടു. ഇവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
ഗുണ്ടാസംഘം എത്തിയത് നഷ്ടപരിഹാരം വാങ്ങാന്‍
കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് ചീനിക്കാസ് എന്ന സ്വകാര്യ ബസ് പുതുവൈപ്പ് ബീച്ച് റോഡില്‍ ഒരു കാറുമായി ഉരസിയ സംഭവത്തില്‍ ബാക്കി നഷ്ടപരിഹാര തുക വാങ്ങാന്‍ ആണ് സംഘം എളങ്കുന്നപ്പുഴയില്‍ എത്തിയത്. നേരത്തെ ബസുകാര് 1,500 രൂപ നഷ്ടപരിഹാരം നല്‍കിയിരുന്നു. ഇത് പോരെന്നും 10,000 രൂപ വേണമെന്ന് പറഞ്ഞ് ഇവര്‍ തര്ക്കിച്ചത്രേ. ഇത് നല്‍കില്ല എന്ന് ബസ് ജീനക്കാര്‍ പറഞ്ഞതോടെയാണ് സംഘം ജീവനക്കാരെ ആക്രമിച്ചത്.
പൊലിസുകാർക്ക് തുണയായത് നാട്ടുകാര്‍
ആയുധവുമായി എത്തിയ ഗുണ്ടാ സംഘത്തിന്റെ ആക്രമണത്തില്‍ ധീരമായി ചെറുത്തുനിന്ന രണ്ടംഗ പൊലിസ് ഉദ്യോഗസ്ഥർക്ക് തുണയായത് പെട്രോള്‍ പന്പില്‍ എത്തിയവരുടെയും മറ്റും സമയോചിതമായ ഇടപെടല്‍. പൊലിസിനെ കത്തികൊണ്ടും വടികൊണ്ടും ആക്രമിക്കുന്നത് കണ്ട ഇവര്‍ ആദ്യം ഇടപെട്ടില്ല. എന്നാല്‍ തുടർന്നപ്പോൾ ഓടിക്കൂടിയവര്‍ ഇടപെടുകയായിരുന്നു. പൊലിസും നാട്ടുകാരും ചേര്‍ന്ന് പ്രതികളെ മൂന്ന് പേരെയും കീഴ്പ്പെടുത്തി.
ഒന്നാം പ്രതിക്കെതിരേ 22 കേസുകള്‍
പൊലിസ് ഉദ്യോഗസ്ഥരെ വധിക്കാന്‍ ശ്രമിച്ച കേസിലെ ഒന്നാംപ്രതി മുന്ന എന്ന് വിളിക്കുന്ന പ്രജിത്തിനെതിരേ ഞാറക്കല്‍ മട്ടാഞ്ചേരി സ്റ്റേഷനുകളിലായി 22 കേസുകളാണ് ഉള്ളത്. കൊലപാതകം, പിടിച്ചുപറി, മോഷണം, ആക്രമണം തുടങ്ങിയ കേസുകളാണ് ഇയൾക്കെതിരേ എടുത്തട്ടുള്ളത്. കൂടാതെ ഇയാള്‍ക്കെതിരേ കാപ്പയും ചുമത്തിയിട്ടുണ്ട്. രണ്ടാം പ്രതി രാഗിനാകട്ടെ ഞാറക്കല്‍ വരാപ്പുഴ ചേരാനല്ലൂര്‍ സ്റ്റേഷനുകളിലായി സമാനമായ രീതിയില്‍ ആറ് കേസുകള്‍ ഉണ്ടെന്നും പൊലിസ് പറഞ്ഞു.
Tags :