പേരൂര്‍ക്കട: യുവാക്കളെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഘത്തെ വട്ടിയൂര്‍ക്കാവ് പോലീസ് പിടികൂടി. വട്ടിയൂര്‍ക്കാവ് കൊടുങ്ങാനൂര്‍ ബിന്ദു നിവാസില്‍ മധു (45), കൊടുങ്ങാനൂര്‍ വെള്ളൈക്കടവ് വലിയവിള വീട്ടില്‍ അശോകന് (50) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞദിവസം ഉച്ചകഴിഞ്ഞു 3.30ന് വെള്ളൈക്കടവ് പഴയ ബിഎസ്എന്‍എല്‍ ഓഫീസിനുസമീപമായിരുന്നു സംഭവം.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: വെള്ളൈക്കടവ് മുക്കാലിവിള ഹൗസ് നമ്പര്‍ 135-ല്‍ ദാസന്റെ മകന് ജോസ് (51) നല്കിയ പരാതിയെത്തുടര്‍ന്നാണ് കേസെടുത്ത് അന്വേഷണം നടത്തിയത്. സംഭവദിവസം ജോസും ഇയാളുടെ സുഹൃത്തുക്കളായ സജി (60), മണിക്കുട്ടന് (30), സതീശന് (50), ഷിബു (60) എന്നിവരും വെള്ളെക്കടവ് ഭാഗത്ത് നില്‍ക്കുകയായിരുന്നു. ഈസമയം പ്രകോപിതരായി എത്തിയ പ്രതികള്‍ മുന്‍വൈരാഗ്യത്താല്‍ ജോസിനെ അസഭ്യം പറയുകയായിരുന്നു.
ഇതു ചോദ്യംചെയ്തപ്പോള്‍ പ്രതികളിലൊരാള്‍ വീട്ടില്‍നിന്നു വാള് എടുത്തുകൊണ്ടുവന്നു ജോസിനെ വെട്ടാനാഞ്ഞു. തലയിലേല്ക്കുമായിരുന്ന വെട്ട് കൈകൊണ്ട് തടഞ്ഞതോടെ കൈക്കു പരിക്കേല്‍ക്കുകയായിരുന്നു. വീണ്ടും വെട്ടാനാഞ്ഞപ്പോള്‍ ജോസ് ഒഴിഞ്ഞുമാറി. എന്നാല്‍ നെറ്റിക്ക് വെട്ടേല്‍ക്കുകയും ചെയ്തു. ഇതിനിടെ ജോസിനൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ ആക്രമണം തടയാന്‍ ശ്രമിച്ചു. തുടര്‍ന്ന് ജോസിന്റെ സുഹൃത്തായ മണിക്കുട്ടന്റെ മുതുകത്ത് വെട്ടേറ്റു.
സജി, സതീശന്, ഷിബു എന്നിവരെ പ്രതികള്‍ ക്രൂരമായി മര്‍ദിക്കുകയും വെട്ടാന്‍ ശ്രമിക്കുകയും ചെയ്തു. സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഘം ഒടുവില്‍ മടങ്ങിപ്പോയി. ജോസും സുഹൃത്തുക്കളും ആശുപത്രിയില്‍ ചികിത്സ തേടി. ഇവരുടെ പരാതിയെത്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് മധു, അശോകന് എന്നിവര്‍ പിടിയിലായത്. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.