മധുകുമാർ ഉടമസ്ഥന് മാല കൈമാറുന്നു.
ചോറ്റാനിക്കര: കളഞ്ഞു കിട്ടിയ സ്വർണമാല ഉടമസ്ഥന് തിരികെ നൽകി ഓട്ടോ ഡ്രൈവർ മാതൃകയായി. ചോറ്റാനിക്കര സ്കൂളിന് സമീപത്തെ സ്റ്റാൻഡിൽ ഓട്ടോറിക്ഷയോടിക്കുന്ന കുഴിയറ മഠത്തിൽപറമ്പിൽ മധുകുമാറിനാണ് കഴിഞ്ഞ ഒന്നിന് വൈകിട്ട് 4.30ഓടെ തലയോലപ്പറമ്പിലുള്ള വർക്ക്ഷോപ്പിൽ വച്ച് ആറ് ഗ്രാം തൂക്കം വരുന്ന സ്വർണമാല കിട്ടിയത്.
വർക്ക്ഷോപ്പിലെ ആളുകളോട് വിവരം പറഞ്ഞെങ്കിലും സ്വർണമായിരിക്കില്ല എന്ന് പറഞ്ഞ് എല്ലാവരും ചിരിച്ചു തള്ളുകയായിരുന്നു. എങ്കിലും ആരെങ്കിലും അന്വേഷിച്ചു വന്നാൽ അറിയിക്കണമെന്ന് പറഞ്ഞു ഫോൺ നമ്പർ കൊടുത്ത ശേഷമാണ് ഡ്രൈവർ തിരികെപ്പോന്നത്.
പിന്നീട് കരിപ്പാടത്തുള്ള ഓട്ടോ ഡ്രൈവറായ സന്തോഷ് കുമാർ എന്നയാളുടെ മാലയാണ് നഷ്ടപ്പെട്ടതെന്നും സന്തോഷ് കുമാർ അന്വേഷിച്ച് എത്തിയിരുന്നതായും വർക്ക്ഷോപ്പിലെ ആൾ അറിയിച്ചതിനെ തുടർന്ന് ഉടമസ്ഥനെ തിരിച്ചറിയുകയായിരുന്നു. പിന്നാലെ ഉടമസ്ഥൻ ചോറ്റാനിക്കരയിലെത്തി മധുവിനെ കാണുകയും ചോറ്റാനിക്കര പോലീസ് സ്റ്റേഷനിൽ വച്ച് മാല ഉടമസ്ഥന് കൈമാറുകയും ചെയ്തു.
Tags : Local News Nattuvishesham Ernakulam