നിലന്പൂർ: ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിൽ മരക്കൊന്പ് പൊട്ടിവീണ് ഓട്ടോറിക്ഷ തകർന്നു. നിസാര പരിക്കുകളോടെ ഡ്രൈവർ കാട്ടുമുണ്ട അയ്യർവാലിൽ അഫ്സൽ ബാബു (42) അപകടത്തിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാവിലെ 11.15ഓടെ നിലന്പൂർ കനോലി പ്ലോട്ടിന് സമീപം കെഎൻജി റോഡിലാണ് സംഭവം. നിലന്പൂരിൽ യാത്രക്കാരെ ഇറക്കി കാട്ടുമുണ്ടയിലേക്ക് മടങ്ങുന്പോഴാണ് അഫ്സൽ ബാബു ഇരുന്ന ഭാഗത്തേക്ക് മരം പൊട്ടിവീണത്.
ഓട്ടോറിക്ഷയുടെ ഗ്ലാസ് ഉൾപ്പെടെ തകർന്നു. ഈ സമയം നിലന്പൂരിൽ കനത്ത മഴയും കാറ്റുമുണ്ടായിരുന്നു.
കഴിഞ്ഞ ദിവസം ഇവിടെ കാറിന് മുകളിലേക്ക് മരം പൊട്ടി വീണ് കാർ യാത്രക്കാർക്ക് നിസാര പരിക്കേറ്റിരുന്നു.
വനം വകുപ്പിന്റെ പരിധിയിൽപ്പെട്ട ഭാഗങ്ങളിൽ അപകടകരമായി നിൽക്കുന്ന മരങ്ങളുടെ കൊന്പുകൾ മുറിച്ചുമാറ്റാത്തതാണ് ഇത്തരം അപകടങ്ങൾ ആവർത്തിക്കാൻ കാരണം.
ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന അന്തർസംസ്ഥാന പാതയായ കെഎൻജി റോഡിന്റെ ഈ ഭാഗം യാത്രക്കാർക്ക് ഭീഷണിയായിട്ടുണ്ട്.
Tags : Nattuvishesham Autorickshaw tree trunk bursts