തൃശൂർ: 22 വർഷംമുന്പു തുടങ്ങിയ അയ്യന്തോൾ - പുഴയ്ക്കൽ മോഡൽ റോഡ് നാലാംഘട്ടം പൂർത്തീകരണത്തിനു ബജറ്റിൽ ഒരുകോടി രൂപ അനുവദിച്ചതു യാത്രക്കാർക്കും പ്രദേശവാസികൾക്കും ആശ്വാസമായി. അയ്യന്തോളിൽ കളക്ടറുടെ ഔദ്യോഗികവസതി മുതൽ പുഴയ്ക്കൽ പാടംവരെയുള്ള ഭാഗമാണ് ഇനി പൂർത്തിയാക്കാനുള്ളത്. ഈ ഭാഗത്തെ റോഡുപണി എത്രയും വേഗം ആരംഭിച്ച് പൂർത്തീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഘട്ടംഘട്ടമായി നടന്നുവന്ന മോഡൽ റോഡ് പണി അവസാനമായി നിർത്തിവച്ചതു പത്തുവർഷംമുന്പാണ്. തുടർപണികൾക്കായി ആറുവർഷംമുന്പ് സർക്കാർ ഭരണാനുമതിയും 20 കോടി രൂപയും അനുവദിച്ചിരുന്നെങ്കിലും ഒന്നും നടന്നില്ല. ഏറ്റെടുക്കേണ്ട ഭൂമി അളന്നു കല്ലുകൾ സ്ഥാപിച്ചിട്ടും വർഷങ്ങൾ നിരവധി കഴിഞ്ഞു. സ്ഥലം ഏറ്റെടുക്കുന്നതിനെതിരേ കേസുകളോ പരാതികളോ ഇല്ലാതിരുന്നിട്ടും റോഡുപണി പൂർത്തിയാകാതെ നീളുകയായിരുന്നു. വാഹനങ്ങളുടെ എണ്ണം കൂടിയതോടെ ഈ ഭാഗത്തു പലപ്പോഴും മണിക്കൂറുകളോളം ഗതാഗതക്കുരുക്കാണ്.
രണ്ടു കിലോമീറ്റർ മാത്രമുള്ള അയ്യന്തോളിലെ കോൺവെന്റ് മുതൽ പുഴയ്ക്കൽ പാടംജംഗ്ഷൻ വരെയുള്ള ഭാഗത്തെ റോഡ് നിർമാണംകൂടി പൂർത്തീകരിച്ചാൽ ജില്ലയുടെ വടക്കുഭാഗത്തേക്കും തിരിച്ചുമുള്ള ഗതാഗതം സുഗമമാക്കാൻ കഴിയും.
ബജറ്റിൽ തുക അനുവദിച്ച വേളയിൽ ഈ ഭാഗത്തെ മോഡൽ റോഡിന്റെ പണി ഉടൻ പൂർത്തിയാക്കാൻ മുഖ്യമന്ത്രിയും ജില്ലയിലെ മന്ത്രിയും എംഎൽഎമാരും വ്യക്തിപരമായ താല്പര്യം കാണിക്കണമെന്ന് അയ്യന്തോൾ ജനകീയസമിതി കൺവീനർ ജെയിംസ് മുട്ടിക്കൽ ആവശ്യപ്പെട്ടു.
Tags : Road Nattuvishesham Distric News