നെയ്യാറ്റിന്‍കര: ബി. വാസന്തി സ്മാരക വായന പുരസ്കാരം കുളത്തൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥിനി സഫിയ ഷാനവാസിന് സമ്മാനിച്ചു. വായന ദിനത്തില്‍ ഓര്‍മയായ അമ്മയുടെ പേരില്‍ മക്കളായ ഡോ. സി.വി. സുരേഷും സി.വി ജയശ്രീയും ഏര്‍പ്പെടുത്തിയതാണ് ഈ പുരസ്കാരം. വായനയെ ജീവിതചര്യയാക്കുന്ന കുഞ്ഞു വായനക്കാരെ കണ്ടെത്തി പുസ്തകങ്ങൾ നൽകുന്ന പദ്ധതിയാണിതെന്ന് സുരേഷ് `ദീപിക`യോട് പറഞ്ഞു.
കുളത്തൂര്‍ ഗവ. വി ആന്‍ഡ് എച്ച്എസ്എസില്‍ സംഘടിപ്പിച്ച ചടങ്ങ് ജില്ലാ പഞ്ചായത്തംഗം അഡ്വ. സി.ആര്. പ്രാണകുമാർ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ബൈജു അധ്യക്ഷനായി. പ്രിൻസിപ്പൽ ജെ.വി. അനിത, ഹെഡ്മിസ്ട്രസ് കെ.എസ്. സരിത, കഥാകൃത്ത് സജി മരിയാപുരം, നോവലിസ്റ്റ് കെ. ദിവാകരൻ, നേതാജി ഗ്രന്ഥശാലാ സെക്രട്ടറി എം.ആർ. കലാനാഥ്,
ബിആർസി ട്രെയിനർ കെ.സി. പ്രിയ, സി.വി. ജയശ്രീ, സ്പെഷൽ ടീച്ചർ ലതകുമാരി, അധ്യാപിക എ. രാജലക്ഷ്മി, ഡോ. സി.വി സുരേഷ് എന്നിവർ പങ്കെടുത്തു. ഇക്കഴിഞ്ഞ വര്‍ഷമാണ് പദ്ധതി ആരംഭിച്ചത്. പ്ലാമൂട്ടുക്കട നേതാജി യുവജനസംഘം ഗ്രന്ഥശാലയിലെ വായന പ്രതിഭയായി തിളങ്ങിയ എച്ച്.എ. അഫ്ലഹ ഫാത്തിമക്കാ യിരുന്നു പ്രഥമപുരസ്കാരം.