ഉപേക്ഷിക്കപ്പെട്ട നിലയില്‍ ചോരക്കുഞ്ഞിനെ കണ്ടെത്തിയ ദേശീയപാത കൊച്ചി മരടിലെ മാളിനു സമീപത്തെ ഇടവഴിയിലുള്ള തട്ടുകട.
വഴിയോരത്ത് ഉപേക്ഷിച്ച കുഞ്ഞ് ഇനി സന്യാസിനിമാരുടെ സ്നേഹത്തണലില്‍
കൊച്ചി: പാതിരാത്രിയില്‍ ഇടവഴിയോരത്തെ തട്ടുകടയുടെ മരബെഞ്ചില്‍ ഒരു കുഞ്ഞുജീവന്..! പിറന്നിട്ടു മണിക്കൂറുകള്‍ മാത്രം പിന്നിടുമ്പോഴാണ് കൂരിരുട്ടില്‍, തെരുവുനായ്ക്കളും മറ്റു ജീവികളും വട്ടമിടുന്ന, ഒട്ടും സുരക്ഷിതമല്ലാത്ത സാഹചര്യത്തില്‍ അവനെ ഉപേക്ഷിച്ചത്..! ആ നിഷ്കളങ്ക ജീവന് ആശുപത്രി വാസത്തിനുശേഷം ഇനി സന്യാസിനിമാരുടെ സ്നേഹത്തണലില്‍ വളരും.
ദേശീയപാതയില്‍ കൊച്ചി മരടിലെ മാളിനു സമീപത്തെ അടഞ്ഞുകിടന്ന തട്ടുകടയില്‍ കഴിഞ്ഞ 28നു പുലര്‍ച്ചെ 12.30നാണ് ഉപേക്ഷിച്ച നിലയില്‍ ചോരക്കുഞ്ഞു കിടക്കുന്ന വിവരം ജില്ലാ ശിശുക്ഷേമ സമിതിയും പോലീസും അറിയുന്നത്. ചോരവാര്‍ന്ന നിലയിലായിരുന്നു കുഞ്ഞിനെ കണ്ടെത്തിയത്. ഇടുക്കി സ്വദേശിനിയായ യുവതി പ്രസവിച്ചശേഷം കുഞ്ഞിനെ ഉപേക്ഷിച്ചതാണെന്നാണു മരട് പോലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. ശിശുക്ഷേമ സമിതിയുടെ ആവശ്യപ്രകാരം പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്.
എറണാകുളം ജനറല്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച കുഞ്ഞിനു നിലവില്‍ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു. കുഞ്ഞിന്റെ അവകാശികളാരും ആശുപത്രി അധികൃതേരെയോ ശിശുക്ഷേമ സമിതിയെയോ ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെന്നു സമിതി ജില്ലാ ചെയര്മാന് അഡ്വ. ഉല്ലാസ് മധു അറിയിച്ചു. ഈ സാഹചര്യത്തിലാണ് കുഞ്ഞിനെ അങ്കമാലി എടക്കുന്നില്‍ സിസ്റ്റേഴ്സ് ഓഫ് നസ്രത്ത് (സിഎസ്എന്‍) സന്യാസിനിമാരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ശിശുഭവനിലേക്കു മാറ്റാന്‍ തീരുമാനിച്ചത്.
ഇവിടെ സന്യാസിനിമാര്‍ക്കൊപ്പം ഡോക്ടറുടെയും നഴ്സുമാരുടെയും സേവനം കുഞ്ഞിനുണ്ടാകും. ഉപേക്ഷിക്കപ്പെട്ട നവജാത ശിശുക്കളുള്‍പ്പടെ അഞ്ചു വയസുവരെയുള്ള കുഞ്ഞുങ്ങളെയാണു ജില്ലാ ശിശുക്ഷേമ സമിതിയുടെ മേല്‍നോട്ടത്തില്‍ ശിശുഭവനില്‍ പാര്‍പ്പിക്കുന്നത്.
Tags : Local News Nattuvishesham Ernakulam