കൊട്ടിയം: മയ്യനാട് പഞ്ചായത്തില്‍ 8.6 കോടി രൂപയ്ക്കു മുകളിലുള്ള പദ്ധതികള്‍ അടുത്തവര്‍ഷത്തേക്കു വകമാറ്റി. പദ്ധതി തുക ചെലവഴിക്കാത്തതിനെ തുടര്‍ന്ന് അസി. എന്ജിനിയറടക്കമുള്ള ഉദ്യോഗസ്ഥര്ക്കെതിരേ നടപടിയാവശ്യപ്പെട്ട് പഞ്ചായത്ത് കമ്മിറ്റി പ്രമേയം പാസാക്കി.
പഞ്ചായത്ത് അംഗങ്ങളായ വിപിന്‍ ജോസും എസ്. ഷെമീറും ചേര്‍ന്നാണ് പ്രമേയം അവതരിപ്പിച്ചത്. വാര്‍ഷിക പദ്ധതികള്‍ സമയബന്ധിതമായി തീര്‍ക്കുന്നതിലോ വികസനപ്രവൃത്തികള്‍ക്ക് ആവശ്യമായ നടപടികള്‍ സ്വീകരിക്കാനോ ചെയ്യാത്തതിനാലാണ് തുക ചെലവഴിക്കാന്‍ കഴിയാതെ പോയതെന്ന് പഞ്ചായത്ത് അംഗം വിപിന്‍ ജോസ് പറഞ്ഞു.
വികസന ഫണ്ടുകള്‍ സമയബന്ധിതമായി വിനിയോഗിച്ച് ബില്ലുകള്‍ മാറാന്‍ നടപടികളൊന്നുമില്ല. പഞ്ചായത്തിന്റെ വികസനത്തെ ഇതു പിന്നോട്ടടിക്കുകയാണ്. ഉദ്യോഗസ്ഥരുടെ അനാസ്ഥയെതിരേ വകുപ്പുതല നടപടിയാവശ്യപെട്ട് പഞ്ചായത്ത് ഭരണസമിതി സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചെന്നും അംഗങ്ങള്‍ പറഞ്ഞു.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സാമ്പത്തിക ഞെരുക്കംമൂലം മൂന്നാം ഗഡു ലഭ്യമായിരുന്നില്ല. പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തി ബജറ്റ് പുതുക്കിയതോടെ വാര്‍ഷിക പദ്ധതിയില്‍ പറയുന്ന പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ കാലതാമസമുണ്ടാകും.
സംസ്ഥാന ബജറ്റ് പുതുക്കിയതോടെ കഴിഞ്ഞ മാര്‍ച്ചില്‍ അംഗീകാരം നേടിയ, 2026-27 സാമ്പത്തികവര്‍ഷത്തെ പദ്ധതികള്‍ വീണ്ടും പുതുക്കണം. ജില്ലാ ആസൂത്രണസമിതികള്‍ ഇവയ്ക്ക് അംഗീകാരവും നല്‍കണം.
അംഗീകാരം കിട്ടുന്ന പദ്ധതികള്‍ ഗ്രാമസഭകളില്‍ ചര്‍ച്ചചെയ്ത് നടപ്പാക്കിത്തുടങ്ങാന്‍ ഓഗസ്റ്റ് ആകും. തുടര്‍ന്ന് എട്ടുമാസം കൊണ്ടുമാത്രമേ പദ്ധതി നടപ്പിലാക്കാന്‍ കഴിയൂ.
Tags : Local News Nattuvishesham Kollam