പത്തനാപുരം: കറവൂരിലും കിഴക്കന്‍ മേഖലയിലുമുള്ള കാട്ടാന ശല്യം പരിഹരിക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുമെന്ന് പുനലൂര്‍ ഡിഎഫ്ഒ വൈ.എം. ഷാജികുമാര്‍ അറിയിച്ചു. കറവൂര്‍ വനം ചെക്ക്പോസ്റ്റില്‍ നാട്ടുകാരമായുള്ള ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
കാട്ടാനകളെ തുരത്തുന്നതിനു വേണ്ടി വനംവകുപ്പ് അലിമുക്ക് മുതല്‍ കറവൂര്‍ വരെ പ്രത്യേക ദൗത്യം ആരംഭിച്ചിരുന്നു. എന്നാല്‍ കറവൂരിന് കിഴക്കുള്ള പെരുന്തോയില്‍ കുമരം കുടി, ചാങ്ങപ്പാറ, ചണ്ണയ്ക്കാമണ്‍, ഓലപ്പാറ, മുള്ളുമല, ചെമ്പനരുവി എന്നീ പ്രദേശങ്ങളിലെ കാട്ടാന ശല്യത്തിന് പരിഹാരം ഉണ്ടാക്കാതെ കറവൂര്‍ അക്വിഡക്ടിന് സമീപം കിടങ്ങ് നിര്‍മിക്കുന്നതിനെതിരെ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു.
കിഴക്കന്‍ മേഖലയിലെ പ്രദേശങ്ങളെ ആനത്താവളമാക്കുന്നതിനാണ് വനം വകുപ്പ് ശ്രമിക്കുന്നതെന്നാരോപിച്ചായിരുന്നു ജനങ്ങള്‍ പ്രതിഷേധമുയര്‍ത്തിയത്. കഴിഞ്ഞ ദിവസം കറവൂരില്‍ കൂടിയ യോഗത്തിലാണ് ഈ പ്രദേശത്ത് തമ്പടിച്ചിട്ടുള്ള മുഴുവന്‍ ആനകളെയും ഉള്‍വനത്തിലേക്ക് തുരത്തി സോളാര്‍ ഫെന്‍സിംഗും കിടങ്ങും സ്ഥാപിക്കുമെന്നും തകര്‍ന്ന കിടങ്ങുകളും ഫെന്‍സിംഗുകളും അറ്റകുറ്റപ്പണി നടത്തുമെന്നും ഡിഎഫ്ഒ യോഗത്തെ അറിയിച്ചത്.
ഡിഎഫ്ഒക്ക് പുറമേ, പത്തനാപുരം റെയ്ഞ്ചാഫീസര്‍ ഷൈജു എ, ജനപ്രതിനിധികള്‍, കക്ഷിരാഷ്ട്രീയപ്രതി നിധികള്‍ നാട്ടുകാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Tags : Local News Nattuvishesham Kollam