പാലക്കാട്: സിവിൽ സപ്ലൈസ് കോർപറേഷന് നെല്ലുനൽകിയ കർഷകർ പണത്തിനായി ബാങ്കിൽ ചെല്ലുന്പോൾ സിബിൽ സ്കോറിന്റെ പേരിൽ പണംനൽകാനാവില്ലെന്ന ബാങ്കുകളുടെ നിലപാട് അത്യന്തം പ്രതിഷേധാർഹമാണെന്നു ദേശീയ കർഷകസമാജം.
ബാങ്കുകളിൽനിന്ന് വായ്പയെടുത്ത് യഥാസമയം തിരിച്ചടക്കാതിരിക്കുകയോ ഒറ്റത്തവണ തീർപ്പാക്കുകയോ ചെയ്തവർക്ക് അടുത്ത രണ്ടുവർഷംവായ്പ നല്കുകയില്ലെന്ന നിബന്ധനയാണ് കർഷകർക്കു വിനയാകുന്നത്.
നെല്ലിന്റെ പണം നൽകുന്നതിനുപകരം വായ്പ നൽകുന്ന രീതിയാണ് ഇപ്പോഴും തുടരുന്നത്. ഈ വിരോധാഭാസം കർഷകർ പലതവണ ചൂണ്ടിക്കാണിച്ചെങ്കിലും അതിനു പരിഹാരമായില്ല. പ്രായാധിക്യമോ ഗുരുതരരോഗം ബാധിച്ചവർക്കോ മാത്രമേ സപ്ലൈകോയിൽനിന്ന് നേരിട്ട് പണം നൽകാൻ കഴിയൂ എന്നാണ് അവരുടെ നിലപാട്.
വായ്പാതിരിച്ചടവ് നടത്തിയവർക്കുപോലും പുനർവായ്പ നിഷേധിക്കുന്നത് അനീതിയാണ്. ഇപ്പോൾ ഒന്നാംവിള ഇറക്കുന്ന സമയമാണ്. മറ്റാവശ്യങ്ങൾക്കും പണം കർഷകർക്ക് കണ്ടെത്തിയേ മതിയാകൂ.
കടുത്ത സാന്പത്തിക പ്രതിസന്ധി നേരിടുന്ന കർഷകരോട് സാങ്കേതിക കാര്യങ്ങൾ പറയുകയും പണം നൽകാതെ തിരിച്ചയക്കുകയും ചെയ്യുന്ന രീതി അവസാനിപ്പിക്കണമെന്നു കർഷകസമാജം ആവശ്യപ്പെട്ടു. ബാങ്കുകളിലെ ഉന്നത അധികാരികൾ ഇടപെട്ട് പ്രതിസന്ധി പരിഹരിക്കണമെന്നാണ് കർഷകരുടെ ആവശ്യം.
യോഗത്തിൽ ജില്ലാ പ്രസിഡന്റ് മുതലാംതോട് മണി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വി. രവീന്ദ്രൻ, സി.കെ. രാമദാസ്, എസ്. സുരേഷ്, എ.ബി. അരവിന്ദാക്ഷൻ, കെ.എ. രാമകൃഷ്ണൻ, കെ. നേതാജി എന്നിവർ പ്രസംഗിച്ചു.
Tags : Nattuvishesham District News