കരിക്കോട്ടക്കരിയിൽ വീടുകളിൽ വെള്ളം കയറുന്നതിന് താത്കാലിക പരിഹാരം
ഇരിട്ടി: മലയോര ഹൈവേ കരിക്കോട്ടക്കരി-എടൂർ റീച്ചിൽ കരിക്കോട്ടക്കരി ടൗണിന് സമീപം റോഡിൽ നിന്ന് മഴവെള്ളം വീടുകളിലേക്ക് ഒഴുകിയെത്തുന്നത് തടയാൻ പഞ്ചായത്തും കെആർഎഫ്ബി അധികൃതരും ഇടപെട്ട് താത്കാലിക പരിഹാരത്തിന് നിർദേശം നൽകി. വേണ്ടത്ര സ്ഥലം ലഭ്യമല്ലാതെ വന്നതോടെ ഓവുചാൽ നിർമിക്കാതെയാണ് റോഡിന്റെ പ്രവൃത്തികൾ ഇവിടെ പൂർത്തിയാക്കിയത്. ശക്തമായ മഴ ആരംഭിച്ചതോടെ ചെളിയും മഴവെള്ളവും വീട്ടുമുറ്റത്തേക്ക് ഒഴുകി എത്തിയതോടെയാണ് താമസക്കാർ പരാതിയുമായി എത്തിയത്.
പിണക്കാട്ട് പറമ്പിൽ ജിജി, ഇരട്ടകുളം ഡെന്നി, കവളക്കാട്ട് സണ്ണി, കുന്നുമേൽക്കണ്ടി നളിനി, കല്ലറയ്ക്കൽ ജേക്കബ് എന്നിവരുടെ വീടുകളിലേക്കാണ് വെള്ളം കയറിയത്. അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്റ് മിനി വിശ്വനാഥന്റെ നേതൃത്വത്തിൽ പ്രദേശവാസികളുമായി നടത്തിയ ചർച്ചയിലാണ് താത്കാലിക പരിഹാരത്തിന് നിർദേശം നൽകിയത്.
റോഡിലൂടെ ഒഴുകിയെത്തുന്ന വെള്ളം മറ്റൊരു സ്ഥലത്തുകൂടി തിരിച്ചുവിട്ടാണ് താത്കാലിക സംവിധാനം ഒരുക്കുന്നത്. അതിനായുള്ള പ്രവൃത്തികൾ കരാറുകാരൻ ആരംഭിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ ജോസ്കുഞ്ഞ് തടത്തിൽ, മേഴ്സി മരിയ, ബ്ലോക്ക് പഞ്ചായത്തംഗം മനോജ് എം. കണ്ടത്തിൽ, പഞ്ചായത്തംഗങ്ങളായ ലൈലമ്മ മാത്യു, ബിന്ദു ഷാജി, കെആർഎഫ്ബി എഎക്സ്ഇ പി. സനില, എഇ ടി.കെ. റോജി, കരിക്കോട്ടക്കരി പോലീസ് എന്നിവർ സ്ഥലത്തെത്തി ചർച്ച നടത്തി.
അടിയന്തര യോഗം ഇന്ന്
കരിക്കോട്ടക്കരി ടൗണിനോട് ചേർന്ന് 50 മീറ്റർ ദൂരത്തിൽ ഓവുചാൽ നിർമിക്കുന്നതുമായി ബന്ധപ്പെട്ട് സമീപത്തെ സ്ഥലം ഉടമസ്ഥരുടെ അടിയന്തര യോഗം ഇന്ന് നടക്കും. ആവശ്യമായ സ്ഥലം വിട്ടുനൽകാൻ ഉടമകൾ തയാറായ സാഹചര്യത്തിലാണ് അടിയന്തര യോഗം വിളിച്ചുചേർക്കുന്നത്.
നിലവിൽ റോഡിന്റെ പ്രവൃത്തികൾ 90 ശതമാനത്തിലധികം പൂർത്തിയായ സഹചര്യത്തിൽ പുതുതായി 100 മീറ്ററോളം വരുന്ന ഓവുചാൽ നിർമാണം പ്രയോഗിക ബുദ്ധിമുട്ടുള്ളതായി കെആർഎഫ്ബി അധികൃതർ അറിയിച്ചതോടെയാണ് താത്കാലിക നടപടികൾ സ്വീകരിച്ചത്.
Tags : Nattuvishesham District News