പ്രാഥമിക സൗകര്യം പോലുമില്ലാതെ ഉദ്യോഗസ്ഥർ
ഇരിട്ടി: മഴക്കാലം ശക്തമായതോടെ ചോർന്നൊലിക്കുന്ന ഇരിട്ടി അഗ്നിരക്ഷാ നിലയത്തിൽ പ്രാഥമിക സൗകര്യംപോലുമില്ലാതെ ഉദ്യോഗസ്ഥർ ദുരിതത്തിൽ. പുറത്തുനിന്ന് നോക്കിയാൽ അഗ്നിരക്ഷാനിലയത്തിന്റെ മട്ടും ഭാവവും തോന്നുമെങ്കിലും അകത്തേക്ക് കടന്നാൽ കണക്കുകൂട്ടലുകൾ തെറ്റും.
വിണ്ടുകീറിയ ആസ്ബറ്റോസ് ഷീറ്റുകൾക്ക് വിടവിലൂടെ എത്തുന്ന മഴവെള്ളം ശേഖരിക്കാൻ പാത്രങ്ങൾ നിരത്തിവച്ചിരിക്കുന്നു. ബലക്ഷയം ബാധിച്ചതിനെ തുടർന്ന് ആരോഗ്യ വകുപ്പ് ഉപേക്ഷിച്ച ജീർണിച്ച കെട്ടിടത്തിലാണ് ഏകദേശം മുപ്പത്തഞ്ചോളം ഉദ്യോഗസ്ഥർ ജോലി ചെയ്യുന്നത്.
കോൺക്രീറ്റും ആസ്ബസ്റ്റോസ് ഷീറ്റും ഉപയോഗിച്ച് നിർമിച്ച വർഷങ്ങൾ പഴക്കമുള്ള കെട്ടിടത്തിന്റെ ചുമരിലും മേൽക്കൂരയ്ക്കും വ്യാപകമായി വിള്ളലുകൾ രൂപപ്പെട്ടിട്ടുണ്ട്. മഴക്കാലത്ത് മേൽക്കൂരയിൽ പ്ലാസ്റ്റിക്ക് വിരിച്ചാണ് ചോർച്ച തടയുന്നത്. മഴ കനക്കുന്പോൾ ഓഫീസിനകത്തേക്കും ഉദ്യോഗസ്ഥർ വിശ്രമിക്കുന്ന മുറികളിലേക്കും വെള്ളം ചോർന്നിറങ്ങുന്നത് പതിവാണ്.
ചില സമയങ്ങളിൽ ഓഫീസിനകത്ത് വെള്ളം കയറുന്നതും പ്രവർത്തനങ്ങളെ ബാധിക്കുന്നു. മലയോരത്തെ ഏത് അടിയന്തര സാഹചര്യത്തിലും ജീവൻ പണയംവച്ച് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന അഗ്നിരക്ഷാ സേനാംഗങ്ങൾക്കാണ് സ്വന്തം ഓഫീസിൽ സുരക്ഷിതമായി ജോലി ചെയ്യാനുള്ള സാഹചര്യമില്ലാത്തത്.
അടിക്കടി ഉണ്ടാകുന്ന വൈദ്യുതി മുടക്കവും ഉദ്യോഗസ്ഥരുടെ ദുരിതം വർധിപ്പിക്കുകയാണ്. ജനറേറ്ററോ മതിയായ ഇൻവർട്ടറോ ഇല്ലാത്തതിനാൽ വൈദ്യുതി നിലച്ചാൽ ഓഫീസ് പൂർണമായും ഇരുട്ടിലാകും. ഫോണും കംപ്യൂട്ടറും നിശ്ചലമാകും. പിന്നെ അടിയന്തര ഫോൺ കോളുകൾ പോലും ലഭിക്കില്ല. ഉദ്യോഗസ്ഥരുടെ ഫോൺ നമ്പറിൽ വിളിച്ചാണ് പലപ്പോഴും വിവരങ്ങൾ അറിയിക്കുന്നത്.
ഇൻവർട്ടർ തകരാറിലായതിനെ തുടർന്ന് സ്വന്തം ചെലവിൽ ബാറ്ററി വാങ്ങി അറ്റകുറ്റപ്പണി നടത്തേണ്ടി വന്നതായും ഉദ്യോഗസ്ഥർ പറയുന്നു. അഗ്നിരക്ഷാ നിലയത്തിന് പുതിയ കെട്ടിടം വേണമെന്ന ആവശ്യം ഉയർന്നതോടെ പയഞ്ചേരിമുക്കിലെ കോറയിൽ 40 സെന്റ് സ്ഥലം അനുവദിച്ചിരുന്നു.
ഇവിടെ പുതിയ കെട്ടിടം നിർമിക്കുന്നതിനായി 3.19 കോടി രൂപ അനുവദിച്ചിട്ടുണ്ട്. എങ്കിലും ഇതുവരെ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. മണ്ണ് പരിശോധന റിപ്പോർട്ട് ലഭിക്കുന്നതോടെ തുടർനടപടികൾ ആരംഭിക്കാമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
ഏത് സാഹചര്യത്തിലും ജനത്തിന്റെ ജീവൻ രക്ഷിക്കാൻ മുന്നിട്ടിറങ്ങുന്ന അഗ്നിരക്ഷാ സേനാംഗങ്ങൾക്ക് സുരക്ഷിതവും അടിസ്ഥാന സൗകര്യങ്ങളോടുകൂടിയതുമായ ഓഫീസ് കെട്ടിടം എത്രയും വേഗം യാഥാർഥ്യമാക്കണമെന്നാണ് ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും ആവശ്യം.
Tags : Nattuvishesham District News