പാലക്കാട്: ഇത്തവണ വേനലിൽ പതിവിൽ കൂടുതൽ ചൂട് ഉയരാൻ സാധ്യത. മുൻവർഷങ്ങളിൽ ഇതേ ദിവസങ്ങളിലെ ചൂടിനേക്കാൾ ഉയർന്ന താപനിലയാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്. മഴയില്ലാത്തതിനാൽ ചൂട് ഇതേനിലയിൽ തുടർന്നേക്കുമെന്നാണ് വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.
പകൽസമയത്ത് വെയിലിന്റെ കാഠിന്യം ഏറിവരികയാണ്. അണക്കെട്ട് പ്രദേശങ്ങളിലാണ് ചൂട് കൂടുതൽ രേഖപ്പെടുത്തിയിട്ടുള്ളത്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ജില്ലയിൽ സ്ഥാപിച്ച ഓട്ടോമാറ്റിക് വെതർ സ്റ്റേഷനിലെ കണക്കുകൾ പ്രകാരം ഏറ്റവും ഉയർന്നചൂട് 38.5 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയത് മലമ്പുഴയിൽ.
നാലുദിവസത്തോളം ഇതേ തോത് രേഖപ്പെടുത്തി. പക്ഷെ പലയിടങ്ങളിലും അതിരാവിലെ തണുപ്പ് 16 ഡിഗ്രി മുതൽ 23 ഡിഗ്രി വരെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഈ വ്യതിയാനം ജനജീവിതത്തെ പൊതുവെ ബാധിച്ചിട്ടുണ്ട്.
മലയോരമേഖലയായ അട്ടപ്പാടി, നെല്ലിയാമ്പതി, പറമ്പിക്കുളം എന്നിവിടങ്ങളിലാണ് ഈ രേഖപ്പെടുത്തലുകൾ. രാവിലെ 11 മുതൽ മൂന്നുവരെയാണ് ചൂടു കൂടുന്നത്. നിലവിൽ വടക്കഞ്ചേരിയിൽ നിന്നുമാത്രമാണ് സൂര്യാതപകേസ് റിപ്പോർട്ടു ചെയ്തിട്ടുള്ളത്.
പശു അടക്കമുള്ള വളർത്തുമൃഗങ്ങളും നേരിട്ട് ചൂടേൽക്കുന്നതു ഒഴിവാക്കണമെന്നു മൃഗസംരക്ഷണവകുപ്പ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
നേരിട്ട് വെയിലേൽക്കുന്ന ജോലികളിൽ ഏർപ്പെടുന്നവർ ജാഗ്രത പുലർത്തണം.
ശരീരത്തിലെ ചുട് ക്രമാതീതമായി ഉയരുക, ശരീരം ചുവന്നു വരിക, ശക്തമായ തലവേദന, തലകറക്കം, മന്ദഗതിയിലുള്ള നാഡിമിടിപ്പ് എന്നിവയും ബോധക്ഷയവും ദൃശ്യമായാൽ ഉടൻ ഡോക്ടറുടെ സേവനം ലഭ്യമാക്കണമെന്നും അധികൃതർ അറിയിച്ചു.
Tags : Be careful nattuvishesham local news