കടപ്പാറ ആലിങ്കൽ വെള്ളച്ചാട്ടത്തിന്റെ ദൂരക്കാഴ്ച.
മംഗലംഡാം: കടപ്പാറക്കടുത്ത് വനത്തിനകത്തെ ആലിങ്കൽ വെള്ളച്ചാട്ടം ശക്തി പ്രാപിച്ച് മനോഹരിയായി. കാനനഭംഗിയുടെ സർവ ഭാവത്തോടെയാണ് ഈ ജലപാതം കരിമ്പാറകളിൽ തട്ടി ചിതറി വെള്ളപട്ടണിഞ്ഞ് പായുന്നത്. തളികകല്ല് ആദിവാസി ഉന്നതിയിലേക്കുള്ള കാട്ടുപാതക്കു സമീപം രണ്ട് കുന്നുകൾക്കിടയിലാണ് ഈ വെള്ളച്ചാട്ടം. അതിനാൽ ഇത് പെട്ടെന്ന് ശ്രദ്ധയിൽപ്പെടില്ല. നഷ്ടമാകാത്ത വന്യഭംഗി പശ്ചാത്തലമൊരുക്കി ദൂരെ നിന്നുള്ള ഈ ജലപാതകാഴ്ച ആശ്ചര്യപ്പെടുത്തുന്നതാണ്. മംഗലംഡാമിൽ നിന്നും 15 കിലോമീറ്റർ മാറിയാണ് ഈ വെള്ളച്ചാട്ടം. പോത്തംതോട് പാലത്തിനടുത്തെ നിറഞ്ഞൊഴുകുന്ന തോട് മുറിച്ചു കടന്നുവേണം ജലപാതത്തിനടുത്തെത്താൻ.
ഇതിനാൽ തോട്ടിലെ വെള്ളം കുറയുന്ന സമയത്ത് മാത്രമെ കടന്നുപോകാനാകു. മഴക്കാലത്തിന്റെ രൗദ്രഭാവം ഒടുങ്ങിയതിനുശേഷം ഇവിടെ പോകുന്നതാകും സുരക്ഷിതം. മലനിരകളിൽ നിന്നും വനത്തിൽ നിന്നും പാഞ്ഞെത്തുന്ന ഈ വെള്ളം തളികകല്ലിൽ നിന്നും പോത്തൻതോട്ടിൽ നിന്നുമുള്ള കാട്ടുചോലകൾ കൂടി തിപ്പിലിക്കയം എന്ന അഗാധകയത്തിൽ സംഗമിച്ചാണ് പിന്നീട് കടപ്പാറ തോട് വഴി യാത്ര തുടർന്ന് രണ്ടാം പുഴയിലൂടെ മംഗലംഡാം റിസർവോയറിലെത്തുന്നത്. മംഗലം ഡാമിന്റെ ഏറ്റവും ശക്തമായ നീരോഴുക്കുകളിൽ ഒന്നാണ് കടപ്പാറ തോട്.
ആലിങ്കൽ വെള്ളച്ചാട്ടം ശക്തിപ്പെട്ടാൽ പിന്നെ മംഗലംഡാമിലെ ജലനിരപ്പ് ഉയരുന്നത് അതിവേഗമാകും. അത്രയും വെള്ളമാണ് വനമേഖലയിൽ നിന്നും ഈ ജലപാതത്തിലൂടെ ഒഴുകിയെത്തുന്നത്.
പ്രകൃതി ഒരുക്കിയിട്ടുള്ള വിസ്മയകാഴ്ചയാണ് ആലിങ്കൽ വെള്ളച്ചാട്ടം. മനുഷ്യരുടെ ഇടപെടലുകൾ ഇല്ലാത്തതിനാൽ കാനന കരുത്തിന്റെ സ്വാഭാവികത ഇന്നും ഇവിടെ നിലനിൽക്കുന്നുണ്ട്.
നൂറടിയോളം ഉയരത്തിൽ നിന്നാണ് വെള്ളം താഴേക്ക് പതിക്കുന്നത്. തളികക്കല്ല് ഉന്നതി വഴിയിൽ വേറെയും ചെറിയ വെള്ളച്ചാട്ടങ്ങളുണ്ട്.
Tags : Nattuvishesham District News Beautiful waterfall