നേര്യമംഗലം ഗവ. ഹയർ സെക്കൻഡറി സ്കൂൾ മുറ്റത്ത് ഭീഷണിയായി നിൽക്കുന്ന മരങ്ങൾ.
നേര്യമംഗലം: നേര്യമംഗലം ഗവ. ഹയർ സെക്കൻഡറി സ്കൂൾ മുറ്റത്ത് നിൽക്കുന്ന 30 വർഷത്തിലേറെ പഴക്കമുള്ള മരങ്ങൾ സ്കൂൾ വിദ്യാർഥികൾക്കും വാഹന യാത്രികർക്കും ഭീഷണിയാകുന്നു. വിദ്യാഭ്യാസ വകുപ്പിൽ നിന്നും ജില്ലാ പഞ്ചായത്തിന് വിട്ടുനൽകിയ സ്ഥാപനങ്ങളിൽ ഒന്നാണ് 200ലധികം വിദ്യാർഥികൾ പഠിക്കുന്ന നേര്യമംഗലം ഗവ. ഹയർ സെക്കൻഡറി സ്കൂൾ.
സ്കൂൾ മുറ്റത്ത് നിൽക്കുന്ന നാല് കൂറ്റൻ മരങ്ങൾ കാറ്റ് വീശുമ്പോൾ നിലംപൊത്തുമോ എന്ന് ഭയപ്പെട്ടാണ് വിദ്യാർഥികൾ ക്ലാസുകളിൽ ഇരിക്കുന്നത്. മരങ്ങൾ നേര്യമംഗലം-കുമളി സംസ്ഥാന പാതയോടും ചേർന്നാണ് നിൽക്കുന്നത്. ചെറുതും വലുതുമായ നിരവധി വാഹനങ്ങൾ ഈ വഴി കടന്നു പോകുന്നുണ്ട്.
ജില്ലാ പഞ്ചായത്ത് അധികാരികൾക്ക് നിരവധി തവണ സ്കൂൾ അധികൃതർ രേഖാമൂലം പരാതി നൽകിയെങ്കിലും മരങ്ങൾ സോഷ്യൽ ഫോറസ്ട്രിയിൽ വിവരമറിയിച്ച് അവർ നിശ്ചയിക്കുന്ന തുകയ്ക്ക് ലേലം ചെയ്ത് വെട്ടിമാറ്റുവാൻ അധികാരപ്പെടുത്തുകയായിരുന്നു. രണ്ടുപ്രാവശ്യം സർക്കാർ നിയമങ്ങൾ പാലിച്ച് ലേലം ചെയ്തുവെങ്കിലും സോഷ്യൽ ഫോറസ്ട്രി ആവശ്യപ്പെടുന്ന തുകയ്ക്ക് ലേലം വിളിക്കാൻ ആളുകൾ എത്താത്തതിനാൽ മരംമുറി നടന്നിട്ടില്ല.
മരങ്ങൾ വെട്ടിമാറ്റി സർക്കാർ തടി ഡിപ്പോയിലേക്ക് മറ്റി സൂക്ഷിച്ച് സൗകര്യപ്രദമായി വില്പന നടത്തുകയാണ് ഉചിതം. കാലവർഷം ശക്തിപ്രാപിക്കുന്നതിന് മുമ്പ് മരങ്ങൾ വെട്ടി മാറ്റുന്നതിനുള്ള ക്രമീകരണം ചെയ്യണമെന്നാണ് പ്രധാന ആവശ്യം.
Tags : Local News Nattuvishesham Ernakulam