ഡിവൈഎഫ്ഐ
തൃശൂർ: ഗാർഹികപീഡന പരാതിയിൽ ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് എ.ആർ. ശ്രീകുമാറിനെ അറസ്റ്റ് ചെയ്യണമെന്നു ഡിവൈഎഫ് ഐ. സ്ത്രീസുരക്ഷയെക്കുറിച്ചു വാചാലമാകുകയും സ്വന്തം വീട്ടിലെ സ്ത്രീകളെ വേട്ടയാടുകയും ചെയ്യുന്ന ബിജെപി നേതാക്കളുടെ ഇരട്ടത്താപ്പ് പുറത്തായെന്നും മന്ത്രി ഒ.ജെ. ജനീഷിന്റെ നിലപാട് പ്രതിഷേധാർഹമാണെന്നും ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് ആർ.എൽ. ശ്രീലാൽ, സെക്രട്ടറി കെ.എസ്. റോസൽരാജ് എന്നിവർ പറഞ്ഞു.
കേരള മഹിളാസംഘം
തൃശൂർ: ഭാര്യയെ ക്രൂരമായി മർദിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത ബിജെപി തൃശൂർ സൗത്ത് ജില്ലാ പ്രസിഡന്റ് എ.ആർ. ശ്രീകുമാറിനെ ജാമ്യമില്ലാവകുപ്പ് പ്രകാരം അറസ്റ്റുചെയ്ത് കൽത്തുറുങ്കിൽ അടയ്ക്കണമെന്ന് കേരള മഹിളാസംഘം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. യുവതിക്കു നീതി ലഭിക്കുന്നതുവരെ കേരള മഹിളാസംഘം ജില്ലാ കമ്മിറ്റി പ്രക്ഷോഭരംഗത്തുണ്ടാകുമെന്ന് സെക്രട്ടറി കെ.എസ്. ജയ പത്രക്കുറിപ്പിൽ അറിയിച്ചു.
എവൈഐഎഫ്
തൃശൂർ: സംഭവം അങ്ങേയറ്റം അപലപനീയവും സാംസ്കാരിക കേരളത്തിനു നാണക്കേടുമാണെന്ന് എവൈഐഎഫ്. ഇരയാക്കപ്പെട്ട സഹോദരിക്കു നീതി ലഭിക്കുന്നതുവരെ ശക്തമായി പോരാടുമെന്ന് എഐവൈഎഫ് ജില്ലാ പ്രസിഡന്റ് ബിനോയ് ഷബീർ, ജില്ലാ സെക്രട്ടറി പ്രസാദ് പറേരി എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.
ശ്രീകുമാറിനെ അറസ്റ്റ് ചെയ്യാൻ പാടില്ലെന്നു കോടതി ഉത്തരവ്
മതിലകം: ഭാര്യയെ മർദിച്ചെന്നും കൊലപ്പെടുത്താൻ ശ്രമിച്ചെന്നുമുള്ള കേസിൽ ബിജെപി നേതാവ് എ.ആർ. ശ്രീകുമാറിനെ അറസ്റ്റ് ചെയ്യരുതെന്നു കോടതി ഉത്തരവ്. ജില്ലാ കോടതിയാണ് 16 ദിവസത്തേക്ക് അറസ്റ്റ് വിലക്കിയത്.
ബിജെപിയുടെ പൊള്ളത്തരം പുറത്ത്: ജോണ് ഡാനിയൽ
തൃശൂർ: ഭാര്യയെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതിയായ ബിജെപി തൃശൂർ സൗത്ത് ജില്ലാ പ്രസിഡന്റ് എ.ആർ. ശ്രീകുമാറിനെ സംരക്ഷിക്കുന്നതിലൂടെ നേതൃത്വത്തിന്റെ നാരീശക്തിവന്ദൻ നിലപാടിലെ പൊള്ളത്തരം പുറത്തുവന്നെന്ന് കെപിസിസി സെക്രട്ടറി ജോണ് ഡാനിയൽ. പുതിയ കേരളത്തിൽ നിലനിൽക്കാൻപോലും ബിജെപിക്ക് അവകാശമില്ലെന്നു തെളിയിച്ചെന്നും ക്രിമിനൽ കേസിലെ പ്രതിയായ സുഗതനെ സംരക്ഷിക്കുമെന്ന സംസ്ഥാന പ്രസിഡന്റിന്റെ നിലപാട് ഇതുമായി ചേർത്തുവായിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി നേതാവിനെതിരായ ഭാര്യയുടെ പരാതി ഗൗരവതരം: കെ.വി. അബ്ദുൾ ഖാദർ
തൃശൂർ: ബിജെപി നേതാവ് എ.ആർ. ശ്രീകുമാർ മർദിച്ചെന്ന ഭാര്യയുടെ പരാതി അതീവ ഗൗരവതരമാണെന്നു സിപിഎം ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൽ ഖാദർ. വിഷയത്തിൽ ബിജെപി സംസ്ഥാനനേതൃത്വം മൗനംപാലിക്കുന്നതു പ്രതിഷേധാർഹമാണ്.
മന്ത്രി ഒ.ജെ. ജനീഷിനോട് പരാതിക്കാരിയായ സ്ത്രീ സഹായം അഭ്യർഥിച്ചിട്ടും മന്ത്രി അനുകൂലമായ സമീപനം സ്വീകരിച്ചില്ലെന്നും പരാതി അവഗണിച്ചെന്നും അബ്ദുൽ ഖാദർ വിമർശിച്ചു.
കഴിഞ്ഞ ദിവസമാണ് ശ്രീകുമാറിനെതിരേ പരാതിയുമായി ഭാര്യ പ്രിയങ്ക രംഗത്തുവന്നത്. മർദനം നേരിട്ട താൻ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ എത്തിയെങ്കിലും ചികിത്സ നൽകാതെ ഡോക്ടർ മടക്കി അയച്ചുവെന്നും മന്ത്രി ഒ.ജെ. ജനീഷിനെ ഇക്കാര്യം പരാതിയായി അറിയിച്ചെങ്കിലും സഹായം ലഭിച്ചില്ലെന്നും പ്രിയങ്ക ആരോപിച്ചിരുന്നു.
വ്യക്തിഹത്യയും അപകീർത്തിപ്രചാരണവും ജനാധിപത്യത്തിനു യോജിച്ചതല്ല: എ.ആർ. ശ്രീകുമാർ
തൃശൂർ: ചെറിയൊരു കുടുംബവിഷയത്തെ പർവതീകരിച്ച് രാഷ്ട്രീയലാഭത്തിനായി അപകീർത്തികരമായ വ്യക്തി ഹത്യകൾ നടത്തുകയും അതിനെ ആഘോഷമാക്കി പ്രചരിപ്പിക്കുകയും ചെയ്യുന്നതു തീർത്തും പ്രതിഷേധാർഹമാണെന്നു ബിജെപി തൃശൂർ സൗത്ത് ജില്ലാ പ്രസിഡന്റ് എ.ആർ. ശ്രീകുമാർ പത്രക്കുറിപ്പിൽ പ്രസ്താവിച്ചു.
പത്ര-ദൃശ്യ മാധ്യമരംഗങ്ങളിലും രാഷ്ട്രീയമേഖലയിലും പ്രവർത്തിക്കുന്ന അനേകം വ്യക്തികളുടെ ജീവിതത്തിലും കുടുംബപരമായ പ്രശ്നങ്ങളും അഭിപ്രായവ്യത്യാസങ്ങളും ഉണ്ടായിട്ടുള്ളതും ഉണ്ടായിക്കൊണ്ടിരിക്കുന്നതുമാണ്. എന്നാൽ ഇത്തരം വിഷയങ്ങളെ വ്യക്തിഹത്യയ് ക്കും സാമൂഹിക അധിക്ഷേപത്തിനും ആയുധമാക്കുന്നത് ഒരിക്കലും ന്യായീകരിക്കാനാവില്ല.
രാഷ്ട്രീയഭിന്നതയുടെ പേരിൽ വ്യക്തികളുടെ അന്തസിനെയും കുടുംബങ്ങളുടെ സ്വകാര്യതയെയും ഹനിക്കുന്ന ഇത്തരം നീക്കങ്ങളിൽനിന്ന് ബന്ധപ്പെട്ടവർ പിന്മാറണമെന്നും, പൊതുസമൂഹം ഇത്തരം വിഷലിപ്തമായ പ്രചാരണങ്ങളെ തള്ളിക്കളയണമെന്നും ശ്രീകുമാർ ആവശ്യപ്പെട്ടു.
Tags : nattu vishesham BJP leader should arrested