കോന്നി: വന്യമൃഗശല്യം രൂക്ഷമായ പ്രദേശങ്ങളിൽ വനംവകുപ്പിന്റെ പട്രോളിംഗ് കൂടുതൽ ശക്തമാക്കാനും കൃഷിനഷ്ടം കണക്കാക്കി റിപ്പോർട്ട് ചെയ്യുന്നതിനും ആവശ്യമായ നഷ്ടപരിഹാരം നൽകുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിനും നിർദേശം.
കോന്നിയുടെ വിവിധ ഭാഗങ്ങളിൽ വർധിച്ചുവരുന്ന വന്യമൃഗശല്യം കാരണം ജനങ്ങളുടെ ജീവനും സ്വത്തുക്കളും ഭീഷണി നേരിടുന്ന സാഹചര്യത്തിൽ കെ.യു. ജനീഷ് കുമാർ എംഎൽഎ വിളിച്ചുകൂട്ടിയ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് നടപടികൾക്കു നിർദേശമുണ്ടായത്. വനാതിർത്തികളിൽ നിർമാണം പുരോഗമിക്കുന്ന സോളാർ ഫെൻസിംഗ് മൂന്നുമാസത്തിനുള്ളിൽ പൂർത്തീകരിക്കുന്നതിനും എംഎൽഎ നിർദ്ദേശം നൽകി.
മലയാലപ്പുഴ പഞ്ചായത്തിലെ പുതുക്കുളം, കോന്നി ഗ്രാമപഞ്ചായത്തിലെ ആവോലിക്കുഴി, കലഞ്ഞൂർ പഞ്ചായത്തിലെ പൂമരുതിക്കുഴി, തണ്ണിത്തോട് പഞ്ചായത്തിലെ മണ്ണീറ എന്നിവിടങ്ങളിലാണ് വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്നത്.
ജനവാസ മേഖലകളിൽ ഇറങ്ങുന്ന കാട്ടാനകളെ ഉൾകാടുകളിലേക്ക് കയറ്റിവിടാനും വന അതിർത്തികളിൽ സോളാർ വേലികൾ സ്ഥാപിക്കാനും വന്യജീവി ആക്രമണത്തിൽ കർഷകർക്ക് നഷ്ടപരിഹാരത്തുക ലഭിക്കാനുള്ള കാലതാമസം ഒഴിവാക്കാനും വനാതിർത്തികളിലെ പൊന്തക്കാടുകൾ തെളിക്കാനും വനം വന്യജീവി വകുപ്പിന്റെ നേതൃത്വത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കാൻ യോഗങ്ങളിൽ തീരുമാനമെടുത്തു.
മലയാലപ്പുഴ പുതുക്കുളത്ത് ഫോറസ്റ്റ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കാൻ തീരുമാനമായി. മലയാലപ്പുഴ പഞ്ചായത്തിൽ വന്യമൃഗശല്യം ഉണ്ടായാൽ തണ്ണിത്തോട്ടിൽനിന്ന് വനപാലകർ എത്തേണ്ട സാഹചര്യം ഒഴിവാക്കാനാണ് പുതിയ തീരുമാനം. കൂടാതെ ഫെൻസിംഗും സ്ഥാപിക്കും. വനാതിർത്തിയിൽ അപകട ഭീഷണി ഉയർത്തുന്ന മരങ്ങൾ മുറിച്ചുമാറ്റാനും റോഡുകൾ വീതി കൂട്ടാനും യോഗങ്ങളിൽ തീരുമാനമായി.
വിവിധ യോഗങ്ങളിൽ കെ.യു. ജനീഷ് കുമാർ എംഎൽഎയോടൊപ്പം കോന്നി ഡിഎഫ്ഒ ആയുഷ് കുമാർ കോറി, പഞ്ചായത്ത് പ്രസിഡന്റുമാരായ ബിന്ദു പ്രദീപ്, എസ്.രാജേഷ്, ലില്ലി ബാബു, കോന്നി ഡിവൈഎസ്പി ജോസ്, കോന്നി തഹസിൽദാർ അജേഷ്, റേഞ്ച് ഫോറസ്റ്റ് ഓഫീസർമാരായ രഞ്ജിത്ത് ശശീന്ദ്രകുമാർ അജേഷ്, അരുൺ, വിവിധ ജനപ്രധിനിധികൾ, മലയാലപ്പുഴ, കോന്നി, കൂടൽ, തണ്ണിത്തോട് പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർമാർ എന്നിവർ പങ്കെടുത്തു.