കൊല്ലം: ആര്യങ്കാവ് വനത്തിനുള്ളിലെ രാജാത്തോട്ടം പശ്ചിമഘട്ട മലനിരകളാൽ അതിമനോഹരമാണ്. പക്ഷേ, അടുത്ത് എത്തി കാലൊന്നു വഴുതിയാൽ അപകടത്തിലേക്ക് വഴിമാറും. വന്യമൃഗങ്ങളുടെയും താവളമാണിത്. ഇവിടെയാണ് കണ്ണുപുളിമെട്ടിലെ ഗുണ്ടാർ ഡാമും. അബദ്ധത്താൽ കാൽവഴുതിയാൽ വീഴുന്നത് അഗാധമായ താഴ്ചയിലേക്കാവും. ഇവരെ കണ്ടെത്താൻ പിന്നെ തമിഴ്നാട് വനംവകുപ്പിന്റെ സഹായം തേടണം.
നിരോധിത മേഖലയായി കേരള വനംവകുപ്പ് പ്രഖ്യാപിച്ചിട്ടുള്ള രാജാത്തോട്ടം (രാജാക്കൂപ്പ്) വനമേഖലയിലേക്കു വിനോദ സഞ്ചാരികൾ പോകുന്നത് കർശനമായി വിലക്കിയിട്ടുള്ളതാണ്.
ശനിയാഴ്ചയും ഇവിടേക്ക് അനധികൃതമായി പ്രവേശിച്ച രണ്ടു യുവാക്കൾ രാത്രിയിൽ വഴിതെറ്റുകയും വനത്തിനുള്ളിൽ കുടുങ്ങുകയും ചെയ്തിരുന്നു. വനപാലകരും വാച്ചുമാന്മാരും മണിക്കൂറുകള്‍ നടത്തിയ തെരച്ചിലിനെ തുടർന്നാണ് അഞ്ചാലുംമൂട് സ്വദേശികളായ യുവാക്കളെ കണ്ടെത്താനായത്. രാജാത്തോട്ടത്തിലേക്കുള്ള പ്രവേശന കവാടത്തിൽ അവധി ദിവസങ്ങളിൽ ഒഴികെ വനപാലകരെ ഡ്യൂട്ടിക്കു നിയോഗിക്കാത്തതാണ് ട്രക്കിംഗിന് യുവാക്കൾക്ക് അനധികൃതമായി കയറിപ്പറ്റാൻ സഹായമാകുന്നത്. പ്രദേശവാസികൾ വിലക്കിയാലും ആളുകൾ കയറുന്നു.
വനംവകുപ്പിന്റെ കടമാൻപാറ ചന്ദന സ്റ്റേഷന്റെ പരിധിയിലാണ് ഇവിടം. പ്രവൃത്തി ദിവസങ്ങളിൽ ഇവിടെ വനപാലകരുടെ ഡ്യൂട്ടിയില്ല.
ആര്യങ്കാവിൽനിന്ന് റോസ്മലയ്ക്ക് എന്ന പേരിൽ മലകയറി വരുന്ന പകുതിയിലേറെ പേരും രാജാത്തോട്ടത്തിലേക്ക് അനധികൃതമായി പ്രവേശിക്കുന്നതാണ് പതിവ്. ഇവിടേക്കുള്ള പ്രവേശനം ശിക്ഷാർഹമാണെന്ന ബോർഡിന്റെ മുന്നിലൂടെയാണ് അനധികൃതമായി ആളുകൾ കുത്തനെയുള്ള മല കയറുന്നത്. ഇവിടെ തുടക്കത്തിൽ ജനവാസമുണ്ട്. ഇവിടെ ബൈക്ക് വച്ചശേഷമാണ് പുൽമേട് കയറ്റം. ഇവിടെനിന്ന് 800 മീറ്റര്‍ പുൽമേടാണ്.
ആറാം തവണ
അനധികൃതമായി കയറുന്നവരെ കാണാതാവുന്ന ആറാമത്തെ സംഭവമാണ് ഇതെന്ന് വനപാലകർ ചൂണ്ടികാട്ടുന്നു. രാജാത്തോട്ടം വനത്തിനുള്ളിൽ ശനിയാഴ്ച കാണാതായവരെ വനപാലകരും ആർആർടി അംഗങ്ങളും കണ്ടെത്തിയത് വളരെ കഷ്ടപ്പെട്ടാണ്. ചാറ്റൽ മഴയും മൂടൽ മഞ്ഞും തിരിച്ചടിയായി.
വഴിതെറ്റിയ യുവാക്കൾ ലൊക്കേഷൻ നാട്ടിലെ സുഹൃത്തുക്കൾക്ക് മൊബൈലിൽ അയച്ചുകൊടുക്കുകയായിരുന്നു.സംഭവമറിഞ്ഞ് ആര്യങ്കാവ് റേഞ്ചിലെ ഇരുപത് ഉദ്യോഗസ്ഥരും വാച്ചുമാന്മാരും മലകയറി.
ഇതിനിടെ വഴിതെറ്റിയ യുവാക്കളുടെ മൊബൈൽ ഫോണ്‍ സ്വിച്ച്ഓഫ് ആയതും വനപാലകരുടെ ഫോണിൽ സിഗ്നൽ കിട്ടാതായതും പ്രതിസന്ധിയായി. ഒടുവിൽ രാത്രി ഒന്‍പതോടെ പാറയോട് ചേർന്ന് അഭയംപ്രാപിച്ച യുവാക്കളെ കണ്ടെത്തുകയായിരുന്നു.
ഏഴ് മാസം മുന്‍പ് ഇവിടെ കാണാതായ മൂന്നുപേരെ തമിഴ്നാട് വനംവകുപ്പിന്റെ സഹായത്താലാണ് കണ്ടെത്തിയത്.അവധി ദിവസങ്ങളിൽ വനപാലകർ ഡ്യൂട്ടിക്ക് എത്തുമെന്നറിഞ്ഞാണ് യുവാക്കൾ പുലർച്ചെ നിരോധിത മേഖലയില്‍ കയറിക്കൂടുന്നതും നിത്യസംഭവമാണ്.
കടുത്ത നിയന്ത്രണങ്ങളുമായി വനംവകുപ്പ്
ആര്യങ്കാവ് : വനം വകുപ്പ് ആര്യങ്കാവ് റേഞ്ചില്‍ ഉള്‍പ്പെടുന്ന രാജാത്തോട്ടം വനമേഖലയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.
അനധികൃതമായി നിരവധിയാലുകള് ഇവിടെ ഉള്‍ക്കാട്ടില്‍ പ്രവേശിക്കുകയും ചിലര്‍ വനത്തിനുള്ളില്‍ കുടുങ്ങുകയും ചെയ്ത സാഹചര്യത്തിലാണ് കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ വനം വകുപ്പ് തീരുമാനിച്ചത്.
നിയന്ത്രണങ്ങളുടെ ഭാഗമായി രാജാത്തോട്ടം വനംസംരക്ഷണ സമിതി അംഗങ്ങളെ നിയോഗിച്ച് രാജാത്തോട്ടം ഭാഗത്തേക്കുള്ള പ്രവേശന മേഖലയിൽ താൽകാലിക ചെക്ക്പോസ്റ്റ് സ്ഥാപിക്കുന്നതിനു തീരുമാനിച്ചു. ചെക്ക്പോസ്റ്റില്‍ ജോലി ചെയ്യുന്ന വനം സംരക്ഷണ സമിതി അംഗങ്ങള്‍ക്കു യൂണിഫോം, വേതനം എന്നിവ ഉറപ്പാക്കും.
തമിഴ്നാട് ഭാഗത്തു നിന്നും വനത്തിലേക്ക് കടക്കുന്നത് തടയാൻ ചെങ്കോട്ട റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ക്ക് കത്തു നൽകും. അവധി ദിവസങ്ങളിൽ രണ്ട് പേരും മറ്റു ദിവസങ്ങളിൽ ഒരാൾ വീതവും ചെക്ക്പോസ്റ്റില്‍ ഉണ്ടാകും. അനധികൃതമായി വനത്തില്‍ കടന്നാലോ വനം കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടാലോ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് സ്ഥലം സന്ദര്‍ശിച്ച ബന്ധപ്പെട്ട് തെന്മല ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അനിൽ ആന്റണി പറഞ്ഞു.
ആളുകള്‍ വനഭാഗത്ത് കുടുങ്ങുന്നത് ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി ഡിഎഫ്ഒയുടെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിച്ചു. രാജാത്തോട്ടം വനമേഖലയിൽ അനധികൃതമായി പ്രവേശിച്ചതിനെ തുടർന്ന് വനത്തിനുള്ളിൽ കുടുങ്ങിയ യുവാക്കളെ രണ്ട് ദിവസം മുമ്പ് വനപാലകർ ദീർഘ നേരം നടത്തിയ തെരച്ചിലിനൊടുവില്‍ അർധരാത്രിയോട് കൂടി കണ്ടെത്തിയിരുന്നു.