ജലസംരക്ഷണവും സുരക്ഷയും ലക്ഷ്യമിട്ട് ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് നടത്തിയ ജല സുരക്ഷാ-സാക്ഷരത കാമ്പയിന്റെ ആലോചനാ യോഗത്തിൽ നിന്ന്.
ഇരിട്ടി: ഭൂഗർഭ ജല വിതാനം ഉയർത്തുക, ജലസാക്ഷരതയും ജല സുരക്ഷയും ഉറപ്പാക്കുക എന്നിവ ലക്ഷ്യമിട്ട് ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ജല സുരക്ഷാ-സാക്ഷരത കാമ്പയിന് രൂപം നൽകി. ബ്ലോക്ക് പരിധിയിലെ തോടുകൾ, പുഴകൾ, പഴശി അണക്കെട്ട് എന്നിവ മാലിന്യമുക്തമാക്കൽ, ഭൂജല സുസ്ഥിരത കൈവരിക്കൽ, കുടിവെള്ള ലഭ്യത ഉറപ്പ് വരുത്തൽ, ജല സാക്ഷരതാ വ്യാപനം തുടങ്ങിയ ലക്ഷ്യങ്ങളാണ് കാമ്പയിൻ വിഭാവനം ചെയ്യുന്നത്.
ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന ഈ പദ്ധതിയിൽ ബ്ലോക്ക് പരിധിയിലെ എല്ലാ പഞ്ചായത്ത് ഭരണ സമിതികളും പങ്കാളികളാകും. ആലോചന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി. സരള അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് എം. സുമേഷ്, പഞ്ചായത്ത് പ്രസിഡന്റുമാരായ ഇ. സജീവൻ, മുരളിധരൻ കൈതേരി, സി. സജീവൻ, എം. വിനോദ് കുമാർ, മിനി വിശ്വനാഥൻ, വി.ശോഭ, തൊഴിലുറപ്പ് പദ്ധതി ജെപിസി രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എം. പൊന്നപ്പൻ, ഹരിത കേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഇ.കെ. സോമശേഖരൻ, ബ്ലോക്ക് കോ-ഓർഡിനേറ്റർ ജയപ്രകാശ് പന്തക്ക എന്നിവർ പ്രസംഗിച്ചു.
കാമ്പയിനിൽ ഗ്രന്ഥശാലാ സംഘങ്ങൾ, കോളജ്-സ്കൂൾ എൻഎസ്എസ് അംഗങ്ങൾ, മത സ്ഥാപനങ്ങൾ, വ്യാപാരി വ്യവസായി സംഘടനകൾ, വിവിധ സർക്കാർ വകുപ്പുകൾ, സഹകരണ ബാങ്കുകൾ, റസിഡൻസ് അസോസിയേഷനുകൾ, കുടുംബശ്രീ അയൽക്കൂട്ടങ്ങൾ എന്നിവ പങ്കാളികളാകും. ബ്ലോക്ക്തലത്തിലും പഞ്ചായത്ത് തലത്തിലും സംഘാടക സമിതികൾ രൂപീകരിക്കും. ജൂൺ അഞ്ച് പരിസ്ഥിതി ദിനത്തിൽ കാമ്പയിൻ ഉദ്ഘാടനം ചെയ്യും.