വടകര: കടലിന്റെ അടിത്തട്ടിലുള്ള ജങ്കാറിന്റെ അവശിഷ്ടത്തില്‍ തട്ടി വള്ളം തകര്‍ന്നു. മത്സ്യത്തൊഴിലാളികളെ തൊട്ടടുത്തുണ്ടായിരുന്ന മറ്റു വള്ളക്കാര് രക്ഷപ്പെടുത്തി മാഹി ഹാര്‍ബറിലെത്തിച്ചു.
ചോമ്പാല ഹാര്‍ബറില്‍ നിന്നു മത്സ്യബന്ധനത്തിന് പോയ കുരിയാടിയിലെ ഏറ്റുമാനൂരപ്പന് എന്ന ഫൈബര്‍ വള്ളമാണ് അപകടത്തില്‍പ്പെട്ടത്. ഞായറാഴ്ച പുലര്‍ച്ചെ അഞ്ചിന് 15 ഓളം മത്സ്യതൊഴിലാളികളുമായി പോയ വള്ളം ഏഴുമണിയോടെ ചോമ്പാല്‍ ഹാര്‍ബറിന് വടക്ക് മൂന്ന് നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടത്തിൽ പെട്ടത്. കടലിന്റെ അടിത്തട്ടിലുള്ള ജങ്കാറില്‍ തട്ടി തകര്‍ന്ന വള്ളം വെള്ളത്തിനടിയിലേക്ക് താണുപോവുകയായിരുന്നു.
ബഹളം കേട്ട് അടുത്തുണ്ടായിരുന്ന വള്ളക്കാര് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തുകയും വള്ളത്തിന്റെ ഭാഗങ്ങള്‍ കെട്ടിവലിച്ച് മാഹി ഹാര്‍ബറില്‍ എത്തിക്കുകയും ചെയ്തു. വള്ളം തകര്‍ന്നതു കൂടാതെ ഇതിലുണ്ടായിരുന്ന മൂന്ന് ഔട്ട് ബോര്‍ഡ് എന്‍ജിനുകള്‍, എക്കോ സൗണ്ട് കാമറ, എന്ജിന് വീഞ്ച് തുടങ്ങിയ ഉപകരണങ്ങള്‍ പ്രവര്‍ത്തനക്ഷമമല്ലാതായി. ഏകദേശം പത്ത് ലക്ഷം രൂപയോളം നഷ്ടമുണ്ടായതാണ് കണക്ക്. തലശേരി തീരദേശ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. അവരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് വടകര തീരദേശ പോലീസ് സ്റ്റേഷനിലും വടകര ഫിഷറീസ് ഓഫീസിലും പരാതി നല്കി.