ചമ്പക്കുളം: കുട്ടനാടൻ ജനത ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പുതിയ സർക്കാരിന്റെ ആദ്യ ബജറ്റിൽ കുട്ടനാടിനുവേണ്ടി ഒന്നുമില്ല. കുട്ടനാട് എന്ന ഒരു വാക്കുപോലും ഉപയോഗിച്ചിട്ടില്ല എന്ന പ്രത്യേകതയും എടുത്തു പറയേണ്ടിയിരിക്കുന്നു. കേരളത്തിലെ കാർഷികമേഖലയുടെ കാര്യം പറയുന്ന അവസരത്തിൽ നെല്ലുവില സമയബന്ധിതമായി നല്കും എന്നൊരു പ്രഖ്യാപനം മാത്രമാണ് നെൽകർഷകരെ സംബന്ധിച്ച് ബജറ്റിൽ പ്രതിപാദിക്കുന്നുള്ളൂ.
കഴിഞ്ഞ ഫെബ്രുവരി 26ന് അന്ന് പ്രതിപക്ഷനേതാവായിരുന്ന മുഖ്യമന്ത്രി വി.ഡി. സതീശൻ പുതുയുഗയാത്രയുടെ അവസരത്തിൽ രാമങ്കരിയിൽ നല്കിയ സ്വീകരണത്തിൽ കുട്ടനാട് ഡവലപ്മെന്റ് അഥോറിറ്റി കുട്ടനാടൻ ജനതയ്ക്ക് വാഗ്ദാനം ചെയ്തിരുന്നു. അതുപോലും ബജറ്റിൽ ഉൾപ്പെടുത്താതെ പോയത് കുട്ടനാടൻ ജനതയിൽ രാഷ്ട്രീയഭേദമെന്യേ അമർഷത്തിന് ഇടയാക്കിയിട്ടുണ്ട്.
കഴിഞ്ഞ കുറേ വർഷങ്ങളായി കുട്ടനാടൻ ജനത അനുഭവിക്കുന്ന വെള്ളപ്പൊക്ക, വെള്ളക്കെട്ട് ദുരിതത്തിന് പരിഹാരമെന്ന നിലയിൽ ഒരു ചെറു പദ്ധതി പോലും ബജറ്റിൽ പറയുന്നില്ല. ആഴം കുറഞ്ഞ കുട്ടനാട്ടിലെ നദികളിലേയും കായലുകളിലേയും മണ്ണും എക്കലും നീക്കം ചെയ്യുന്നതിനുള്ള നടപടികളും ബജറ്റിൽ പ്രതീക്ഷിച്ചിരുന്നെങ്കിലും അക്കാര്യത്തിലും മൗനം മാത്രം.
ദേശീയ അംഗികാരം നേടിയ കുട്ടനാടൻ താറാവിന്റെ വിപണനത്തിന് പ്രോത്സാഹനം പ്രതീക്ഷിച്ച താറാവ് കർഷകരുടെ പ്രതീക്ഷയും അസ്ഥാനത്തായി. അർത്തുങ്കൽ ബസിലിക്ക, അമ്പലപ്പുഴ ക്ഷേത്രം, കാക്കാഴം പള്ളി, മണ്ണാറശാല, കൃഷ്ണപുരം കൊട്ടാരം, മാതാ അമൃതാനന്ദമയി മഠം, ഓച്ചിറ ക്ഷേത്രം തുടങ്ങിയ തീർഥാടന കേന്ദ്രങ്ങളെ ബന്ധപ്പെടുത്തി തീർഥാടന ടൂറിസം സർക്യൂട്ട് പദ്ധതി നടപ്പിലാക്കിയതിൽ 1600 വർഷം പഴക്കമുള്ള ചമ്പക്കുളം കല്ലൂർക്കാട് ബസിലിക്കയെ ഉൾപ്പെടുത്താത്തതിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
Tags : Budget Nattuvishesham District News